മെത്രാന്‍ കായലില്‍ നെല്‍കൃഷിയല്ലാതെ മറ്റൊന്നും അനുവദിക്കില്ല -വി.എസ്. സുനില്‍കുമാര്‍
text_fieldsകോട്ടയം: വിവാദമായ മെത്രാന്‍ കായലില്‍ നെല്‍ കൃഷിയല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. സ്വകാര്യ കമ്പനി കണ്‍സോര്‍ട്യത്തിന് വിലയ്ക്കെടുക്കാന്‍ കഴിയാതിരുന്ന ഇവിടുത്തെ 28 ഏക്കറില്‍ നവംബറില്‍ കൃഷിയിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുമരകത്തെ മെത്രാന്‍ കായല്‍ പാടശേഖരം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നെല്‍കൃഷി നടത്താന്‍ താല്‍പര്യമുള്ള ഒരു കര്‍ഷകനെങ്കിലും മെത്രാന്‍ കായലിലുണ്ടെങ്കില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ എത്ര പണം ചെലവഴിക്കാനും സര്‍ക്കാര്‍ തയാറാണ്. ഇവിടുത്തെ അഞ്ചു കര്‍ഷകര്‍ കൃഷിയിറക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ അടിസ്ഥാന സൗകര്യം ഒരുക്കിനല്‍കും. കമ്പനിക്കും വേണമെങ്കില്‍ കൃഷിയിറക്കാം. ആരും തടയില്ല. നെല്‍ കൃഷി നടത്തേണ്ട സ്ഥലം തരംമാറ്റാന്‍ കഴിയുമെന്ന് കരുതേണ്ട. മറ്റൊരുരൂപത്തില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമവും സര്‍ക്കാര്‍ അംഗീകരിക്കില്ല. കൃഷിയല്ലാതെ മറ്റൊരു ഉദേശവും നടക്കില്ല.
കഴിഞ്ഞദിവസം മെത്രാന്‍ കായലിന്‍െറ ഭൂരിഭാഗവും കൈവശം വെച്ചിരിക്കുന്ന കമ്പനിയുടെ പ്രതിനിധി തന്നെ കാണുകയും 50 ശതമാനം സ്ഥലത്ത് കൃഷിയും ബാക്കി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതും തരത്തിലുള്ള പദ്ധതി ആരംഭിക്കുന്നത് സംസാരിച്ചതായി മന്ത്രി വെളിപ്പെടുത്തി. നെല്‍കൃഷിയല്ലാതെ മറ്റൊരു പദ്ധതിയും അനുവദിക്കില്ളെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമി ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തില്ല. ആരുമായും ഏറ്റുമുട്ടാനില്ല.
മെത്രാന്‍ കായലില്‍ കൃഷിയിറക്കാനായി താല്‍ക്കാലിക സൗകര്യം ഒരുക്കാന്‍ 80 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തകര്‍ന്ന ബണ്ടിന്‍െറ ഭാഗങ്ങളും മോട്ടോര്‍ഷെഡ് അടക്കമുള്ള സൗകര്യവും ആദ്യഘട്ടത്തില്‍ ഒരുക്കാനാണ് ലക്ഷ്യം. സ്ഥിരസൗകര്യം ഒരുക്കാന്‍ 2.50 കോടി ചെലവിടേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്.
കായലും നിലവും ഒരുമിച്ചു കിടക്കുകയാണെന്നും അതിനാല്‍ കൃഷിക്ക് കഴിയില്ളെന്നും ചിലകോണുകളില്‍നിന്ന് വാദം ഉയര്‍ന്നിരുന്നു. വന്‍ ചെലവ് വേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിറക്കാന്‍ കഴിയുമെന്നാണ് സന്ദര്‍ശനത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. 28 ഏക്കര്‍ സ്ഥലത്ത് മാത്രം കൃഷിയിറക്കണമെങ്കിലും മെത്രാന്‍ കായലിന്‍െറ മുഴുവന്‍ ബണ്ട് നന്നാക്കേണ്ടിവരും. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ നല്‍കുന്ന അന്തിമ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാകും തുടര്‍നടപടി. കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന സാങ്കേതിക സമിതി രൂപവത്കരിച്ചിട്ടുണ്ട്. പിഴവുകള്‍ പരിഹരിച്ച് പുതിയ ഡാറ്റ ബാങ്ക് ആറു മാസത്തിനകം പൂര്‍ത്തിയാക്കും. മികച്ചഭൂമിയുണ്ടോയെന്ന് പരിശോധിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.