നോമ്പ് യാഥാര്‍ഥ്യമാക്കാന്‍
text_fieldsഇസ്ലാമിക ദര്‍ശനത്തെ ഹൃദയംഗമായി സ്വീകരിച്ച വിശ്വാസികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ജീവിതത്തിലെ കുറവുകള്‍ പരിഹരിക്കുന്നതിനും നഷ്ടപ്പെട്ട നന്മകള്‍ വീണ്ടെടുക്കുന്നതിനും ശക്തമായി പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സമ്പൂര്‍ണ മാസമാണ് റമദാന്‍. പ്രവാചകന്‍ മുഹമ്മദ് നബി ഈ മാസത്തില്‍ ജീവിച്ചിരിക്കാന്‍ അതിയായി ആഗ്രഹിക്കുകയും അതിനായി രണ്ടുമാസം മുമ്പേ ഒരുങ്ങുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നതോടൊപ്പം തന്‍െറ അനുചരന്മാരെ ഈ മാസം നന്മകള്‍കൊണ്ട് സമ്പന്നമാക്കുന്നതിന് അതീവ പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഓരോ നന്മക്കും പതിന്മടങ്ങ് പ്രതിഫലമാണ് പടച്ചവന്‍ നല്‍കുന്നതെങ്കില്‍ നോമ്പിന്‍െറ പ്രതിഫലം അതിനേക്കാള്‍ മഹത്തരവും വമ്പിച്ചതുമാണെന്നും നോമ്പുകാര്‍ക്ക് മാത്രമായി സ്വര്‍ഗ പ്രവേശത്തിന് പ്രത്യേക കവാടം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ഓരോ നോമ്പിനും പകരമായി പടച്ചവന്‍െറ സല്‍ക്കാരം സ്വര്‍ഗത്തില്‍ ലഭിക്കുമെന്നും പ്രവാചകന്‍ പഠിപ്പിച്ചു.
റമദാന്‍ വ്രതം അകാരണമായി ഉപേക്ഷിക്കുന്നത് അത്യന്തം നാശത്തിനും ശിക്ഷക്കും കാരണമായി തീരുമെന്നും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കി. ഹദീസ് പണ്ഡിതനായ ഇമാം ഹാകിം ഉദ്ധരിക്കുന്നു: രണ്ടു മലക്കുകളുടെ നിര്‍ദേശപ്രകാരം അവരുടെ കൂട്ടത്തില്‍ തിരുനബി കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു പര്‍വതത്തിന്‍െറ മുകളില്‍ കഷ്ടപ്പെട്ട് കയറി ചെന്നപ്പോള്‍ അവിടെനിന്നും വലിയ ശബ്ദത്തിലുള്ള നിലവിളിയും അലറിക്കരച്ചിലും കേട്ട് ചോദിച്ചു. ആരുടേതാണീ കരച്ചില്‍? കൂട്ടത്തിലുള്ളവര്‍ പറഞ്ഞു. ഈ വിലാപം നോമ്പ് നഷ്ടപ്പെടുത്തിയ നരകവാസികളുടേതാണ്. കുറച്ച് മുന്നോട്ട് നീങ്ങിയ നബിയും കൂട്ടരും ആ നരകവാസികളുടെ കുതികാല്‍ ഞരമ്പുകളില്‍ കെട്ടിത്തൂക്കപ്പെട്ട നിലയിലും അവരുടെ കവിളുകള്‍ കീറി ചോര ഒലിക്കുന്നതായുമുള്ള അസഹനീയ രംഗം നേരിട്ട് കാണുകയും ചെയ്തു (സ്വഹീഹ്).
ചുരുക്കത്തില്‍, നോമ്പനുഷ്ഠിക്കുന്ന വിശ്വാസികള്‍ക്ക് വമ്പിച്ച കൂലിയും സമുന്നത സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത പ്രവാചകന്‍ നോമ്പുപേക്ഷിക്കുന്നവര്‍ക്ക് കഠിന ശിക്ഷയെപ്പറ്റിയുള്ള താക്കീതും നല്‍കിയിട്ടുണ്ട്. ഈ വാഗ്ദാനങ്ങള്‍ കൊതിച്ചുകൊണ്ടും താക്കീതുകള്‍ ഭയന്നുകൊണ്ടും കഴിവിന്‍െറ പരമാവധി നല്ലനിലയില്‍ നോമ്പനുഷ്ഠിക്കാന്‍ വിശ്വാസി സമൂഹം ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. നോമ്പ് അര്‍ഹിക്കുന്ന തരത്തില്‍ പ്രയോജനപ്പെടുത്തുന്നതിന് വിശുദ്ധ ഖുര്‍ആന്‍ നാലു നിര്‍ദേശങ്ങള്‍ നല്‍കുന്നു.
ഒന്ന്; ഖുര്‍ആന്‍ പാരായണവും ശ്രവണവും നടത്തുക, അതിന്‍െറ സന്ദേശം ഗ്രഹിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും പരിശ്രമിക്കുകയും ചെയ്യുക. രണ്ട്; ദുആ -ദിക്റുകള്‍ വര്‍ധിപ്പിക്കുക. പുലര്‍ക്കാലം, പ്രഭാതം, പ്രദോഷം നമസ്കാരങ്ങള്‍ക്ക് മുമ്പും ശേഷവും ഇതര സന്ദര്‍ഭങ്ങളിലും മനസാവാചാ ദുആ-ദിക്റുകള്‍ ചൊല്ലിക്കൊണ്ടിരിക്കുക. മൂന്ന്; നോമ്പിന്‍െറ നിയമങ്ങളും മര്യാദകളും പാലിക്കുക. പകല്‍ സമയങ്ങളില്‍ ആഹാര- പാനീയങ്ങള്‍ ഉപേക്ഷിക്കുകയും വികാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുക. കണ്ണ്, കാത്, നാക്ക്, വയര്‍ ഇതര അവയവങ്ങള്‍ എന്നിവ സൂക്ഷിക്കുക. നാല്; നമസ്കാര സ്ഥലങ്ങളില്‍ അധികമായി കഴിഞ്ഞ് കൂടുക. നാലാമത്തെ നിര്‍ദേശം മറ്റ് മൂന്നു നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിന് ഏറ്റം സഹായകമായത് കൂടിയാണ്. ഈ നിര്‍ദേശങ്ങളനുസരിച്ച് ഓരോ നോമ്പും അനുഷ്ഠിക്കുന്നതിന് കാരുണ്യവാനായ അല്ലാഹു നമുക്കോരോരുത്തര്‍ക്കും കരുത്തേകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.