നാദാപുരം പള്ളിയിലെ...
text_fieldsനാദാപുരം പള്ളിയിലെ ബാങ്കുവിളികേട്ട് പള്ളിക്ക് പുറത്തുള്ളവര്‍ ആരും ഇതുവരെ നോമ്പുതുറന്നിട്ടുണ്ടാവില്ല. ഉച്ചഭാഷിണിവഴി ഒരിക്കല്‍പോലും ഇവിടെ ബാങ്ക് വിളിക്കാത്തതുതന്നെ കാരണം. ആരാധനാകര്‍മങ്ങള്‍ക്കെല്ലാം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്കുള്ള അപൂര്‍വം പള്ളികളിലൊന്നാണിത്. നമസ്കാരസമയം മനസ്സിലാക്കാന്‍ സൂര്യചലനം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്തിവാ കുറ്റികളായിരുന്നു ഇവിടെ ഉപയോഗിച്ചിരുന്നത്. നിഴലിന്‍െറ നീളം അളക്കാന്‍ സഹായകരമായ ഇത്തരം ഇസ്തിവാ കുറ്റികള്‍ ഇപ്പോഴും പള്ളിപരിസരത്ത് കാണാം.
റമദാന്‍ മാസപ്പിറവിയും ശവ്വാല്‍ മാസപ്പിറവിയും പ്രദേശത്തെ മറ്റു മഹല്ലുകള്‍ ഉറപ്പിക്കുന്നത് ഇപ്പോഴും നാദാപുരം പള്ളിയിലത്തെിയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും ഇതിന് മാറ്റമുണ്ടായിട്ടില്ല. നാദാപുരത്തുനിന്ന് ഖാദിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കുറ്റിച്ചിറയിലത്തെി വലിയ ഖാദിയെ കണ്ടാണ് പിറ ഉറപ്പിക്കല്‍ ചടങ്ങ് നടക്കുന്നത്.
പഴമയുടെ പൊലിമ നിറഞ്ഞുനില്‍ക്കുന്ന പള്ളിയില്‍ എത്തുന്നവര്‍ക്ക് നാദാപുരത്തെ റമദാന്‍ ഓമകളുമായി കഴിയുന്ന മുതിര്‍ന്ന തലമുറയിലെ ഒട്ടേറെപേരെ ഇപ്പോഴും കാണാം. 1984 മുതല്‍ ഖാദിയായി പ്രവര്‍ത്തിക്കുന്ന മേനക്കോത്ത് പി. അഹമ്മദ് മൗലവിക്ക് പങ്കുവെക്കാന്‍ റമദാന്‍ സ്മരണകളേറെയാണ്. നേരത്തേ ഖാദിയായിരുന്ന മേനക്കോത്ത് വലിയ അഹമ്മദ് മുസ്ലിയാരുടെ പിന്‍ഗാമിയായാണ് അഹമ്മദ് മൗലവി ഖാദിയായത്. 1969 മുതലേ സഹായിയായി പള്ളിയില്‍ നമസ്കാരവും ഖുതുബയും നിര്‍വഹിച്ചിരുന്നു.
റമദാന്‍ വ്രതം തുടങ്ങിയാല്‍ പിന്നെ പള്ളി സജീവമാകും. നോമ്പിനെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പള്ളിയില്‍ നടത്തും. അക്കാലത്ത് അകംപള്ളിയില്‍ പണ്ഡിതന്മാരും കാരണവരും മാത്രമേ ഉണ്ടാവുകയുള്ളൂ. ചെറുപ്പക്കാരും കുട്ടികളും പുറംപള്ളിയില്‍ മാത്രം. രാവിലെ പള്ളിയിലത്തെുന്ന കാരണവന്മാര്‍ അസര്‍ നമസ്കാരം കഴിഞ്ഞേ പള്ളിയില്‍നിന്നിറങ്ങൂ. അതുവരെ ഖുര്‍ആന്‍ ഓതലും ഉറുദി കേള്‍ക്കലുമായി കഴിയും. ഉറുദി രണ്ടുനേരമുണ്ടാകും. ളുഹര്‍ നമസ്കാരാനന്തരം സ്വദേശ വാസികളായ പണ്ഡിതന്മാരാണ് ഉറുദി പറയുക. അസറിന് ശേഷമുള്ള ഉറുദി കുട്ടികള്‍ക്കുള്ളതാണെന്നാണ് പറയുക. ഇത് പള്ളിപ്പൂമുഖത്ത്വെച്ചാണ് നടക്കുക. രണ്ട് ഉറുദിക്കും പണപ്പിരിവുണ്ടായിരിക്കും. പണ്ടുമുതലേ നോമ്പ് തുറക്കാനത്തെുന്നവര്‍ക്ക് നാദാപുരത്ത് പള്ളി അധികൃതര്‍ സംവിധാനങ്ങള്‍ ഒരുക്കാറുണ്ടായിരുന്നു. യാത്രക്കാരെ വീട്ടില്‍ കൊണ്ടുപോയും നോമ്പ് തുറപ്പിച്ചിരുന്നു. അത്താഴത്തിന് ആളുകളെ ഉണര്‍ത്താന്‍ ബാന്‍ഡ് സംഘം ഊരുചുറ്റുന്നതും, നോമ്പ് തുറക്കാനുള്ള കുഞ്ഞിപ്പള്ളിയിലെ കതിന വെടിയും തറാവീഹ് കഴിഞ്ഞത്തെുന്ന നേരത്ത് വീടുകളില്‍ മുത്താഴം മുട്ടിനത്തെുന്ന ചെണ്ടയും ചീനിയും പ്രായമേറിയരുടെ ഓര്‍മയിലുണ്ട്.
