അകം നിറക്കുന്ന വെളിച്ചം
text_fieldsനാല്‍പതുകളിലും അമ്പതുകളിലുമൊക്കെ നോമ്പ്, പെരുന്നാള്‍ കാലങ്ങളില്‍ സുഹൃത്തുക്കളുടെ വീടുകളില്‍ പോയതിന്‍െറ നിരവധി ഓര്‍മകള്‍ എനിക്കുണ്ട്. നാടകങ്ങള്‍ക്ക് സംഗീതം ചെയ്യാന്‍ തുടങ്ങിയ ആദ്യകാലത്ത്, എസ്.എല്‍. പുരത്തിന്‍െറ ഒരു നാടകത്തിനുവേണ്ടി ഈണമിട്ട
‘പടച്ചോനേ ചക്രവാള
പ്പരപ്പില്‍പ്പൊന്നമ്പിളിപ്പൂ
ഉദിച്ചല്ളോ സുബൈക്കള്ളാ
പെരുന്നാളല്ളേ...’ എന്നുതുടങ്ങുന്ന ഗാനമാണ് ഈ ഓര്‍മകളില്‍ ആദ്യം മനസ്സിലേക്ക് വരിക. ഹര്‍ഷബാഷ്പം എന്ന ചിത്രത്തില്‍, യേശുദാസ് പാടിയ ഭക്തിഗീതം മുസ്ലിംകളും അല്ലാത്തവരുമായ സംഗീതപ്രേമികളെ ഒരുപോലെ ആകര്‍ഷിച്ച ഒന്നാണ്.
‘ആയിരം കാതമകലെയാണെങ്കിലും
മായാതെ മെക്കാ മനസ്സില്‍ നില്‍ക്കും..’
റമദാനെ അടുത്തുനിന്നു കണ്ടതും അനുഭവിച്ചതും ആത്മസുഹൃത്ത് ആര്‍.കെ. ശേഖറിന്‍െറ കുടുംബത്തിലെ ഒരംഗപോലെയായപ്പോഴാണ്. അദ്ദേഹവും സഹധര്‍മിണി കസ്തൂരിയും പള്ളുരുത്തിയിലെ എന്‍െറ വീട്ടില്‍ വന്നിട്ടുണ്ട്. ഞാനും എന്‍െറ ഭാരതിയും മദിരാശിയിലെ അവരുടെ വീട്ടില്‍ എത്രയോ ദിവസങ്ങള്‍ താമസിച്ചിട്ടുണ്ട്. ശേഖറിന്‍െറ മരണത്തിനുശേഷവും ഈ കുടുംബവുമായുള്ള ബന്ധത്തിന് ഒരു മാറ്റവും ഉണ്ടായില്ല. ശേഖറിന്‍െറ അവിചാരിതമായ വേര്‍പാടില്‍ ആകെ സ്തംഭിച്ചു നിന്ന ആ കുടുംബത്തിന് ആവുന്ന വിധത്തില്‍ തുണയാവാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്. എല്ലാം ഈശ്വരനിശ്ചയം.
എന്‍െറ ഇളയമകന്‍ അനി പ്രീഡിഗ്രി കഴിഞ്ഞശേഷം എന്‍െറ കൂടെ മദിരാശിയിലേക്ക് പോന്നു. റിക്കാര്‍ഡിങ് വര്‍ക്കുകള്‍ പരിശീലിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അക്കാലത്ത് റഹ്മാന് വീടിനു പിന്നിലായി ചെറിയ സ്റ്റുഡിയോ ഉണ്ടായിരുന്നു. അവര്‍ മിക്കവാറും രാവും പകലുമൊക്കെ അതിനകത്തു തന്നെയായിരിക്കും. വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ റഹ്മാന്‍ അനിയെയും കൂടെ കൂട്ടുമായിരുന്നു. ഇടക്ക് ഭാരതിയും ഞങ്ങളുടെ കൂടെ വന്നുനില്‍ക്കുമായിരുന്നു. ഭാരതി വന്നാല്‍ ആ വീട്ടില്‍ വലിയ സന്തോഷമാണ്. അവരുടെ പാചകം കുട്ടികള്‍ക്കും കസ്തൂരിക്കും ഏറെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കേരള സ്റ്റൈല്‍ മീന്‍കറി. തേങ്ങാപ്പാല്‍ ചേര്‍ത്ത് ഭാരതിയുണ്ടാക്കുന്ന ചെമ്മീന്‍കറി എല്ലാവരുടെയും പ്രിയ വിഭവമായിരുന്നു. മണ്‍ചട്ടിയില്‍ കറി കുറുക്കിയെടുത്ത ശേഷം കറി മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്ന്, ഭാരതി കറിച്ചട്ടിയില്‍ രണ്ടുപിടിച്ചോറ് പുരട്ടിയെടുക്കും. വിളിക്കുന്നതിനുമുമ്പേ റഹ്മാനും അനിയും ഓടിയത്തെും. ചട്ടിയുടെ ഇരുപുറവുമിരുന്ന് കൊതിയോടെ അവര്‍ ചോറുവാരിക്കഴിക്കുന്നത് ഞങ്ങള്‍ ആനന്ദത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അതൊക്കെ ഒരു കാലം.
നോമ്പിന്‍െറ വിശുദ്ധിയും റമദാന്‍െറ മഹത്ത്വവും ആ കുടുംബത്തില്‍നിന്നാണ് ഞാനറിഞ്ഞത്. റഹ്മാനും അവന്‍െറ അമ്മയും സഹോദരങ്ങളുമെല്ലാം കറകളഞ്ഞ വിശ്വാസികളായിരുന്നു. അവര്‍ തികഞ്ഞ ഭക്തിയോടെ നോമ്പുനോറ്റു. നമസ്്കരിച്ചു, പ്രാര്‍ഥിച്ചു. പെരുന്നാളിന് ഒരുപാട് വിഭവങ്ങള്‍ അവരൊരുക്കും. കൊതിയൂറുന്ന മണങ്ങള്‍ ആ വീട്ടില്‍ നിറയും. എന്നാല്‍, അവയെല്ലാം ഭക്ഷിച്ചാസ്വദിക്കുകയായിരുന്നില്ല അവരുടെ ആനന്ദം. നല്ല രുചിയുള്ള ഭക്ഷണം ഒരുനേരം പോലും കഴിക്കാന്‍ വിധിയില്ലാത്ത മനുഷ്യരെ ഊട്ടുക- അതായിരുന്നു ആ കുടുംബത്തിന്‍െറ ആനന്ദം.
പെരുന്നാള്‍ദിനത്തില്‍, വണ്ടിയില്‍ നിറയെ ഭക്ഷണപ്പൊതികളുമായി ഞങ്ങള്‍ അനാഥാലയങ്ങളിലേക്കും തെരുവുകളിലേക്കും യാത്രയാവും. വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയും അനാഥരുടെയുമൊക്കെ കണ്ണിലെ വെളിച്ചം ഞങ്ങളുടെ അകം നിറക്കും. പെരുന്നാള്‍ തന്നെ വേണമെന്നില്ല, ആ അമ്മക്ക് എപ്പോഴൊക്കെ തോന്നുന്നുവോ അപ്പോഴെല്ലാം അവര്‍ അന്നം ദാനം ചെയ്യും. ദാനം ചെയ്യുക, ധര്‍മം ചെയ്യുക- അതു മാത്രമേ അവര്‍ക്കറിയുമായിരുന്നുള്ളൂ. അതിനുള്ള ശ്രേയസ്സ് അവര്‍ക്കും മക്കള്‍ക്കും ഈശ്വരന്‍ നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.