ക്ളാസ് കയറ്റം നല്‍കിയില്ല; വിദ്യാര്‍ഥിക്ക് 25000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
text_fieldsകൊച്ചി: ഏഴാം ക്ളാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാതിരുന്ന വിദ്യാര്‍ഥിക്ക് സ്കൂള്‍ മാനേജ്മെന്‍റ് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി. സ്ഥാനക്കയറ്റം നല്‍കണമെന്ന സര്‍ക്കാര്‍, ബാലാവകാശ കമീഷന്‍ ഉത്തരവുകള്‍ അവഗണിച്ചതിന് ഹരജിക്കാരിക്ക് കോടതിച്ചെലവായി 10,000 രൂപ നല്‍കാനും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. ചേര്‍ത്തല പട്ടണക്കാട് സെന്‍റ് ജോസഫ് പബ്ളിക് സ്കൂളിലെ വിദ്യാര്‍ഥി അക്വിന്‍ വിക്ടറിന് നഷ്ടപരിഹാരം നല്‍കാനാണ് കോടതി നിര്‍ദേശം. ഒരു മാസത്തിനകം നഷ്ടപരിഹാരത്തുക വിദ്യാര്‍ഥിക്ക് 18 വയസ്സാകുന്നതുവരെ കാലയളവില്‍ സ്ഥിരമായി നിക്ഷേപിക്കണം. അതില്‍നിന്നുള്ള പലിശ പഠനാവശ്യത്തിന് വിനിയോഗിക്കാം. കോടതിച്ചെലവ് ഒരു മാസത്തിനകവും നല്‍കണം.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഏഴാം തരത്തിലേക്ക് പ്രവേശം ഉറപ്പാണെങ്കിലും സ്കൂള്‍ അധികൃതര്‍ സ്ഥാനക്കയറ്റം നല്‍കിയില്ളെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാറിനും ബാലാവകാശ കമീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കാറും ബാലാവകാശ കമീഷനും നിര്‍ദേശിച്ചെങ്കിലും ന്യൂനപക്ഷാവകാശമുള്ള സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളായതിനാല്‍ വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ളെന്ന് ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം നല്‍കിയില്ല. ഇതേതുടര്‍ന്ന് കുട്ടിയുടെ പിതൃമാതാവാണ് കോടതിയെ സമീപിച്ചത്.
സ്ഥാനക്കയറ്റം നല്‍കാന്‍ നിയമപരമായി ബാധ്യതയുണ്ടായിട്ടും അത് നിഷേധിക്കുകവഴി വിദ്യാര്‍ഥിയുടെ ഉന്നമനത്തിനുള്ള അവസരമാണ് സ്കൂളധികൃതര്‍ ഇല്ലാതാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശത്തിന്‍െറ മറവില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ കവരാന്‍ മാനേജ്മെന്‍റിന് അധികാരമില്ല. ജീവിക്കാനുള്ള അവകാശത്തിന് സമാനമാണ് വിദ്യാഭ്യാസത്തിനുള്ള അവകാശവും. 14 വയസ്സുവരെ വിദ്യാര്‍ഥികള്‍ക്ക് അടുത്ത ക്ളാസുകളിലേക്കുള്ള പ്രമോഷന്‍ തടയാനോ സ്കൂളില്‍നിന്ന് പുറത്താക്കാനോ നിയമപരമായി കഴിയില്ല. ന്യൂനപക്ഷാവകാശമുള്ള സ്ഥാപനമെന്നപേരില്‍ ഭരണഘടനാപരമായ അവകാശം നിഷേധിക്കാനാകില്ല. സാധാരണ നിലവാരമുള്ള വിദ്യാര്‍ഥിക്ക് തോല്‍വി സംഭവിച്ചാല്‍ അത് അധ്യാപകരുടെ കഴിവുകേടായി വേണം കണക്കാക്കാനെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇത്തവണ കുട്ടിയെ ഏഴാം ക്ളാസില്‍ പ്രവേശിപ്പിക്കാന്‍ തയാറാണെന്ന് സ്കൂളധികൃതര്‍ അറിയിച്ചു. എന്നാല്‍, എട്ടിലേക്ക് പ്രവേശിപ്പിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം കോടതി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.