മലബാറിലെ പ്രധാന ആരാധനാലയമായ നാദാപുരം ജുമാമസ്ജിദിന് പ്രത്യേകതകളേറെയുണ്ട്. നിര്‍മാണ ചാരുതയിലും സവിശേഷതകളിലും വേറിട്ടുനില്‍ക്കുന്നു ഈ ആരാധനാലയം. 3000ത്തിലധികം പേര്‍ക്ക് ഒരേസമയം പ്രാര്‍ഥന നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കി മൂന്നുനിലകളില്‍ വിശാലമായ അകത്തളങ്ങളുമുണ്ടിതിന്. 150ലധികം വര്‍ഷം പഴക്കമുള്ള ഈ പള്ളിയിലെ അകത്തളങ്ങളില്‍ നിരന്നുനില്‍ക്കുന്നത് കൂറ്റന്‍ കരിങ്കല്‍ തൂണുകളാണ്. ഒരു മീറ്ററിലധികം ചുറ്റളവും അഞ്ചു മീറ്ററിലധികം ഉയരവുമുള്ള ഈ ഭീമന്‍ കരിങ്കല്‍ തൂണുകളാണ് പള്ളിയുടെ വിസ്മയകരമായ കാഴ്ച. കേരളീയ കരവിരുതും പേര്‍ഷ്യന്‍ നിര്‍മാണരീതിയും സമ്മേളിച്ച ശില്‍പഭംഗിയാണ് പള്ളിയുടെ അകത്തളങ്ങളിലെ സവിശേഷത. മറ്റിടങ്ങളിലെല്ലാം മനോഹരമായ അറബി ലിബികളിലുള്ള ഖുര്‍ആന്‍ ആലേഖനങ്ങള്‍. തച്ചുശാസ്ത്ര വിദ്യയില്‍ അഗാധ പാണ്ഡിത്യമുള്ള കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യാക്കൂബ് മുസ്ലിയാരുടെ മേല്‍നോട്ടത്തിലാണ് പള്ളിയുടെയും ഒന്നിച്ചുള്ള വിശാലമായ കുളത്തിന്‍െറയും നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ആധുനിക നിര്‍മാണ പ്രവൃത്തികളെ പിന്നിലാക്കുന്ന കൊത്തുപണികളോടെയുള്ള മിമ്പറാണ് (പ്രസംഗപീഠം) പള്ളിയുടെ മറ്റൊരു ആകര്‍ഷണീയത.
വടക്കന്‍ പാട്ടുകളിലും മറ്റും പരാമര്‍ശങ്ങളുള്ള പള്ളിയെക്കുറിച്ച് സിനിമാ പാട്ടുകളുമുണ്ട്. ‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ...’ എന്നു തുടങ്ങുന്ന ‘തച്ചോളി അമ്പു’വിലെ പാട്ട് പ്രസിദ്ധമാണ്. എന്നാല്‍, ഈ പള്ളിയില്‍ ചന്ദനക്കുടങ്ങളോ, നേര്‍ച്ചകളോ ഒരിക്കല്‍പോലും നടന്നിട്ടില്ളെന്ന് പഴമക്കാര്‍ പറയുന്നു. വടക്കന്‍ മലബാറില്‍ മതപ്രബോധനരംഗത്ത് തിളങ്ങിനിന്ന സൂഫികളുടെയും മതപണ്ഡിതന്മാരുടെയും ഖബറിടങ്ങള്‍ പള്ളിക്കകത്ത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇവിടെയും ആണ്ടുനേര്‍ച്ചയോ, ജാറംമൂടലോ നടക്കുന്നില്ളെന്നതും നാദാപുരം പള്ളിയുടെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.