യു.ഡി.എഫ് പരാജയത്തിന് സുധീരനും സതീശനും ആക്കംകൂട്ടി –കേരള കോണ്‍ഗ്രസ് (ജേക്കബ്)
text_fields
കോട്ടയം: കേരള കോണ്‍ഗ്രസ് (ജേക്കബ്) ഉന്നതാധികാര സമിതി യോഗത്തില്‍ കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശം. യു.ഡി.എഫിന്‍െറ പരാജയത്തിന് ആക്കം കൂട്ടിയത് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറയും വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍െറയും പ്രസ്താവനകളാണെന്ന് കോട്ടയത്ത് പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി. കോണ്‍ഗ്രസ് യോഗത്തില്‍ പറയേണ്ട കാര്യങ്ങളാണ് സുധീരനും സതീശനും പരസ്യവിചാരണക്കിട്ടുകൊടുത്തതെന്നും യോഗം വിമര്‍ശിച്ചു. അടിക്കടിയുണ്ടായ അഴിമതി ആരോപണങ്ങള്‍ ജനങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടാക്കി. ഇതിനെ പ്രതിരോധിക്കുന്നതിന് പകരം കൂടുതല്‍ സംശയത്തിനിടയാക്കുന്ന പ്രവൃത്തിയാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. മദ്യനയം തീര്‍ത്തും വികലമായിരുന്നുവെന്നും ഈ മേഖലകൊണ്ട് ജീവിക്കുന്നവരുടെ എതിര്‍പ്പ് പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പാര്‍ട്ടിയുടെ മുന്‍നിലപാട് ശരിവെക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. പുതിയ നയത്തിലൂടെ മദ്യത്തിന്‍െറ ലഭ്യത കുറക്കാന്‍ സാധിച്ചില്ളെന്നു മാത്രമല്ല, കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കളുടെ ലഭ്യത സംസ്ഥാനത്ത് വര്‍ധിക്കാനിടയാക്കുകയും ചെയ്തു. അതേസമയം, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ സര്‍ക്കാറിന് കഴിഞ്ഞെന്നും യോഗം വിലയിരുത്തി. പൊതുവിതരണ ശൃംഖലയിലെ ആക്ഷേപത്തിന് കാരണമായത് ധനവകുപ്പ് ആവശ്യമായ പണം നീക്കിവെക്കാതിരുന്നത് മൂലമായിരുന്നു. നിലവിലുണ്ടായിരുന്ന മൂന്ന് സീറ്റ് ഒന്നായി ചുരുക്കിയത് അനുവദിക്കാന്‍ പാടില്ലായിരുന്നു. ചെയര്‍മാന്‍ ജോണി നെല്ലൂര്‍, അനൂപ് ജേക്കബ് എം.എല്‍.എ, ഡെയ്സി ജേക്കബ്, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.