വയൽ വരമ്പിലെ റാന്തൽ വെളിച്ചം
text_fieldsപൂക്കോട്ടൂരിനും മേല്‍മുറിക്കുമിടയിലെ പുതിയാട്ട് എന്ന ഗ്രാമത്തിലായിരുന്നു എന്‍െറ ബാല്യം. റമദാന്‍ ആയെന്നത് ആരും പറഞ്ഞറിയിക്കേണ്ടിയിരുന്നില്ല, അതെല്ലാം നാടിന്‍െറ ജീവിതംതന്നെയായിരുന്നു. സാമൂഹികമായി ഒരുപാട് അന്തരങ്ങളും അകലങ്ങളും നിറഞ്ഞ കാലത്തിലും എല്ലാം ഉള്‍ക്കൊണ്ടുതന്നെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം പരസ്പരം അടുപ്പിച്ചിരുന്നു. നോമ്പുതുടങ്ങുമ്പോള്‍ വലിയ പാത്രങ്ങളും ഇതിനൊപ്പം ചെറിയ തോണിയും സമീപത്തുള്ളവര്‍ വീട്ടിലത്തെി ആവശ്യപ്പെടും. കുളത്തില്‍ ഞങ്ങള്‍ കുട്ടികള്‍ (രണ്ടു പേര്‍ക്കിരിക്കാവുന്ന) കളിക്കാനുപയോഗിക്കുന്ന ഈ തോണിയില്‍ മോരുകറിയും മറ്റും സൂക്ഷിക്കാനാണ് കൊണ്ടുപോകുന്നത്. പിന്നീട് കഴുകി ഇവ നോമ്പിനുശേഷം തിരിച്ചുകൊണ്ടുവരുകയും ചെയ്യും. നോമ്പിലെ പ്രധാന ദിനങ്ങളില്‍ കലത്തപ്പം, നെയ്യപ്പം തുടങ്ങി വിവിധതരം പലഹാരങ്ങള്‍ ജ്യേഷ്ഠന്‍െറ സുഹൃത്തുക്കളും മറ്റുള്ളവരുമെല്ലാം എത്തിക്കുമായിരുന്നു. വീട്ടില്‍ കുട്ടികള്‍ക്കായാണ് ഇവയെല്ലാം എത്തിക്കുന്നത്.
സ്കൂളിലാകട്ടെ എന്‍െറ കൂട്ടുകാരില്‍ മിക്കവരും നോമ്പിലായിരിക്കും. ഞങ്ങള്‍ ഇവര്‍ക്ക് ശല്യമുണ്ടാക്കാതെ മാറിയിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. രാത്രിയായാല്‍ നോമ്പുതുറക്കുശേഷം റാന്തല്‍വിളക്കിന്‍െറ വെളിച്ചത്തില്‍ വയല്‍വരമ്പിലൂടെ വഅള്(പ്രസംഗം) കേള്‍ക്കാന്‍ നിരയായി പോകുന്നത് ഈ ദിവസങ്ങളിലെ വ്യത്യസ്തമായ കാഴ്ചയായിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്ത് സ്റ്റേജ് കെട്ടി അതിലാണ് വഅള് നടത്തുന്നത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം അങ്ങോട്ടേക്കുപോകും. വീട്ടിലിരുന്ന് ഞങ്ങളും ഇവ ശ്രവിക്കുമായിരുന്നു. പിറ്റേന്ന് സ്കൂളില്‍ ചെല്ലുമ്പോള്‍ കുട്ടികളോട് മനസ്സിലാകാത്ത അറബിവാക്കുകള്‍ ചോദിച്ചറിയുന്നതും ആവേശമായിരുന്നു.
മാപ്പിളപ്പാട്ടിന്‍െറ ശീലുകള്‍ക്കൊപ്പം തട്ടവും കുപ്പിവളക്കിലുക്കവും എനിക്കേറെ പ്രിയമാണ്. മുസ്ലിം കുട്ടികളുടെ വസ്ത്രധാരണവും അത്തറിന്‍െറ സുഗന്ധവും എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. കൈയുള്ള കുപ്പായവും കറുത്ത കരയുള്ള വെളുത്ത മുണ്ടും വെള്ളിപ്പാദസരവും. എന്തൊരു ചേലാണിതിനെന്ന് അന്ന് ഞാന്‍ കൗതുകമൂറിയിട്ടുണ്ട്. ചേച്ചി പഠിപ്പിക്കുന്ന കുട്ടികള്‍ മദ്റസയില്‍നിന്ന് വരുംവഴി ചിലപ്പോഴൊക്കെ വീട്ടില്‍ വരും. അവരുടെ കൈയില്‍നിന്ന് തട്ടം വാങ്ങി അണിയുന്നത് എനിക്കിഷ്ടമായിരുന്നു. തലയില്‍ തട്ടവുമിട്ട് കുപ്പായമണിഞ്ഞ് കണ്ണാടിക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ ഇത് ഉമ്മച്ചിക്കുട്ടിയാണോ എന്നുചോദിച്ച് ജോലിക്കാര്‍ കളിയാക്കും.
കൂട്ടുകാരില്‍നിന്നാണ് നോമ്പിന്‍െറ മഹത്ത്വവും ആചാരാനുഷ്ഠാനങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കിട്ടുകഴിക്കലും അറിയുന്നത്. തിരുവനന്തപുരം വുമന്‍സ് കോളജില്‍ ബി.എ പഠിക്കാനത്തെിയ കാലം കൂട്ടുകാരുടെ വീട്ടില്‍ ഈദ് ദിവസം പോകുകയും സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. പഠനം കഴിഞ്ഞെങ്കിലും ഇപ്പോഴും റമദാനിനും ഈദിനുമൊക്കെ ആശംസകള്‍ അറിയിക്കാറുണ്ട്. ആദ്യം കത്തെഴുതുമായിരുന്നു. ഇപ്പോള്‍ അത് മെസേജായെന്നുമാത്രം. ഐക്യവും ഒരുമയും സമൂഹത്തിന് പകര്‍ന്നുനല്‍കുന്ന ആഘോഷമാണ് ഈദ്.
തയാറാക്കിയത്: മുഹമ്മദ് ഷാമോന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.