ജീവിത ആസൂത്രണം
text_fieldsമനുഷ്യരുടെ സന്മാര്‍ഗത്തിനുവേണ്ടി ഒട്ടേറെ ദൃഷ്ടാന്തങ്ങളുമായി സത്യാസത്യവിവേചനത്തിന് ദൈവം അവതരിപ്പിച്ച അന്തിമ വേദമാകുന്നു ഖുര്‍ആന്‍. ഖുര്‍ആന്‍ അവതരിപ്പിച്ച റമദാന്‍ മാസത്തെ നിര്‍ബന്ധ വ്രതാനുഷ്ഠാനംകൊണ്ട് ആദരിക്കുന്ന വിശ്വാസികളോട് അന്ത്യപ്രവാചകന്‍ മുഹമ്മദ് അരുളി: റമദാനിന്‍െറ ആദ്യ 10 ദിവസങ്ങള്‍ കാരുണ്യത്തിന്‍േറതും രണ്ടാമത്തേത് പാപമോചനത്തിന്‍േറതും മൂന്നാമത്തേത് നരകമുക്തിയുടേതുമാകുന്നു. ഈ വചനം നമുക്ക് നല്ല സന്ദേശം നല്‍കുന്നു.
ഒരു മനുഷ്യന്‍െറ ശരാശരി ആയുസ്സ് 60 വയസ്സ്. അതിന്‍െറ ഒന്നാംഭാഗമായ 20 വര്‍ഷം ജനനം മുതല്‍ ശൈശവം - ബാല്യം - കൗമാരം വരെയുള്ളതാണ്്. ഈ പ്രായത്തില്‍ സ്നേഹവും കാരുണ്യവും അംഗീകാരവും കൊടുത്തും വാങ്ങിയും മനുഷ്യന്‍ തന്‍െറ ജീവിതത്തിന്‍െറ അടിത്തറ പാകുകയാണ്. ഇവ എത്ര കൊടുക്കുന്നുവോ അത്രയും തിരികെ കിട്ടുന്നു. റമദാനിന്‍െറ ആദ്യത്തെ പത്തിലൂടെ വിശ്വാസി നേടുന്ന കാരുണ്യം ജീവിതത്തിന്‍െറ ആദ്യ ഭാഗമായ 20 വയസ്സിന്‍െറ മുഴുവന്‍ മേഖലകളെയും വ്യാപിപ്പിക്കുക എന്നതാണ് ഇതിലടങ്ങിയ പാഠം. ദൈവം ഏറെ കരുണയുള്ളവനാണ്. തന്‍െറ ദാസന്മാര്‍ കരുണയുള്ളവരാകുന്നത് അവന്‍ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് ദാഹിച്ചുവലഞ്ഞ നായക്ക് കുടിനീര്‍ നല്‍കിയ അഭിസാരികക്ക് മാപ്പുനല്‍കി സ്വര്‍ഗസ്ഥയാക്കിയത്.
രണ്ടാംഭാഗമായ 20 വര്‍ഷം യുവത്വം തുളുമ്പിനില്‍ക്കുന്ന രക്തത്തിളപ്പിന്‍െറയും എടുത്തുചാട്ടത്തിന്‍െറയും പ്രായം. ഈ കാലയളവില്‍ വീഴ്ചകള്‍ ഏറെ സംഭവിക്കാം. എന്നാല്‍, തെറ്റ് സ്വയം സമ്മതിക്കലും തിരുത്തലും വിജയത്തിന്‍െറ മൂലക്കല്ലാണ്. അതുപോലെ മറ്റുള്ളവരില്‍നിന്ന് വരുന്ന വീഴ്ചകള്‍ മാപ്പാക്കലും.
തന്‍െറ മകളും പ്രവാചക പത്നിയുമായ ആഇശയെ പറ്റി അപവാദപ്രചാരണം നടത്തിയ, തന്‍െറ ചെലവില്‍ കഴിയുന്ന മിസ്ത്വഹ് എന്ന സ്വഹാബിക്ക് മേലില്‍ താന്‍ യാതൊരു സഹായവും നല്‍കുകയില്ളെന്ന് ശപഥം ചെയ്ത അബൂബക്കര്‍ സിദ്ദീഖിനോട് വിശുദ്ധ ഖുര്‍ആന്‍ സംസാരിച്ചു: ‘നിങ്ങളില്‍ ഐശ്വര്യവും ശേഷിയുമുള്ള ആളുകള്‍ ഇങ്ങനെ ശപഥം ചെയ്യരുത്... അവര്‍ക്ക് മാപ്പ് കൊടുക്കണം. നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യണം. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ളേ’.
മാപ്പ് നല്‍കല്‍ എന്ന ഗുണമാണ് രണ്ടാം പത്തില്‍ വിശ്വാസി ആര്‍ജിക്കേണ്ടത്. അതുവഴി അവന്‍ അല്ലാഹുവിന്‍െറ മാപ്പിന് അര്‍ഹനായിത്തീരുന്നു. ഇതവന്‍െറ ശരീരത്തെയും മനസ്സിനെയും ശാന്തമാക്കുന്നു. മൂന്നാംഭാഗമായ 40ല്‍ തുടങ്ങുന്ന മധ്യവയസ്സിന്‍െറയും വാര്‍ധക്യത്തിന്‍െറയും ഘട്ടം. കുട്ടിത്തത്തിന്‍െറ നിഷ്കളങ്കതയും നാലാം ദശാബ്ദത്തിന്‍െറ പക്വതയും നിറഞ്ഞ, സ്വയം ശാന്തി ആര്‍ജിച്ച് അപരന് ശാന്തി ഏകുന്ന ഘട്ടം. മൂന്നാം പത്ത് നരകമുക്തിയുടേതെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.
സ്രഷ്ടാവിന്‍െറ വിധിയെ സര്‍വാത്മന സ്വീകരിക്കുമ്പോള്‍ അവന് സ്വര്‍ഗീയ സമാധാനം സ്വായത്തമാകും. ജീവിതത്തിന്‍െറ സായംസന്ധ്യയില്‍ നല്ല മടക്കയാത്രക്കൊരുങ്ങുകയാണ് വിശ്വാസി. കൂടുതല്‍ കൂടുതല്‍ നന്മ ചെയ്ത് ആത്മീയവളര്‍ച്ചയിലൂടെ ദൈവസാമീപ്യം നേടി സ്വര്‍ഗം നേടാനുള്ള നിതാന്ത ജാഗ്രതയിലാണ് ഈ ഘട്ടം വിശ്വാസി വിനിയോഗിക്കേണ്ടത്. ഈ രീതിയില്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്‍െറ എല്ലാ ഘട്ടങ്ങളെയും സ്വാധീനിക്കുന്ന വലിയൊരു ജീവിതരീതി പരിശീലിപ്പിക്കുകയാണ് ഓരോ റമദാനും. ‘കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനെക്കാള്‍ വലിയ ഭക്തി വേറെ ഇല്ളെന്ന’ പ്രവാചകവചനം ഇവിടെ സ്മരണീയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.