അഞ്ചുലക്ഷം ഏക്കര്‍ തോട്ടഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണത്തിന് ശിപാര്‍ശ
text_fieldsപത്തനംതിട്ട: പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിന്‍ഗാമികളെന്ന് അവകാശപ്പെട്ട് സംസ്ഥാനത്ത് തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാവുന്നതാണെന്ന നിഗമനത്തില്‍ സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം. ഇത്തരം ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ശിപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സര്‍ക്കാറിന് സമര്‍പ്പിക്കും. നൂറുകണക്കിന് കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന അഞ്ചുലക്ഷത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാവുമെന്നാണ് രാജമാണിക്യത്തിന്‍െറ കണ്ടത്തെലെന്നറിയുന്നു. ഭൂപരിഷ്കരണ നിയമത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട തോട്ടം മേഖലയില്‍ വന്‍ പൊളിച്ചെഴുത്തിന് വഴിതുറക്കുന്നതാണ് ശിപാര്‍ശ.
തോട്ടം മേഖലയിലെ കമ്പനികളുടെ കൈവശ ഭൂമിയുടെ സാധുത പരിശോധിക്കാന്‍ 1957ലെ ഭൂസംരക്ഷണ നിയമം സെക്ഷന്‍ 15 പ്രകാരം എറണാകുളം കലക്ടറായ എം.ജി. രാജമാണിക്യത്തെ സ്പെഷല്‍ ഓഫിസറായി 2015 ഡിസംബറില്‍ നിയമിച്ചിരുന്നു. 90 ശതമാനം കമ്പനികളും നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടത്തെി. ഭൂസംരക്ഷണ നിയമപ്രകാരം ഓരോ കമ്പനിക്കും എതിരെ നടപടി സ്വീകരിച്ച് ഭൂമി ഏറ്റെടുക്കാന്‍ കാലങ്ങള്‍ വേണ്ടിവരുമെന്നതും കേസുകളുടെ നൂലാമാലകളില്‍പെട്ട് നടപടി മുടങ്ങുമെന്നതും കണക്കിലെടുത്താണ് നിയമനിര്‍മാണത്തിന് ശിപാര്‍ശ നല്‍കുന്നത്.
ബ്രിട്ടീഷ് കമ്പനികളുടെ പിന്തുടര്‍ച്ചക്കാരെന്ന പേരില്‍ സംസ്ഥാനത്തെ 12 ജില്ലകളിലും തോട്ടംമേഖലയില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെയെല്ലാം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതം, തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്നിവ കണക്കിലെടുത്ത് നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം, തോട്ടം അടക്കം ഭൂമി കൈവശം വെക്കുന്നതിന് കര്‍ശനമായ പരിധി ഏര്‍പ്പെടുത്തണം, ബാക്കി ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം എന്നിവയാണ് റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളെന്നറിയുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം അനുവദിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കിയ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിനും 1956ലെ ഇന്ത്യന്‍ കമ്പനീസ് ആക്ടിനും വിരുദ്ധമാണ് തോട്ടം മേഖലയില്‍ ബ്രിട്ടീഷുകാരുടെ പിന്തുടര്‍ച്ചക്കാരെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെന്നാണ് രാജമാണിക്യത്തിന്‍െറ കണ്ടത്തെല്‍. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഭൂമി കൈമാറ്റംചെയ്യാന്‍ അവകാശം ഇല്ലാതായിരുന്നു. തോട്ടം മേഖലയിലെ ഭൂരിഭാഗം കമ്പനികളും ബ്രിട്ടീഷ് കമ്പനികള്‍ തങ്ങള്‍ക്ക് കൈമാറ്റം ചെയ്തു എന്ന് ആധാരം ചമച്ചാണ് ഭൂമി കൈവശം വെച്ചിരിക്കുന്നത്. ഈ ആധാരങ്ങള്‍ എല്ലാം ചമക്കപ്പെട്ടത് 1947ന് ശേഷമാണ്. അതിനാല്‍ അവക്ക് നിയമസാധുതയില്ളെന്നാണ് സംഘത്തിന്‍െറ കണ്ടത്തെല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.