യു.ഡി.എഫ് വിജയിച്ച സീറ്റുകളിൽ ബി.ജെ.പി സഹായിച്ചു: പിണറായി
text_fieldsമഞ്ചേരി: കേരളത്തിലെ ഒരു ഡസനിലേറെ സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചതിന് പിന്നിൽ ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷങ്ങളേക്കാൾ ഉപരിയായി പരസ്യമായ വോട്ട് കച്ചവടമാണ് ബി.ജെ.പിയും യു.ഡി.എഫും നടത്തിയതെന്നും പിണറായി പറഞ്ഞു. മഞ്ചേരി വി.പി ഹാളില്‍ ഇ.എം.എസിന്‍റെ ലോകം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വോട്ട് കച്ചവടത്തിന്‍റെ ദല്ലാളന്മാർ ആർ.എസ്.എസാണ്. നേമം മണ്ഡലത്തിൽ ഒ. രാജഗോപാലിന്‍റെ വിജയത്തിനും മറ്റ് ചിലയിടങ്ങളിലെ മത്സരത്തിനും കാരണം ഈ വോട്ട് കച്ചവടമാണ്. നേമത്തും മറ്റ് ചില മണ്ഡലങ്ങളിലും ബി.ജെ.പിയെ വിജയിപ്പിക്കുക പകരം മറ്റിടങ്ങളില്‍ യു.ഡി.എഫിന് വോട്ട് നല്‍കുക. ഈ ധാരണയിലാണ് ഒരു ഡസനിലേറെ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വിജയിക്കാന്‍ സാധിച്ചത്. വര്‍ഗീയ സംഘടനകളുമായുള്ള യു.ഡി.എഫിന്‍റെ ബാന്ധവത്തിന് കനത്ത തിരിച്ചടിയാണ് കേരളത്തിലെ മതനിരപേക്ഷ ജനത സമ്മാനിച്ചതെന്നും പിണറായി പറഞ്ഞു.
രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി അധികാരം നേടാനും നിലനിര്‍ത്താനുമുള്ള ആര്‍.എസ്.എസ്- ബി.ജെ.പി അജണ്ടയാണ് കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മതേതര വിശ്വാസികളുടെ ജാഗ്രത കൊണ്ട് അവര്‍ ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ 12 സീറ്റിലെങ്കിലും വിജയം ഉറപ്പിച്ചായിരുന്നു അര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തനം. ഫലം വരുന്നത് വരെ അവര്‍ ആ വിശ്വാസത്തിലുമായിരുന്നു. എന്നാല്‍, നിരാശയായിരുന്നു ഫലം. പാരമ്പര്യമായി ഇടതു മുന്നണിയോടൊപ്പം നില്‍ക്കുന്നവര്‍ക്ക് പുറമെ മതനിരപേക്ഷത സ്വപ്നം കാണുന്നവരും സഹായിച്ചു. ആര്‍.എസ്.എസിന്‍റെ ഭൂരിപക്ഷ വര്‍ഗീയത പോലെ തന്നെ ന്യൂനപക്ഷ വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണ്. വെള്ളാപ്പള്ളി നടേശന്‍റെ ബി.ഡി.ജെ.എസ് കാര്യമായ ഒരു ശക്തിയേയല്ലെന്ന് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതായും പിണറായി വ്യക്തമാക്കി.
കേരളത്തില്‍ നാടിന് പറ്റാത്തതും യോജിക്കാത്തതുമായ വികസന പദ്ധതികളൊന്നും നടപ്പാക്കാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.