ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ചുവിടുന്നതിന് തടസ്സങ്ങളേറെ
text_fieldsകോഴിക്കോട്: ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ചുവിടുന്നതില്‍ സാങ്കേതികതടസ്സങ്ങളേറെ. ഹൈകോടതി നിര്‍ദേശപ്രകാരമാണ് യു.ഡി.എഫ് ഭരണകാലത്ത് ബോര്‍ഡ് രൂപവത്കരിച്ചത്. അതിനാല്‍ പിരിച്ചുവിടുന്നതിനുമുമ്പ് ഹൈകോടതിയെ ബോധ്യപ്പെടുത്തണം. എന്‍.എസ്.എസിന്‍െറ താല്‍പര്യംകൂടി കണക്കിലെടുത്താണ് ബോര്‍ഡ് അംഗങ്ങളെ തീരുമാനിച്ചത് എന്നതിനാല്‍ എന്‍.എസ്.എസിനെ പിണക്കാനും കഴിയില്ല. എടുത്തുചാടി തീരുമാനം എടുക്കുന്നതിനോട് സി.പി.എമ്മിനും യോജിപ്പില്ല. ദേവസ്വം നിയമനങ്ങള്‍ക്ക് ഹിന്ദുക്കള്‍ക്കു മാത്രമായി പി.എസ്.സിയെക്കൊണ്ട് അപേക്ഷ ക്ഷണിപ്പിക്കുന്നതിന്‍െറ അനൗചിത്യവും സര്‍ക്കാറിന്‍െറ മുന്നിലുണ്ട്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ചുവിടല്‍. ദേവസ്വം നിയമനം പി.എസ്.സിക്ക് വിടുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 2007ല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിയോഗിച്ച ജസ്റ്റിസ് പരിപൂര്‍ണന്‍ കമീഷനാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ശിപാര്‍ശ ചെയ്തത്. 2015ല്‍ നിയമം ഉണ്ടാക്കി. ഫയര്‍ഫോഴ്സ് ഡി.ജി.പിയായി വിരമിച്ച പി. ചന്ദ്രശേഖരനെയാണ് ചെയര്‍മാനാക്കിയത്.
ആറ് അംഗങ്ങളുടെ ശമ്പളം മാത്രം പ്രതിമാസം ഏഴു ലക്ഷം രൂപയിലേറെയാണ്. വാര്‍ഷിക ചെലവ് ഒന്നരക്കോടി രൂപക്ക് മുകളില്‍ വരും. നൂറില്‍ താഴെ നിയമനങ്ങളാണ് ബോര്‍ഡ് ഇതുവരെ നടത്തിയത്. ഇവയെക്കുറിച്ചുള്ള ആക്ഷേപം അവസാനിച്ചിട്ടുമില്ല. സംസ്ഥാനത്ത് 15,000 ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ 1200, മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1600, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ 400 വീതം ക്ഷേത്രങ്ങളുണ്ട്. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്കു കീഴില്‍ 10 ക്ഷേത്രങ്ങളുണ്ട്. കൂടല്‍മാണിക്യം ദേവസ്വത്തിനുകീഴില്‍ ഒരു ക്ഷേത്രവും. ഇവിടങ്ങളിലെ നിയമനമാണ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നടത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.