മരുച്ചൂടിൽ വേവിച്ച ജീവിതം
text_fields'ശരീരം മുഴുവന്‍ കരിച്ചുകളയാന്‍ കരുത്തുള്ള വെയിലില്‍ ആ പത്തേമാരിയുടെ തുറന്ന സ്ഥലത്ത് അയാള്‍ കണ്ണടച്ചുകിടന്നു. അന്ത്യനാളിലെന്നപോലെ ഒരുചാണിന്‍െറ വ്യത്യാസമേ താനും സൂര്യനും തമ്മിലുള്ളൂ എന്ന് തോന്നിപ്പോയി അയാള്‍ക്ക്. വിയര്‍പ്പൂറാന്‍പോലുമുള്ള ജലാംശം ഇല്ലായിരുന്നു ആ ശരീരത്തില്‍. നാളുകളായി ഒന്നു തൊണ്ട നനച്ചിട്ട്. തന്‍െറ ജീവന്‍െറ അവസാന മിടിപ്പ് കേള്‍ക്കുന്നപോലെ അദ്ദേഹത്തിന് തോന്നി. മരണത്തിന്‍െറ മാലാഖ തന്‍െറ ആത്മാവില്‍ തൊടും മുമ്പ്, ഒരിക്കല്‍ മാത്രം ഉമ്മാനേം ഉപ്പാനേം കാണണം എന്നു വല്ലാത്തൊരാശ തോന്നി ആ പതിനേഴുകാരന്.’ ഇത് അറക്കല്‍ അഹ്മദ് കുട്ടി സാഹിബ്. മലയാള മണ്ണിന്‍െറ, പ്രത്യേകിച്ച് മലബാറിന്‍െറ ചരിത്രം തന്നെ മാറ്റിയെഴുതിയവന്‍. ജീവിതം കരുപ്പിടിപ്പിക്കാന്‍ 63 കൊല്ലം മുമ്പ് കള്ളലോഞ്ചെന്ന് നാട്ടുകാര്‍ പറയുന്ന പത്തേമാരിയിലേറി അറബിപ്പൊന്നിന്‍െറ നാട്ടിലത്തെിയ ആദ്യ മലയാളികളിലൊരാള്‍. ഗള്‍ഫിലത്തെിയ ആദ്യ മലബാരി, ‘അവ്വലു മലൈബാരി’.
1953ല്‍ ഗുജറാത്തിലെ കച്ചില്‍നിന്ന് പാസ്പോര്‍ട്ടില്ലാതെയായിരുന്നു യാത്ര. റമദാന്‍ കഴിഞ്ഞ് മൂന്നോ നാലോ മാസം കഴിഞ്ഞാണെന്നാണ് ഓര്‍മ. നോമ്പിനേക്കാള്‍ കഠിനമായിരുന്നു ആ ദിവസങ്ങള്‍. മേലെ പൊള്ളുന്ന ആകാശവും ചുറ്റിലും കടലും. കാറ്റിന്‍െറ ഓരംപറ്റി ഒരുമാസം നീണ്ട യാത്ര. കുടിവെള്ളം പോലുമില്ല. കരക്കത്തെുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. പോരാത്തതിന് ലോഞ്ചില്‍ കയറി മരിച്ചുവീഴുന്നവരെ കുറിച്ച ഭീതിപ്പെടുത്തുന്ന കഥകളും. ഇപ്പോള്‍ ഹയാത്ത് റെസിഡന്‍സി എന്നു പേരുള്ള ഹോട്ടലുള്ള സ്ഥലത്താണ് അന്ന് ഇറങ്ങിയത്.
യു.എ.ഇ എന്ന രാജ്യം ഉണ്ടാകുന്നതിനുമുമ്പുള്ള കാലം. ഇന്നത്തെപ്പോലെ വികസനമോ കെട്ടിടങ്ങളോ എത്തിനോക്കിയിട്ടില്ല. എങ്ങും ഈന്തപ്പനയോലയില്‍ മേഞ്ഞ വീടുകള്‍ മാത്രം. ‘ബറസ്തി’ എന്നാണ് ഇതറിയപ്പെടുന്നത്. അഞ്ചു രൂപയാണ് വീടിന്‍െറ വാടക. ഉണക്ക മത്സ്യവും ഈത്തപ്പഴവും മാത്രമായിരുന്നു അന്ന് അവിടെയുള്ള വിഭവം. വെള്ളത്തിനുപോലും രണ്ടണ വേണം. പൈസയുള്ളവന്‍ വാങ്ങും, ഇല്ലാത്തവന്‍ പട്ടിണികിടക്കും. അന്ന് ഒമ്പതു മലയാളികള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതിലേറ്റവും ചെറിയ കുട്ടിയായിരുന്നു ഞാന്‍. കാലമേറെയായിട്ടും മരുച്ചൂടും അവിടെ വേവിച്ചെടുത്ത ജീവിതവും ഒട്ടും മങ്ങാതെതന്നെയുണ്ട് ഈ 79 കാരന്‍െറ ഓര്‍മകളില്‍.
