അല്ലാഹു എളുപ്പമാണ് ഉദ്ദേശിക്കുന്നത്
text_fieldsഖുര്‍ആനിന്‍െറ അവതരണക്രമമനുസരിച്ച് ഒരു സമൂഹം ചിട്ടയില്‍ പരിഷ്കരിക്കപ്പെടുകയായിരുന്നു. 23 വര്‍ഷംകൊണ്ട് അല്ലാഹു ഖുര്‍ആനോടൊപ്പം പ്രവാചകനേതൃത്വത്തില്‍ ഒരു സമൂഹത്തെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവന്നു. സന്ദര്‍ഭത്തിനനുസരിച്ച് ഉപദേശനിര്‍ദേശങ്ങളും ശിക്ഷയും ശിക്ഷണവും അവര്‍ക്ക് നല്‍കി. ഖുര്‍ആന്‍ മുഴുവന്‍ അവതരിച്ച് തീര്‍ന്നപ്പോഴേക്ക് അതിന്‍െറ ജീവിക്കുന്ന മാതൃകകളായി ഒരു സമൂഹം പിറവിയെടുത്തു. അതിന്‍െറ തലപ്പത്ത് ഖുര്‍ആനിന്‍െറ പ്രായോഗിക വിശദീകരണവുമായി മുഹമ്മദ് നബി (സ) യായിരുന്നു. ഖുര്‍ആനിലെ ഒരു കൊച്ചു നിയമമോ നിര്‍ദേശമോ അവര്‍ പ്രയോഗവത്കരിക്കാതെ വിട്ടില്ല.
ഇങ്ങനെ പൂര്‍ണമായും ജീവിതത്തില്‍ പ്രയോഗവത്കരിക്കപ്പെട്ട വേറെ ഒരു ഗ്രന്ഥം ചരിത്രത്തില്‍ ഇല്ല തന്നെ. പ്രയാസങ്ങള്‍ ദൂരീകരിച്ചുകൊണ്ടും പരമാവധി എളുപ്പമാക്കിക്കൊണ്ടും ക്രമാനുഗതികത്വം പാലിച്ചുകൊണ്ടുമായിരുന്നു അല്ലാഹു നിയമങ്ങള്‍ നിര്‍ദേശിച്ചത്. അല്ലാഹു പറയുന്നു: ‘ഒരാളോടും അയാളുടെ കഴിവില്‍പെടാത്തത് അല്ലാഹു കല്‍പിക്കുകയില്ല’ (വി.ഖു. 2:286). വ്രതാനുഷ്ഠാനം നിയമമാക്കിക്കൊണ്ട് അല്ലാഹു പറഞ്ഞു: ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. അവന്‍ നിങ്ങളെ പ്രയാസപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല’ (വി.ഖു. 2:185). വൈവാഹിക നിയമങ്ങള്‍ പഠിപ്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ‘അല്ലാഹു നിങ്ങള്‍ക്ക് ലഘൂകരണമാണ് ഉദ്ദേശിക്കുന്നത്.
മനുഷ്യന്‍ ദുര്‍ബലനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്’ (വി.ഖു. 4:28). രോഗിക്കും യാത്രക്കാരനും നമസ്കാരത്തിലും വ്രതാനുഷ്ഠാനത്തിലും നല്‍കിയ ഇളവും വെള്ളം കിട്ടിയില്ളെങ്കില്‍ ശുദ്ധീകരണത്തിന് മണ്ണ് ഉപയോഗിക്കാമെന്ന നിര്‍ദേശവും നിര്‍ബന്ധിതാവസ്ഥയില്‍ നിരോധിത ഭക്ഷണങ്ങള്‍ ഉപയോഗിക്കാമെന്ന അധ്യാപനവും ഈ ലഘൂകരണം ഉദ്ദേശിച്ചാണ്. (വി. ഖു. 2:185, 5:6, 2:173). ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന കാലത്ത് അറേബ്യന്‍ സമൂഹം മദ്യത്തിലും മദിരാക്ഷിയിലും യുദ്ധത്തിലും മുങ്ങിയ ഒരു സമൂഹമായിരുന്നു. അവരെ ഖുര്‍ആന്‍ ക്രമത്തില്‍ ഏതു പരിഷ്കൃത സമൂഹത്തിനും മാതൃകയായ സമൂഹമാക്കി വളര്‍ത്തിയെടുത്തു. അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന മദ്യപാനശീലം എങ്ങനെയാണ് ഖുര്‍ആന്‍ മാറ്റിയെടുത്തത് എന്ന് പരിശോധിച്ചാല്‍ ഈ സംസ്കരണരീതിയുടെ മികച്ച ഉദാഹരണം നമുക്ക് ലഭിക്കും.
