കുടിവെള്ളം മലിനീകരിച്ചതിന് കൊക്കക്കോള കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു
text_fieldsപാലക്കാട്: പ്ളാച്ചിമടയിലെ കുടിവെള്ള സ്രോതസ്സുകള്‍ മലിനീകരിച്ചതിന് കൊക്കക്കോള കമ്പനി അധികൃതര്‍ക്കെതിരെ പട്ടികജാതിവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു. മീനാക്ഷിപുരം പൊലീസാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്ളാച്ചിമട കോള കമ്പനി യൂനിറ്റ്, കേരള ഘടകം കൊച്ചി റീജനല്‍ ഓഫിസ്, ഡല്‍ഹിയിലെ നോയ്ഡ ആസ്ഥാനത്തെ അഖിലേന്ത്യാ തലവന്മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
പ്ളാച്ചിമട കൊക്കക്കോള കമ്പനി 2000 മുതല്‍ തങ്ങളുടെ ഉല്‍പാദന പ്രക്രിയയുടെ ദോഷങ്ങളും കമ്പനി ഉണ്ടാക്കുന്ന മലിനീകരണങ്ങളെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിട്ടും അമിതമായ ജലചൂഷണം നടത്തിയെന്ന നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് കേസ്. കമ്പനി ഊറ്റിയെടുത്ത ജലത്തിലുള്ള ഖരമാലിന്യങ്ങള്‍ അലക്ഷ്യമായി കോമ്പൗണ്ടിനകത്ത് നിക്ഷേപിച്ചതു വഴി ഭൂഗര്‍ഭജലത്തില്‍ മാലിന്യം കലര്‍ന്ന് ആദിവാസികളുടെ കുടിവെള്ള സ്ത്രോസ്സുകള്‍ മലിനമാക്കുകയും കുടിവെള്ളം മുട്ടിക്കുകയും ചെയ്തു എന്നും പരാതിയിലുണ്ട്. 1989ലെ പട്ടികജാതിവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തത്. ആദ്യമായാണ് കോളകമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സമരനായിക പരേതയായ മയിലമ്മയുടെ മകന്‍ തങ്കവേലു, പഞ്ചായത്ത് കിണറിലെ കുടിവെള്ളം ശേഖരിച്ചിരുന്ന വിജയനഗര്‍, പ്ളാച്ചിമട കോളനികളിലെ 23 കുടുംബങ്ങള്‍, ഇതിന് പുറമെ കുഴല്‍ കിണറുകളില്‍നിന്ന് വെള്ളം എടുത്ത് ഉപയോഗിച്ചിരുന്ന 18 കുടുംബങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. മീനാക്ഷിപുരം പൊലീസ് നാട്ടുകാരില്‍നിന്ന് മൊഴി രേഖപ്പെടുത്തി മാസങ്ങളായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ വീണ്ടും കേന്ദ്ര പട്ടികജാതിവര്‍ഗ കമീഷന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര കമീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.