എ.കെ.ജിയുടെ വിവാഹാഭ്യര്‍ഥന നിരസിച്ചെന്ന് ഗൗരിയമ്മ
text_fieldsആലപ്പുഴ: വെടിവെപ്പ് സമരത്തിനുശേഷം പുന്നപ്ര സന്ദര്‍ശിക്കാനത്തെിയ എ.കെ.ജി മടങ്ങുംവഴി തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയതായി കെ.ആര്‍. ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. ഇഷ്ടമല്ളെന്ന് അപ്പോള്‍തന്നെ അറിയിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞ് തീരുമാനത്തില്‍ മാറ്റമുണ്ടോയെന്നറിയാന്‍ എത്തി. മാറ്റമുണ്ടായാല്‍ അറിയിക്കാമെന്നുപറഞ്ഞ് തിരിച്ചയച്ചതായും ഗൗരിയമ്മ മനസ്സുതുറന്നു. ഗൗരിയമ്മയെ കാണാന്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെ ചാത്തനാട്ടെ വസതിയിലത്തെിയ പഴയ സുഹൃത്തായ വിപ്ളവഗായിക പി.കെ. മേദിനിയോടും അഡ്വ. പ്രതിഭാഹരി എം.എല്‍.എയോടുമാണ് ഗൗരിയമ്മ മനസ്സുതുറന്നത്. രാഷ്ട്രീയവും കുടുംബകാര്യങ്ങളും ഉള്‍പ്പെടെ ഒട്ടേറെ ഗതകാലസ്മരണകള്‍ ഗൗരിയമ്മ അവരുമായി പങ്കുവെച്ചു.
രാഷ്ട്രീയജീവിതത്തിലെ ആദ്യകാലങ്ങളിലുണ്ടായ രസകരമായ അനുഭവങ്ങളും പറഞ്ഞു. പി.കെ. മേദിനിയുമായി ഗൗരിയമ്മക്ക് വര്‍ഷങ്ങളായ അടുപ്പം രണ്ട് തലമുറയുടെ സമാഗമവുമായി. എ.കെ.ജി വിവാഹാഭ്യര്‍ഥന നടത്തിയകാര്യം ഓര്‍മയില്‍നിന്ന് ഗൗരിയമ്മ പറഞ്ഞപ്പോള്‍ അത് പുതിയ തലമുറക്ക് കൗതുകമൂറിയ സംഭവമായി. ജയിലനുഭവങ്ങളും അവര്‍ വിവരിച്ചു. താന്‍ ഈഴവ ജാതിയില്‍പെട്ട ആളായതിനാല്‍ മുഖ്യമന്ത്രിയാക്കരുതെന്ന് ഇ.എം.എസ് പറഞ്ഞതായും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു. ‘കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും’ എന്ന മുദ്രാവാക്യം പറഞ്ഞ് എല്ലാവരും തന്നെ പറ്റിച്ചെന്നും അവര്‍ പരിഭവപ്പെട്ടു.
ടി.വി. തോമസുമായുള്ള പ്രണയത്തെക്കുറിച്ചും ചോദ്യമുണ്ടായി. ഭിത്തിയില്‍ തൂക്കിയ ടി.വിയും ഗൗരിയമ്മയും ചേര്‍ന്നുള്ള ഫോട്ടോയിലേക്ക് വിരല്‍ ചൂണ്ടി അര്‍ഥഗര്‍ഭമായി പുഞ്ചിരിച്ചു. ’48ലെ അറസ്റ്റും ’52ലെ വിജയവുമൊക്കെ ഗൗരിയമ്മ വിവരിച്ചു. 24ന് തന്‍െറ ജന്മദിനമാണെന്നും അന്ന് വരാന്‍ മറക്കരുതെന്നും ഗൗരിയമ്മയുടെ അഭ്യര്‍ഥന. അന്ന് സര്‍ക്കാറിന്‍െറ നയപ്രഖ്യാപനമാണെന്ന് എം.എല്‍.എ പറഞ്ഞു.
എല്ലാവര്‍ക്കും എല്ലാത്തിനെക്കാളും വലുത് രാഷ്ട്രീയമാണെന്ന് ഗൗരിയമ്മയുടെ മറുപടി. അരമണിക്കൂര്‍ നീണ്ട സൗഹൃദസംഭാഷണം കഴിഞ്ഞ് പുതിയ ജനപ്രതിനിധിയെയും പഴയ സുഹൃത്തിനെയും ഗൗരിയമ്മ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ച് യാത്രയാക്കി. ഫയലുകള്‍ നന്നായി പഠിക്കണമെന്നും സത്യത്തിനായി നിലകൊള്ളണമെന്നും കായംകുളം എം.എല്‍.എ പ്രതിഭാഹരിക്ക് കെ.ആര്‍. ഗൗരിയമ്മ ഉപദേശവും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.