ജനത്തെ ഭിന്നിപ്പിച്ച് ഉദാരീകരണ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമം –സുഭാഷിണി അലി
text_fieldsതിരുവനന്തപുരം: വര്‍ഗീയ ആശയങ്ങള്‍ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും ഉദാരീകരണ നയങ്ങള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങളുയരണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സുഭാഷിണി അലി. കെ.ജി.ഒ.എ സുവര്‍ണ ജൂബിലി സംസ്ഥാന സമ്മേളനം എ.കെ.ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മതത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയുമെല്ലാം തരംപോലെ ഇതിന് ഉപയോഗപ്പെടുത്തുകയാണ്. ഗോമാംസം ഭക്ഷിച്ചുവെന്ന പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതും സ്ത്രീ-ദലിത്-ആദിവാസിവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതും കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയാണ്.
സ്വാതന്ത്ര്യം നിലനില്‍ക്കുന്നതും ഇടത്-ജനാധിപത്യമൂല്യങ്ങള്‍ക്ക് ഇടമുള്ളതുമായ കാമ്പസുകളാണ് ഭരണവര്‍ഗം ഇന്ന് ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത്. കനയ്യകുമാര്‍മാര്‍ ഇനി ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ പാഠപുസ്തകങ്ങളില്‍ വരെ ഇവര്‍ കൈകടത്തുകയാണെന്നും സുഭാഷിണി അലി പറഞ്ഞു.
സംസ്ഥാന പ്രസിഡന്‍റ് ഡോ.കെ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, എ.കെ.എസ്.ടി.യു സംസ്ഥാന വൈസ്പ്രസിഡന്‍റ് ആനാവൂര്‍ നാഗപ്പന്‍, എ.ഐ.എസ്.ജി.ഇ.എഫ് ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, എഫ്.എസ്.ഇ.ടി.ഒ ജനറല്‍ സെക്രട്ടറി പി.എച്ച്.എം. ഇസ്മായില്‍, പി.വി. രാജേന്ദ്രന്‍, ഡോ.ടി.എന്‍. സീമ, ടി.എസ്. രഘുലാല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.