കൊക്കകോള കുടുങ്ങിയത് സുപ്രീം കോടതിയില്‍ വാദം തുടങ്ങാനിരിക്കെ
text_fieldsപാലക്കാട്: പ്ളാച്ചിമടയില്‍ പ്രവര്‍ത്തനം നിര്‍ത്തിപ്പോയ ബഹുരാഷ്ട്ര കുത്തകയായ കൊക്കകോള ക്രിമിനല്‍ കേസില്‍ കുടുങ്ങിയത് കമ്പനിയുടെ ലൈസന്‍സ് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി അന്തിമവാദം കേള്‍ക്കാനിരിക്കെ. ജൂലൈയില്‍ പരിഗണിക്കാന്‍ വെച്ചിരിക്കുന്ന കേസും പൊലീസ് നടപടിയും തമ്മില്‍ ബന്ധമില്ളെങ്കിലും എഫ്.ഐ.ആര്‍ പ്രകാരമുള്ള തുടരന്വേഷണം പൊലീസിന് വെല്ലുവിളിയാകാനാണ് സാധ്യത. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന വകുപ്പിലെ മൂന്ന് വ്യവസ്ഥകള്‍ പ്രകാരം കേസെടുത്തത് സുപ്രീം കോടതിയിലെ വാദത്തിനിടെ കോളക്കമ്പനി തന്നെ ഉന്നയിക്കുമെന്നും സൂചനയുണ്ട്.
പ്ളാച്ചിമടയില്‍ കൊക്കകോള കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെച്ച 17 കര്‍ശന വ്യവസ്ഥകള്‍ കേട്ടുകേള്‍വിയില്ലാത്തതെന്ന് പറഞ്ഞ് കോളയും ലൈസന്‍സ് നല്‍കണമെന്ന ഹൈകോടതി വിധി ചോദ്യം ചെയ്ത് പെരുമാട്ടി പഞ്ചായത്തും ഫയല്‍ ചെയ്ത കേസാണ് അടുത്ത മാസം സുപ്രീം കോടതി പരിഗണിക്കുന്നത്. ജലചൂഷണത്തിനെതിരെ പ്രദേശവാസികള്‍ തുടരുന്ന അതിജീവനസമരം മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊക്കകോളയുടെ പ്ളാച്ചിമട യൂനിറ്റ് പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും സുപ്രീം കോടതിയിലെ കേസ് തുടരുകയാണ്. കമ്പനിയുടെ ഭൂജലചൂഷണവും മലിനീകരണവും സംബന്ധിച്ച തെളിവുകള്‍ പഞ്ചായത്തും കേസില്‍ കക്ഷിചേര്‍ന്നവരും ഹാജരാക്കിയിട്ടുണ്ട്.
നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന കേസ് കോടതി പരിഗണിക്കുന്നതിനിടെയുണ്ടായ പൊലീസ് നടപടി കോളക്കമ്പനി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാവുമോ എന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്. കോള ഉല്‍പാദനം നിര്‍ത്തിയെങ്കിലും പ്ളാച്ചിമട പ്രദേശത്തെ കിണറുകളിലെ വെള്ളം ഇപ്പോഴും ഉപയോഗിക്കാനാകുന്നില്ല. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര പട്ടികജാതി-വര്‍ഗ കമീഷന് സമരസമിതി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം മീനാക്ഷിപുരം പൊലീസ് ക്രിമിനല്‍ കേസ് എടുത്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ കാര്യമായ അന്വേഷണം തുടങ്ങാനിരിക്കുന്നതേയുള്ളൂ.
പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകള്‍ പ്രകാരമുള്ള തെളിവുകള്‍ക്ക് മാത്രമേ കേസില്‍ സാധുതയുണ്ടാവൂ എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജലചൂഷണമടക്കമുള്ള പരാതികള്‍ പൊലീസ് കേസിന്‍െറ പരിധിയില്‍ ഒതുങ്ങുന്നതല്ല. എന്നാല്‍, വൈകിയെങ്കിലും പൊലീസെടുത്ത നടപടി സമരസമിതി ഉള്‍പ്പെടെ പ്രദേശവാസികളില്‍ പുതിയ ഉണര്‍വിനിടയാക്കിയിട്ടുണ്ട്. അതേസമയം, കൊക്കകോളയുടെ ജനവിരുദ്ധ നടപടികള്‍ മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഇപ്പോഴും എവിടെയുമത്തെിയിട്ടില്ല.
മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്‍െറ നേതൃത്വത്തില്‍ രൂപവല്‍കൃതമായ ഉന്നതാധികാര സമിതി പ്ളാച്ചിമടയിലെ കോളനികള്‍ സന്ദര്‍ശിച്ച് 216.16 കോടി രൂപ കോളക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച ബില്‍ സംസ്ഥാനം രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തിരിച്ചയക്കപ്പെട്ട ഈ ബില്ലിന്‍െറ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ക്രിയാത്മക നടപടി എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.