ഗെയില്‍: സര്‍ക്കാര്‍ നിലപാടില്‍ ഇരകള്‍ക്ക് ആശങ്ക
text_fieldsമലപ്പുറം: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍െറ (ഗെയില്‍) എല്‍.എന്‍.ജി പൈപ്പ്ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം ഇരകള്‍ക്കിടയില്‍ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു. ജനവാസ മേഖലയിലൂടെ പൈപ്പിടാനുള്ള നീക്കം പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ നടത്തിയ നീക്കങ്ങളാണ് പ്രദേശവാസികളില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും പെട്രോനെറ്റ് എം.ഡി പ്രഭാത് സിങും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയും എം.ഡിയില്‍ നിന്ന് മുഖ്യമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി മലപ്പുറം ജില്ലയില്‍ പൈപ്പ്ലൈന്‍ കടന്നുപോകുന്നത് ജനവാസ മേഖലയിലൂടെയാണ്. ഇതാണ് മലപ്പുറത്ത് കടുത്ത പ്രതിഷേധമുയരാന്‍ കാരണം. മലപ്പുറം മുനിസിപ്പാലിറ്റി, മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഭാഗങ്ങള്‍, ഇരിമ്പിളിയം, വളാഞ്ചേരി, എടയൂര്‍, മാറാക്കര, പൊന്മള, കോഡൂര്‍, പൂക്കോട്ടൂര്‍, പുല്‍പറ്റ, കാവനൂര്‍, അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളിലൂടെയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. ശക്തമായ ജനകീയ സമരങ്ങളാണ് പൈപ്പ്ലൈനെതിരെ ഈ പ്രദേശങ്ങളില്‍ ഉയര്‍ന്നത്. പൊന്മള പഞ്ചായത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സമരം ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് അധികൃതര്‍ സര്‍വേ നടപടികളില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറിയത്.
ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാതെ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതേസമയം, ജനവാസ മേഖലയില്‍ നിന്ന് പദ്ധതി ഒഴിവാക്കിയുള്ള വ്യക്തമായ രൂപരേഖയില്ലാതെ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറല്ളെന്ന നിലപാടിലാണ് പ്രദേശവാസികള്‍. അധികൃതര്‍ പലതും മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് അവരെ കൂടുതല്‍ പ്രകോപിതരാക്കുന്നു. നഷ്ടപരിഹാരം എന്നതിലപ്പുറം സുരക്ഷാ പ്രശ്നങ്ങളും മറ്റുമാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. പൈപ്പ്ലൈന്‍ കടന്നുപോകുന്നതിന്‍െറ 500 മീറ്റര്‍ ദൂരെ ഭൂമിയുള്ള കോഡൂര്‍ പഞ്ചായത്ത് നിവാസിക്ക് ഇക്കാരണം പറഞ്ഞ് വീട് വെക്കാന്‍ അനുമതി ലഭിക്കാത്ത പ്രശ്നവും അവര്‍ ചൂണ്ടിക്കാട്ടുന്നു. എതിര്‍പ്പുമായി രംഗത്തു വന്നവരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമുണ്ട്. പാര്‍ട്ടികളുടെ ഒൗദ്യോഗിക നിലപാട് എന്തായാലും പ്രദേശവാസികളെന്ന നിലയില്‍ സമരരംഗത്ത് ഉറച്ചു നില്‍ക്കാനാണ് അവരുടെ തീരുമാനം.
ജനങ്ങളുടെ ആശങ്ക ദുരീകരിച്ച് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്നതാണ് മുസ്ലിം ലീഗിന്‍െറ നിലപാടെന്ന് ലീഗ് ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുള്ള ബദല്‍ മാര്‍ഗത്തെക്കുറിച്ചും ആലോചിക്കണം. ബന്ധപ്പെട്ടവരുടെയെല്ലാം യോഗം വിളിച്ച് ഇതിന്‍െറ സാങ്കേതിക വശങ്ങള്‍ വിദഗ്ധര്‍ തന്നെ ബോധ്യപ്പെടുത്തണം. വ്യക്തമായ പഠനം ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ദോഷമുണ്ടാക്കാതെ പദ്ധതി നടപ്പാക്കണമെന്നാണ് പാര്‍ട്ടി നയമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെങ്കില്‍ പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.