പിണറായി ഗുരുതുല്യനെന്ന് എം.കെ. മുനീര്‍
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ആവോളം പ്രകീര്‍ത്തിച്ച് മുസ്ലിം ലീഗ് നേതാക്കള്‍. ലീഗ് സംസ്ഥാന സെക്രട്ടറിയും എം.പിയുമായ പി.വി. അബ്ദുല്‍ വഹാബും ഡോ. എം.കെ. മുനീര്‍ എം.എല്‍.എയുമാണ് പിണറായിയുടെ മഹത്വങ്ങള്‍ എണ്ണിപ്പറഞ്ഞത്. മുഖ്യമന്ത്രിക്ക് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ ആശംസയര്‍പ്പിക്കുകയായിരുന്നു ഇരുവരും. വളരെ നേരത്തേ മുഖ്യമന്ത്രിയാവേണ്ട വ്യക്തിയാണ് പിണറായി വിജയനെന്ന് പി.വി. അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. കൂടെ യാത്ര ചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്താലാണ് ഒരാളുടെ യഥാര്‍ഥ സ്വഭാവം മനസ്സിലാവുകയെന്ന പ്രവാചകവചനം അനുസ്മരിച്ചാണ് വഹാബ് പ്രശംസിച്ചത്. കൈരളി ചാനലില്‍ പണമിടപാട് നടത്തിയപ്പോഴും കൂടെ ഒട്ടേറെ യാത്ര ചെയ്തപ്പോഴും പിണറായിയുടെ സ്വഭാവഗുണം തന്നെ ആകര്‍ഷിച്ചതാണ്. പഴയ ആളൊന്നുമല്ല പിണറായി ഇന്ന്. ആളാകെ മാറിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി തനിക്ക് ഗുരുതുല്യനാണെന്നാണ് എം.കെ. മുനീര്‍ വിശേഷിപ്പിച്ചത്. പിണറായി വിജയന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാട് പ്രശംസനീയമാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും അദ്ദേഹവുമായി തനിക്കുള്ള ബന്ധം വലുതാണെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോടിന്‍െറ വികസന പദ്ധതികള്‍ കൂടി മുന്നോട്ടുവെച്ചാണ് മുനീര്‍ പ്രസംഗം അവസാനിപ്പിച്ചത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യു.ഡി.എഫ് യോഗം കഴിഞ്ഞശേഷം പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍വഹാബും പിണറായിയെ സന്ദര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.