സ്നേഹം വിളമ്പിയ ഉമ്മമാർ
text_fieldsഞാന്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന് ഇടവയിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. ഇടവ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി കാണുന്ന ആദ്യ കാഴ്ചതന്നെ ഏറെ പുതുമയുള്ളതായിരുന്നു. കൈയില്‍ പുസ്തകവും ചോറ്റുപാത്രവുമായി സ്കൂളിലേക്ക് നടന്നുനീങ്ങുന്ന ഒരു കൂട്ടം മുസ്ലിം പെണ്‍കുട്ടികള്‍. സത്യം പറഞ്ഞാല്‍ തട്ടമിട്ട പെണ്‍കുട്ടികളെ അന്ന് ഞാന്‍ ആദ്യമായി കാണുകയായിരുന്നു.
ഇടവ ഒരു മുസ്ലിം ഭൂരിപക്ഷപ്രദേശമായിരുന്നു. അയല്‍വാസികളെല്ലാം മുസ്ലിംകള്‍. എട്ടാം ക്ളാസിലേക്ക് ഞാന്‍ ചേര്‍ന്നത് ഇടവ മുസ്ലിം ഹൈസ്കൂളിലും. കൂട്ടുകാരില്‍ നല്ളൊരുപങ്കും മുസ്ലിംകള്‍. പ്രീഡിഗ്രി കഴിയുന്നതുവരെ ഞങ്ങള്‍ ഇടവയിലെ ആ വീട്ടില്‍തന്നെയായിരുന്നു താമസം. മുസ്ലിം ജീവിതവും സംസ്കാരവും അടുത്തറിയാന്‍ സാധിച്ച കാലമായിരുന്നു അത്. പള്ളിമിനാരത്തില്‍നിന്ന് മനോഹര ശബ്ദത്തില്‍ കേള്‍ക്കുന്ന ബാങ്കുവിളി, നമസ്കാരത്തിനായി പള്ളിയിലേക്ക് നടന്നുപോകുന്ന വിശ്വാസികള്‍, ശുഭ്രവസ്ത്ര ധാരികളായ മുസ്ലിയാക്കന്മാര്‍... അങ്ങനെ അന്നുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരുപാട് കാഴ്ചകള്‍.
അക്കാലത്തെ മുസ്ലിം വീടുകളിലെ കല്യാണക്കാഴ്ചകളായിരുന്നു എന്നില്‍ ഏറെ കൗതുകമുണര്‍ത്തിയത്. നോമ്പുകാലത്താവും മിക്ക കല്യാണങ്ങളും. കുതിരപ്പുറത്താണ് വരനെ വിവാഹ വേദിയിലേക്ക് ആനയിക്കുക. വരന്‍െറ മുഖം മറച്ചിട്ടുണ്ടാകും. അത്തരം ഒരുപാട് ദൃശ്യങ്ങള്‍. എന്നെ മകനെപ്പോലെ സ്നേഹിച്ച രണ്ട് ഉമ്മമാരുണ്ടായിരുന്നു ഇടവയില്‍. ഞങ്ങളുടെ വീടിന്‍െറ തൊട്ടടുത്ത് താമസിക്കുന്ന ഖദീജ, മൈനത്തി എന്നു പേരുള്ള രണ്ട് ഉമ്മമാര്‍. രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നോട് വലിയ വാത്സല്യവും സ്നേഹവുമായിരുന്നു ആ ഉമ്മമാര്‍ക്ക്. എന്നെ മുത്തേ എന്നാണ് അവര്‍ വിളിച്ചിരുന്നത്. രണ്ട് ഉമ്മമാരും എന്‍െറ അമ്മയോട് നല്ല കൂട്ടായിരുന്നു. വീടിന്‍െറ മതിലിന് അപ്പുറവും ഇപ്പുറവും അമ്മ അവരോട് ദീര്‍ഘനേരം സംസാരിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോഴെല്ലാം അമ്മയുടെ ചാരെ ഞാനുമുണ്ടാകും.
നോമ്പും പെരുന്നാളുമൊക്കെ വരുമ്പോള്‍ അവരുടെ വീട്ടില്‍ വലിയ ആഘോഷമാണ്. അന്നുണ്ടാക്കുന്ന ബിരിയാണിയും പലഹാരങ്ങളും ഞങ്ങളുടെ വീട്ടിലും അവര്‍ എത്തിക്കും. ജീവിതത്തില്‍ ഇന്നേവരെ കഴിച്ചിട്ടുള്ളതില്‍ ഏറ്റവും രുചികരമായ ഭക്ഷണമായിരുന്നു അതെന്ന് നിസ്സംശയം പറയാം. പില്‍കാലത്ത് എന്‍െറ വിവിധ സിനിമകളില്‍ കടന്നുവന്ന മുസ്ലിം കഥാപാത്രങ്ങള്‍ക്ക് അന്ന് കണ്ട ആ ഉമ്മമാരുടെയും മുസ്ലിം സ്ത്രീകളുടെയും ഛായയുണ്ടായിരുന്നു. റെയില്‍വേയില്‍ അച്ഛന്‍െറ സഹപ്രവര്‍ത്തകനായ സുലൈമാന്‍ മാസ്റ്റര്‍ ഞങ്ങളുടെ കുടുംബസുഹൃത്തുകൂടിയായിരുന്നു. ഞങ്ങളുടെ വീടിന്‍െറ അടുത്തുതന്നെയാണ് അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്.
ഞങ്ങള്‍ കുട്ടികള്‍ ഇടക്കിടെ അദ്ദേഹത്തിന്‍െറ വീട്ടില്‍ പോകുമായിരുന്നു. ‘സമാന്തരങ്ങള്‍’ എന്ന സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച ഇസ്മായില്‍ എന്ന സ്റ്റേഷന്‍ മാസ്റ്റര്‍ കഥാപാത്രം രൂപപ്പെടുന്നത് സുലൈമാന്‍ മാസ്റ്ററുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. സന്തോഷകരമെന്ന് പറയട്ടെ, ആ കഥാപാത്രമാണ് 1998 ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് എനിക്ക് നേടിത്തന്നത്. പുതിയ കാലത്ത് മന്ത്രിമാരുടെയും മറ്റും ഇഫ്താര്‍ മീറ്റുകളിലേക്ക് ക്ഷണം കിട്ടാറുണ്ട്. ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കുന്ന ഫീല്‍ ആണ് അത്തരം പരിപാടികള്‍ എന്നിലുണ്ടാക്കുന്നത്. അന്ന് ആ ഉമ്മമാര്‍ വിളമ്പിയ സ്നേഹത്തോളം വരില്ല അതൊന്നും..
തയാറാക്കിയത്: ഷെബീന്‍ മെഹബൂബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.