ചോദ്യങ്ങള്‍ അവസാനിപ്പിക്കാതെ സാമൂഹിക മാധ്യമങ്ങള്‍
text_fieldsകൊച്ചി: ജിഷയുടെ മരണത്തിലെ ഭീകരത പുറംലോകത്തെ ആദ്യം അറിയിച്ചതും ജിഷക്ക് നീതിക്കായി സംഘടിച്ചതും സാമൂഹിക മാധ്യമങ്ങളാണ്. അതുകൊണ്ടുതന്നെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയിലായിട്ടും സാമൂഹിക മാധ്യമങ്ങളില്‍ സംശയങ്ങളും ചോദ്യങ്ങളും അവസാനിക്കുന്നില്ല. ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങള്‍ തൊടുത്തുവിടുകയാണ് സാമൂഹിക മാധ്യമ പ്രവര്‍ത്തകര്‍. ഇതില്‍ ജിഷക്കായി തെരുവിലിറങ്ങിയവരും സഹപാഠികളുമെല്ലാംപെടും.
എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന കാരണങ്ങളും ഉത്തരങ്ങളും നിരത്തുന്നതിന് അന്വേഷണ സംഘത്തിന് ഇനിയും ഏറെ വിയര്‍ക്കേണ്ടിവരും. ജിഷയുടെ കൊലപാതകം വിവാദമായതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ഒരു കൂട്ടായ്മ രൂപപ്പെട്ടിരുന്നു, ‘ജസ്റ്റിസ് ഫോര്‍ ജിഷ’ എന്ന ഹാഷ് ടാഗില്‍. ഈ കൂട്ടായ്മയില്‍ അണിചേര്‍ന്നവരുടെ ആഹ്വാനപ്രകാരം പെരുമ്പാവൂരിലും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം യുവാക്കള്‍ തെരുവിലിറങ്ങി. പെരുമ്പാവൂരില്‍ പ്രകടനം നടത്തിയും എറണാകുളം മറൈന്‍ഡ്രൈവില്‍ മെഴുകുതിരി കത്തിച്ചുവെച്ച് മൗനമായി നിന്നുമെല്ലാം അവര്‍ ജിഷക്കുവേണ്ടിയുള്ള പോരാട്ടം സജീവമാക്കുകയും ചെയ്തു. പ്രതി പിടിയിലായപ്പോള്‍ ഏറ്റവുമധികം സംശയങ്ങള്‍ ഉയരുന്നതും ഈ വേദിയില്‍ നിന്നുതന്നെയാണ്.
ബലാത്സംഗം നടത്തി കൊന്നശേഷം നാടുവിട്ട അസം തൊഴിലാളിക്കുവേണ്ടി ആദ്യ അന്വേഷണസംഘം തെളിവുകള്‍ നശിപ്പിച്ചതിന്‍െറ സാംഗത്യമാണ് അവര്‍ ഇപ്പോഴും ഉന്നയിക്കുന്നത്. ഈ അസം സ്വദേശിക്കുവേണ്ടിയാണോ അസമയത്ത് ധിറുതിപിടിച്ച് മൃതദേഹം കത്തിച്ചത് എന്ന ചോദ്യത്തിനും ഇതുവരെ കൃത്യമായ ഉത്തരമില്ല.
ചോദ്യങ്ങള്‍ മാത്രമല്ല, പരിഹാസങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. ഇനി കൊലനടത്താന്‍ ഉദ്ദേശിക്കുന്നവര്‍ അടുത്ത കടയില്‍ പോയി പുതിയ ചെരുപ്പ് വാങ്ങണമെന്നും ചെരുപ്പ് വാങ്ങുമ്പോള്‍ നാടുംവീടും പറഞ്ഞ് പരിചയപ്പെടണമെന്നും കൃത്യം നടത്തിയശേഷം അന്വേഷണ സംഘത്തിന് കാണാവുന്ന വിധത്തില്‍ ചെരുപ്പ് ഉപേക്ഷിച്ച് മടങ്ങണമെന്നുമാണ് പരിഹാസങ്ങളില്‍ മുഖ്യം. പൊലീസിന്‍െറ പിടിയിലായ പ്രതിക്ക് ഉയരം കുറവാണെന്ന് കണ്ടതോടെ ജിഷയുടെ വീട്ടില്‍ നിന്നിറങ്ങിയ ആറടി ഉയരമുള്ള മഞ്ഞ ഷര്‍ട്ടുകാരന്‍ എവിടെപ്പോയി എന്നായി മറ്റൊരു വിഭാഗത്തിന്‍െറ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.