പാപമോചനം പ്രധാനം
text_fieldsറമദാന്‍ കൊണ്ട് ലഭിക്കുന്ന ഏറ്റവും സുപ്രധാനമായ നേട്ടം പാപങ്ങള്‍ പൊറുക്കപ്പെടുന്നുവെന്നതാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ) റമദാനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടത് അത് തന്നെയാണ്. ആര് റമദാനില്‍ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും നോമ്പ് അനുഷ്ഠിച്ചുവോ, അവന്‍െറ കഴിഞ്ഞുപോയ എല്ലാ പാപങ്ങളും പൊറുക്കപ്പെടും. ആര് റമദാനിന്‍െറ രാത്രികളില്‍ വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും നിന്ന് നമസ്കരിച്ചുവോ, അവന്‍െറ കഴിഞ്ഞുപോയ പാപങ്ങളും പൊറുക്കപ്പെടും. മുന്‍കഴിഞ്ഞുപോയ നമ്മുടെ ജീവിതത്തില്‍ സംഭവിച്ച പാകപ്പിഴവുകള്‍. ഇരുപതും മുപ്പതും നാല്‍പതും വര്‍ഷം ജീവിച്ചവര്‍ അവരുടെ ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും സംഭവിച്ച നമ്മുടെ തെറ്റുകുറ്റങ്ങള്‍. അതെല്ലാം ഏറ്റ് പറഞ്ഞ് മാപ്പപേക്ഷിച്ച്, നിഷ്കളങ്കമായ മനസോടെ അവനിലേക്ക് തിരിച്ചുപോകുവാന്‍ നമ്മെ പ്രാപ്തമാക്കുന്ന മാസമാണ് റമദാന്‍. അതിനാല്‍, ഈ സന്ദര്‍ഭത്തില്‍ പാപമോചനത്തിന്‍െറ പ്രാര്‍ഥനക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യവും പ്രസക്തിയുമുണ്ട്.
നോമ്പുകാരന് രണ്ട് സന്തോഷമുണ്ടെന്ന് പ്രവാചകന്‍ പറയുന്നു. ഒന്ന്, നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷം. രണ്ടാമത്തേത് തന്‍െറ നാഥനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം. നോമ്പ് തുറക്കുമ്പോള്‍ നോമ്പില്‍ നിന്ന് മുക്തമാവുമ്പോഴുള്ള സന്തോഷം മാത്രമല്ല. മറിച്ച്, നോമ്പ് തുറക്കുന്ന വേളയില്‍ ഉരുവിടുന്ന പ്രാര്‍ഥനകള്‍, പ്രായശ്ചിത്തങ്ങള്‍ എല്ലാം അല്ലാഹുവിന്‍െറയടുക്കല്‍ സ്വീകാര്യമാവുന്നു എന്നറിയുമ്പോഴുള്ള സന്തോഷമാണ്. മരിച്ച് പരലോകത്ത് ചെല്ലുമ്പോള്‍, തന്‍െറ നാഥനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം നമുക്ക് ലഭിക്കണമെങ്കില്‍ നമ്മുടെ പാപങ്ങള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം ലഭിക്കണം. അതാണ് നോമ്പ് നമുക്ക് പ്രധാനം ചെയ്യുന്ന ഏറ്റവും അസുലഭമായ നേട്ടം. ഈ നേട്ടം നാം ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ല. പാപമോചനത്തെക്കുറിച്ച് പറയുമ്പോള്‍, സുപ്രധാനമായ ഏതാനും കാര്യങ്ങള്‍ നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്.
ഒന്നാമത്തേത്, പാപങ്ങള്‍ പൊറുത്തുനല്‍കണമെങ്കില്‍ ആത്മാര്‍ഥമായ പശ്ചാത്താപം ആവശ്യമാണ്. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള ഖേദം നമ്മെ അലട്ടിക്കൊണ്ടിരിക്കണം. അവിവേകം കൊണ്ട് തെറ്റ് സംഭവിക്കുകയും, തെറ്റ് മനസിലായ ഉടനെ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവര്‍ക്കാണ് പൊറുത്തുനല്‍കുകയെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. തെറ്റുകളില്‍ അഭിരമിക്കുകയും, അവസാനം മരണം തൊണ്ടക്കുഴിയില്‍ എത്തുകയും ചെയ്യുമ്പോള്‍ പശ്ചാത്തപിക്കുന്നവര്‍ക്കല്ല പൊറുത്തുകൊടുക്കുകയെന്നും ഇതേ അധ്യായത്തില്‍ പറയുന്നു. ചെയ്തുപോയ ഓരോ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ടുള്ള ഖേദപ്രകടനങ്ങളാണ് പൊറുത്തുകിട്ടാന്‍ ഏറ്റവും നല്ല മാര്‍ഗമെന്നതും ഓര്‍ക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.