‘ചാക്ക് നനച്ചിട്ടാണ് ചൂടുകാലത്ത് കിടക്കുക. കടലില്‍ കുളിക്കും. മുടിവെട്ടാന്‍ പണമില്ലാത്തതിനാല്‍ ഹിപ്പിയെപ്പോലെ മുടിവളര്‍ത്തി നടന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്.’ ‘ആദ്യകാലത്തൊക്കെ നോമ്പുകാലവും മറ്റു ദിവസങ്ങളും തമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നിയിരുന്നില്ല. എല്ലാ ദിവസവും പട്ടിണി തന്നെയാണല്ളോ. വെള്ളത്തിനും പൈസ കൊടുക്കേണ്ടതുകൊണ്ട് അതും ഇല്ല. ‘വേദനയൊളിപ്പിച്ചുവെച്ച ചിരിയോടെ അദ്ദേഹം പറഞ്ഞു. കുട്ടിയായതിനാല്‍ ആരും ജോലി തരില്ല. മീന്‍പണിയായിരുന്നു അവിടെ ആകെയുള്ള ഒമ്പതോളം വരുന്ന മലയാളികള്‍ക്ക്. ഉണക്കമീന്‍ കയറ്റിയയക്കല്‍. അത്യാവശ്യം ശാപ്പാട് ഒരുക്കാന്‍തന്നെ പത്തണയോളം ചെലവാണ്. ഇന്നത്തെപ്പോലെ പള്ളിയില്‍ ഭക്ഷണം പതിവില്ല. ഇതൊക്കെക്കൊണ്ടുതന്നെ നോമ്പുനോല്‍ക്കുന്നവരും കുറവ്. ആദ്യത്തെ രണ്ടു മൂന്നു നോമ്പുകാലം കടന്നുപോയത് എങ്ങനെയെന്ന് പടച്ചവനുമാത്രമേ അറിയൂ. പള്ളിയില്‍നിന്ന് കിട്ടുന്ന ചുരുങ്ങിയ ഈത്തപ്പഴമാണ് ഏക ആശ്വാസം. വിഭവസമൃദ്ധമായ ഇന്നത്തെ നോമ്പുതുറകള്‍ കാണുമ്പോഴൊക്കെ ആ നാളുകള്‍ മനസ്സിലത്തെും. വിശന്ന് കണ്ണില്‍ ഇരുട്ടുകയറിയ കാലം. മരുഭൂമിയില്‍ മലര്‍ന്നുകിടന്ന് പട്ടിണി സഹിക്കാനാവാതെ അല്ലാഹുവിനോട് മരിപ്പിക്കാന്‍വേണ്ടി നടത്തിയ പ്രാര്‍ഥന...
അതിനിടെയാണ് മാലാഖയെപ്പോലെ അയാള്‍ വന്നത്. സത്രാം ദാസ് എന്ന സിന്ധിക്കാരന്‍. കഷ്ടപ്പാട് കണ്ടിട്ട് 100 രൂപ തന്നു. ജപ്പാനില്‍ ബിസിനസുള്ള പണക്കാരന്‍. എന്നോടു ഖത്തറിലേക്ക് യാത്രതിരിക്കാന്‍ പറഞ്ഞു. 50 രൂപ ലോഞ്ചിനു കൊടുത്ത് ഖത്തറിലേക്ക് തിരിച്ചു. ഇതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്.
പ്രിയപ്പെട്ട സത്രാം ദാസിനുവേണ്ടി ഉമ്മ മരിക്കുന്നതുവരെ ദുആ ചെയ്ത കാര്യം അഹ്മദ് കുട്ടി സാഹിബ് ഓര്‍ക്കുന്നു. ഖത്തറില്‍നിന്ന് ബഹ്റൈനിലേക്ക്, പിന്നെ കുവൈത്ത്. അങ്ങനെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട് അഹ്മദ്ക്ക.
13 പാസ്പോര്‍ട്ടും വിവിധ കച്ചവടം ചെയ്യാനുള്ള ലൈസന്‍സും നിധിപോലെ സൂക്ഷിച്ചിരിക്കുന്നു അദ്ദേഹം. ബീഡി തെറുപ്പ്, ടെയ്ലറിങ് തുടങ്ങി കൈവെക്കാത്ത മേഖലകളില്ല. നല്ല ഒരു ഇംഗ്ളീഷ് കുക്ക് കൂടിയാണദ്ദേഹം. ബ്രിട്ടീഷ് കോണ്‍സുലേറ്റിലും ജോലിനോക്കി. ഇംഗ്ളീഷിനുപുറമെ 15 ഭാഷ അനായാസം പറയുമിപ്പോഴും. 20ാം വയസ്സില്‍ മക്ക അത്ര തന്നെ വികസിച്ചിട്ടില്ലാത്ത കാലത്ത് ഹജ്ജിനുപോയ അനുഭവവും അദ്ദേഹത്തിനുണ്ട്. മലഞ്ചെരുവിലെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷവും, സംസം വെള്ളം കിണറ്റില്‍നിന്ന് കോരിക്കുടിക്കാനായതും മറക്കാനാവാത്ത ഓര്‍മ.
ഇപ്പോള്‍ നാട്ടിലാണെങ്കിലും എല്ലാ നോമ്പുകാലത്തും അദ്ദേഹം യു.എ.ഇയിലത്തെുന്നു. പതിവ് ഇത്തവണയും തെറ്റിക്കുന്നില്ല. മമ്പാട് എം.ഇ.എസ് കോളജിനു പിറകുവശത്തുള്ള അദ്ദേഹത്തിന്‍െറ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ യാത്രക്കുള്ള ടിക്കറ്റും മറ്റും ശരിപ്പെടുത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. തന്നെ താനാക്കിയ സ്വപ്ന ഭൂമിയില്‍ റമദാന്‍ മൂഴുവന്‍ കഴിച്ചുകൂട്ടാന്‍ മാത്രമല്ല ഈ യാത്ര, ജീവിത വസന്തങ്ങള്‍ മുഴുവന്‍ കഴിച്ചുകൂട്ടിയ മണ്ണിന്‍െറ ഗന്ധം നഷ്ടമാവാതിരിക്കാന്‍. പ്രിയപ്പെട്ടവരെയൊക്കെ ഒന്നു കാണാന്‍...അവരുടെ ഓര്‍മച്ചെപ്പില്‍നിന്ന് ഈ അവ്വലു മലൈബാരി മായാതിരിക്കാന്‍...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.