ഉപകാരപ്രദമെന്ന തോന്നലുളവാക്കുമെങ്കിലും മദ്യം നല്ലതല്ളെന്ന ബോധവത്കരണമാണ് ആദ്യമായി ഖുര്‍ആന്‍ നടത്തിയത്: ‘അവര്‍ നിന്നോട് മദ്യത്തെക്കുറിച്ചും ചൂതാട്ടത്തെക്കുറിച്ചും ചോദിക്കുന്നു. പറയുക, അവ രണ്ടിലും വലിയ തിന്മയുണ്ട്. ജനങ്ങള്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍, ഉപകാരത്തേക്കാള്‍ എത്രയോ കടുത്തതാണ് അവയുടെ തിന്മ’ (വി.ഖു. 2:219). ഈ ബോധവത്കരണത്തിനുശേഷം പിന്നീട് അടുത്ത പടിയായി ആരാധനാവേളകളില്‍ മദ്യം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം അവതരിപ്പിച്ചു. ‘വിശ്വാസികളേ, നിങ്ങള്‍ ലഹരിബാധിച്ചുകൊണ്ട് നമസ്കാരത്തിന് വരരുത്’ (വി.ഖു. 4:43). ജീവിതത്തില്‍ ഉണര്‍ന്നിരിക്കുന്ന സമയം അഞ്ചുനേരം പൂര്‍ണമായും ലഹരിമുക്തമായിരിക്കണം എന്ന നിര്‍ദേശം വന്നതോടെ തന്നെ മിക്ക ആളുകളും വിടപറയുകയോ അനാഭിമുഖ്യം പുലര്‍ത്തുന്നവരാവുകയോ ചെയ്തിരുന്നു. പിന്നീടാണ് മദ്യവും ചൂതാട്ടവും പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള കല്‍പന വരുന്നത്.
‘വിശ്വസിച്ചവരേ, ഈ മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നശാസ്ത്രങ്ങളും എല്ലാം പൈശാചികവൃത്തിയില്‍പെട്ട മാലിന്യമാകുന്നു. നിങ്ങള്‍ അവ വര്‍ജിക്കുക. നിങ്ങള്‍ക്ക് സൗഭാഗ്യം പ്രതീക്ഷിക്കാം. ചെകുത്താന്‍ മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വൈരവും വിദ്വേഷവും വളര്‍ത്താനും ദൈവസ്മരണയില്‍നിന്നും നമസ്കാരങ്ങളില്‍നിന്നും നിങ്ങളെ തടയുന്നതിനുമാണ് ആഗ്രഹിക്കുന്നത്. ഇനിയും നിങ്ങള്‍ വിരമിക്കുന്നില്ളേ?’ (വി.ഖു. 5:90,91). ഈ നിര്‍ദേശം വന്നതോടെ പ്രവാചകനഗരിയില്‍ മദ്യം ഓടകളിലൂടെ ഒഴുക്കപ്പെട്ടു. കുടിച്ചുകൊണ്ടിരുന്നവര്‍ വരെ വായില്‍ കൈയിട്ട് ഛര്‍ദിച്ചു എന്ന് ചരിത്രം. ഇതാണ് ഖുര്‍ആന്‍ സവിശേഷമായ രീതിയിലൂടെ സാധിച്ചെടുത്ത ധാര്‍മിക വിപ്ളവത്തിന്‍െറ ഒരു ഉദാഹരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.