ഡീസൽ വാഹന നിയന്ത്രണത്തിന് ഹൈകോടതി സ്റ്റേ
text_fieldsകൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധവും നിയന്ത്രണവും ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈകോടതിയുടെ സമ്പൂര്‍ണ സ്റ്റേ. 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ കേരളത്തിലെ നഗര റോഡുകളില്‍ ഓടാന്‍ അനുവദിക്കരുതെന്നും വ്യക്തമാക്കി മേയ് 23ന് പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ സ്റ്റേ ചെയ്തത്. 2000 സി.സിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിരോധം ഏര്‍പ്പെടുത്തിയത് നേരത്തേ സ്റ്റേ ചെയ്തിരുന്നു.
മലിനീകരണം സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകളില്ലാതെയും പരാതിക്കാരന്‍ ആവശ്യപ്പെടാതെയും പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നതല്ളെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഇടക്കാല ഉത്തരവ്. ഗ്രീന്‍ ട്രൈബ്യൂണല്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചശേഷം കേസ് അന്തിമവാദം നടത്തും. വാഹന നിര്‍മാതാക്കളുടെ കേന്ദ്ര സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോബൈല്‍സ് മാനുഫാക്ചറേഴ്സ്, വാഹന ഡീലര്‍മാരായ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുടമാ അസോസിയേഷന്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഉത്തരവ് ദോഷകരമായി ബാധിക്കുന്നവരെ കേള്‍ക്കാതെ പുറപ്പെടുവിച്ച ഉത്തരവ് മോട്ടോര്‍ വാഹന നിയമങ്ങളിലെ വ്യവസ്ഥകള്‍ക്ക് എതിരുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
ട്രൈബ്യൂണലിന്‍െറ ഡീസല്‍ വാഹന നിരോധ ഉത്തരവിന് കാരണമായ ഹരജി നല്‍കിയ അഭിഭാഷകരുടെ പാരിസ്ഥിതിക സംഘടനയായ ലോയേഴ്സ് എന്‍വയണ്‍മെന്‍റ് അവയര്‍നസ് ഫോറം (ലീഫ്) വാഹന നിരോധമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. വാക്കാല്‍ ഈ ആവശ്യമുന്നയിച്ചത് ഹരജി പരിഗണനക്ക് വന്ന ദിവസം തന്നെ ട്രൈബ്യൂണല്‍ അനുവദിക്കുകയായിരുന്നു. മോട്ടോര്‍ വാഹന നിയമ പ്രകാരം റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് വാഹനങ്ങളുടെ കാര്യത്തില്‍ നിയന്ത്രണാധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ച് 15 വര്‍ഷം പഴക്കമുള്ള സ്റ്റേജ് കാര്യേജ് ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഉത്തരവിട്ടിരുന്നുവെന്നും രണ്ട് വര്‍ഷം സമയം അനുവദിച്ച ശേഷമാണ് നടപ്പാക്കിയതെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് എതിരാണ് ട്രൈബ്യൂണലിന്‍െറ ഉത്തരവെന്ന് കോടതി വിലയിരുത്തി.
മോട്ടോര്‍ തൊഴിലാളി പണിമുടക്ക് മാറ്റി
തിരുവനന്തപുരം: ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ സംയുക്തമായി 21ന് നടത്താന്‍ തീരുമാനിച്ച മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവെച്ചതായി സംയുക്ത സമര സമിതി അറിയിച്ചു. ഹരിത ട്രൈബ്യൂണല്‍ വിധി ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.