ഷിബിന്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു
text_fieldsകോഴിക്കോട്: തൂണേരി വെള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.കെ. ഷിബിന്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിധി പറഞ്ഞത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വ്യക്തമാക്കി. കേസിലുൾപെട്ട 17 പ്രതികളയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാം പ്രതിയുടെ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്.
തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കി താഴെകുനി സിദ്ദീഖ് (30), കൊച്ചന്‍റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസ്സമദ് -25), മനിയന്‍റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടേമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു-25), എടാടില്‍ ഹസ്സന്‍ (24), വില്യാപ്പള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കള്ളേരിന്‍റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ലിയാര്‍ (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്-55) എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വനാണ് ഹാജരായത്. വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ഷിബിൻെറ കുടുംബം അറിയിച്ചു.
2015 ജനുവരി 22ന് രാത്രിയാണ് സംഭവം. രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ വധിക്കുകയും മറ്റ് ആറുപേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണെന്നാണ് കേസ്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് കേസിലുള്ളത്.
2015 ഏപ്രില്‍ 18ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കുറ്റ്യാടി സി.ഐ ദിനേശ് കോറോത്ത് നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് മാറാട് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കൊലപാതകം (302), വധശ്രമം (307), മാരകായുധങ്ങള്‍കൊണ്ട് ബോധപൂര്‍വം പരിക്കേല്‍പിക്കല്‍ (324), കലാപമുണ്ടാക്കല്‍ (147), കുറ്റവാളികളെ ഒളിപ്പിക്കല്‍ (212), തെളിവ് നശിപ്പിക്കല്‍ (201) എന്നിവ ഉള്‍പ്പെടെ വകുപ്പുകളാണ് പ്രതികളുടെ മേൽ ചുമത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.