400 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കുന്നത് പരിഗണനയില്‍ –മന്ത്രി സുരേഷ് പ്രഭു
text_fieldsകൊച്ചി: വൈദ്യൂതീകരിച്ച ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ പാതയുടെ സമര്‍പ്പണം അടക്കം സംസ്ഥാനത്തെ അഞ്ച് റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിര്‍വഹിച്ചു. നിലമ്പൂരില്‍ പൂര്‍ത്തിയായ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം, എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനിലെ സൗജന്യ അടിയന്തര വൈദ്യസഹായ കേന്ദ്രം, സസ്യഭോജനശാല, എയര്‍ കണ്ടീഷന്‍ഡ് കാത്തിരിപ്പ് കേന്ദ്രം, വൈ-ഫൈ സംവിധാനം എന്നിവയുടെയും ഉദ്ഘാടനമാണ് മന്ത്രി എറണാകുളത്ത് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചത്. റെയില്‍വേയുടെ കുതിച്ചുചാട്ടത്തിന് വന്‍തോതിലുള്ള അടിസ്ഥാനസൗകര്യ വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സംസ്ഥാനങ്ങള്‍ സഹകരിക്കണം.
റെയില്‍വേയും കേരളവുമായി ചേര്‍ന്ന് സബര്‍ബന്‍ റെയില്‍ പദ്ധതി ആരംഭിക്കുന്നതിന് സംയുക്ത കമ്പനി രൂപവത്കരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു. ഇടത് സര്‍ക്കാറും ഈ നിലപാട് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഡിവിഷനല്‍ മാനേജര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി അടുത്തുതന്നെ കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളെ അവ സ്ഥിതിചെയ്യുന്ന നഗരങ്ങളുടെ ചിഹ്നങ്ങളാക്കി മാറ്റുന്ന തരത്തില്‍ വികസിപ്പിക്കുന്ന പദ്ധതിക്ക് രൂപംനല്‍കുന്നുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുമായിരിക്കും ഈ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കുക. ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതിന് വിപുലമായ പദ്ധതികളാണ് രൂപം നല്‍കിയിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സംവിധാനം വ്യാപിപ്പിക്കും. തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം സ്റ്റേഷനുകളില്‍ അടുത്തഘട്ടത്തില്‍ വൈ-ഫൈ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം റെയില്‍ പാത വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് ബല്യാന്‍, കെ.വി.തോമസ് എം.പി, എം.എല്‍.എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജയിന്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.