ഉത്തരം കിട്ടാന്‍ ഇനിയുമേറെ
text_fieldsകൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാം അറസ്റ്റിലായെങ്കിലും ഒട്ടേറെ ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. ഏപ്രില്‍ 28ന് വട്ടോളിപ്പടിയിലെ വീടിന് മുന്നിലൂടെ നടന്നുപോയപ്പോള്‍ ജിഷയെ നോക്കി ചിരിച്ചെന്നും തുടര്‍ന്ന് ജിഷ തന്നെ അടിക്കുമെന്ന് പറഞ്ഞ് ചെരിപ്പ് ഉയര്‍ത്തി കാണിച്ചെന്നും ഈ ദേഷ്യത്തിലാണ് താന്‍ വൈകീട്ട് വീട്ടിലത്തെിയതെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് വെള്ളിയാഴ്ച ഇയാള്‍ മാറ്റിപ്പറഞ്ഞു. ജിഷയോട് തോന്നിയ ലൈംഗിക ആഗ്രഹമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പിന്നീട് പറഞ്ഞത്. ഇത് ശരിയാണോ എന്ന് പൊലീസിന് ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ ഇത് വ്യക്തമാകൂ. ജിഷയുമായി പ്രതിക്ക് നേരത്തേ പരിചയമുണ്ടായിരുന്നോ എന്നും വ്യക്തമാകാനുണ്ട്. കൊലക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നും അറിയണം. പ്രതി ബംഗ്ളാദേശില്‍നിന്ന് കുടിയേറിയതാണെന്ന പ്രചാരണമുണ്ട്. കൊടും കുറ്റവാളിയാണ് പ്രതിയെന്നും ലൈംഗികവൈകൃതം പ്രകടിപ്പിക്കുന്ന ആളാണെന്നും പൊലീസ് മൊഴിയുടെ അടിസ്ഥാനത്തില്‍ പറയുന്നു. അസമിലും ബംഗാളിലുമായി ഇയാള്‍ക്കെതിരെ മറ്റുകേസുകള്‍ ഉണ്ടോ എന്നും ഉറപ്പാക്കണം. നാട്ടില്‍ ഇയാളുടെ വീട് കണ്ടത്തൊനോ മറ്റുവിശദാംശങ്ങള്‍ തേടാനോ ആയിട്ടില്ല. കേസിനെ ബലപ്പെടുത്തുന്ന ഒട്ടേറെ കണ്ണികള്‍ ഇനിയും വിളക്കിച്ചേര്‍ക്കാനുണ്ട്.
കുളിക്കടവില്‍ പ്രശ്നമുണ്ടായതായി അറിയില്ളെന്ന് സമീപവാസികള്‍
പെരുമ്പാവൂര്‍: പ്രതി അമീറുല്‍ ഇസ്ലാം പറഞ്ഞതായി പൊലീസ് വ്യാഴാഴ്ച അറിയിച്ച കുളിക്കടവിലെ പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് അറിയില്ളെന്ന് നാട്ടുകാര്‍. കനാലിലെ വീതികൂടിയ സ്ഥലമാണ് കുളിക്കടവായി ഉപയോഗിക്കുന്നത്. ഇവിടെയാണ് സ്ത്രീകള്‍ കുളിച്ചിരുന്നത്. കൊലപാതകത്തിന് കുറച്ചുദിവസം മുമ്പ് സ്ത്രീകളുടെ കുളിക്കടവില്‍ കയറിയ പ്രതിയെ ഒരു സ്ത്രീ കരണത്തടിക്കുകയായിരുന്നെന്നും ജിഷ കളിയാക്കിച്ചിരിച്ചെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, സമീപവാസികളായ സ്ത്രീകളാരും ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല. സാധാരണ അയല്‍വാസികളുമായി ചങ്ങാത്തത്തിനില്ലാത്ത ജിഷ കുളിക്കടവിലും ആരോടും സൗഹൃദത്തിന് ഉണ്ടാകാറില്ല. മറ്റാരെങ്കിലും അലക്കുന്നതിനിടെ വെള്ളം തെറിച്ചാല്‍ മാറിപ്പോവുകയാണ് ചെയ്യാറെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതോടെ കൊലപാതകത്തിനുള്ള ആദ്യകാരണമായി പൊലീസ് നിരത്തിയ കാര്യത്തില്‍ സംശയാലുക്കളാണ് നാട്ടുകാര്‍.
