നിർണായകമായത് കൊലയാളിയുടെ ചെരുപ്പ്
text_fieldsകൊച്ചി: കൊലയാളി ഉപയോഗിച്ച ചെരുപ്പാണ് ജിഷ വധക്കേസില്‍ നിര്‍ണായക തെളിവായത്. പൊലീസിന് തെളിവായി ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തം കണ്ടെത്തിയിരുന്നു. കൊലക്കേസിന്‍റെ അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വീടിന് സമീപത്തെ കനാലില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ സിമന്‍റ് പറ്റിയ ചെരുപ്പ് കിട്ടുന്നത്. പെരുമ്പാവൂരിൽ ഇത്തരം ചെരുപ്പ് കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികളാണ് ഉപയോഗിക്കുന്നതെന്ന വിവരവും പൊലീസിനു ലഭിച്ചു. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബർ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായി. മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തിരുന്നു. ഇവര്‍ നല്‍കിയ സൂചനകളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ഇതോടൊപ്പം ഫോണ്‍രേഖകളെ അടിസ്ഥാനപ്പെടുത്തിയും അന്വേഷണം വ്യാപിപ്പിച്ചു. ജിഷയുടെ ഫോണ്‍ പരിശോധിച്ചതില്‍ അന്യസംസ്ഥാനക്കാരായ ചിലരെ വിളിച്ചിട്ടുള്ളതായി പൊലീസിന് ബോധ്യപ്പെട്ടു. തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിൽ ഏപ്രിൽ 28നു കൊലപാതകം നടക്കുമ്പോൾ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകൾ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
ചെരുപ്പുകൾ ആ ദിവസങ്ങളിൽ തന്നെ സമീപവാസികൾക്കു തിരിച്ചറിയാനായി പ്രദർശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ജിഷയുടെ വീട് നിർമാണ ജോലി ചെയ്തവരിലേക്ക് അന്വേഷണം നീണ്ടു. പെരുമ്പാവൂരിലേയും സമീപ പ്രദേശങ്ങളിലേയും ചെരുപ്പുകടകളില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അവസാനം ചെരുപ്പ് വാങ്ങിയ കട കണ്ടെത്തുകയും ഉടമസ്ഥന്‍റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.