രണ്ടാമത്തെ കത്തി കിട്ടിയത് പറമ്പില്‍നിന്ന്
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ റിമാന്‍ഡിലായ പ്രതി താമസിച്ച മുറിയില്‍നിന്ന് ആയുധം കണ്ടത്തെിയെന്ന വാദം പൊളിയുന്നു. പൊലീസ് കണ്ടത്തെിയ കത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിച്ചുകൊടുത്തതാണ്. പ്രതി താമസിച്ച കെട്ടിടത്തിന്‍െറ തൊട്ടടുത്ത പറമ്പില്‍നിന്നാണ് വ്യാഴാഴ്ച കത്തി കണ്ടത്തെിയത്. എന്നാല്‍, പ്രതി താമസിച്ച മുറിയില്‍നിന്ന് ആയുധം കണ്ടത്തെിയെന്നാണ് പൊലീസ് പറഞ്ഞത്. നിയമസഭാ തെരഞ്ഞടുപ്പുഫലം പുറത്തുവന്നപ്പോള്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത് ആയുധം കണ്ടത്തെിയ പറമ്പിലായിരുന്നു. അന്ന് കത്തി ഇവരുടെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നു. വ്യാഴാഴ്ച വൈദ്യശാലപ്പടിയിലെ കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നതെന്ന വിവരം അറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിയുടെ വിവരം പൊലീസിനെ ധരിപ്പിക്കുകയായിരുന്നു. ജിഷയുടെ വീടിനുസമീപത്തുനിന്ന് പൊലീസ് നേരത്തേ ഒരു കത്തി കണ്ടത്തെിയിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രതി ജിഷയെ വധിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇത് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
23കാരന് 43കാരി ഭാര്യ
കൊച്ചി: 23കാരനായ പ്രതി അമീറുല്‍ ഇസ്ലാമിന് 43കാരി ഉള്‍പ്പെടെ രണ്ട് ഭാര്യമാര്‍. ഇതില്‍ 43കാരി നിയമാനുസൃത ഭാര്യയല്ളെന്ന് സംശയിക്കുന്നു. ഇവര്‍ക്ക് 19 വയസ്സുള്ള മകനുണ്ട്. രണ്ടാം ഭാര്യയില്‍ ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. ഈ ഭാര്യയും മകനും പെരുമ്പാവൂരില്‍ ഇയാള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏഴുമാസം മുമ്പാണ് അമീറുല്‍ ഇസ്ലാം പെരുമ്പാവൂരില്‍ എത്തുന്നത്. എന്തുജോലിയും ചെയ്യുന്ന ആളായിരുന്നു.
മൊഴികള്‍ പലവട്ടം മാറ്റി
കൊച്ചി: ജിഷ വധക്കേസില്‍ റിമാന്‍ഡിലായ പ്രതി അമീറുല്‍ ഇസ്ലാം മൊഴി പലവട്ടം മാറ്റിയത് പൊലീസിന് കടുത്ത തലവേദനയാണുണ്ടാക്കിയത്. ജിഷയുടെ വീടിനടുത്ത സ്ത്രീകളുടെ കുളിക്കടവില്‍ തെറ്റിക്കയറിയ അമീറുല്‍ ഇസ്ലാമിനെ ഒരു സ്ത്രീ കരണത്തടിച്ചെന്നും അത് കണ്ട് ജിഷ കളിയാക്കിച്ചിരിച്ചെന്നും ഇയാള്‍ വ്യാഴാഴ്ച മൊഴി നല്‍കുകയായിരുന്നു. എന്നാല്‍, ഇത് പിന്നീട് മാറ്റിപ്പറഞ്ഞു.
തനിക്ക് ജിഷയോട് കടുത്ത ലൈംഗികതാല്‍പര്യമുണ്ടായിരുന്നെന്ന് പ്രതി പറഞ്ഞു. ജിഷയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു മുഖ്യലക്ഷ്യം. ലൈംഗികാസക്തി മനോഭാവമുള്ള പ്രതി നാട്ടില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
താനല്ല കൊല നടത്തിയതെന്നായിരുന്നു പ്രതി ആദ്യം പറഞ്ഞത്. പിന്നീട് പൊലീസ് മുറയില്‍ ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മൂന്നുപേര്‍ ചേര്‍ന്നാണ് കൃത്യം ചെയ്തതെന്നും ഇടക്ക് പറഞ്ഞെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു. കൊല്ലാന്‍ ഉപയോഗിച്ച ആയുധം സംബന്ധിച്ചും വിരുദ്ധ മൊഴികള്‍ നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.