ജിഷ വധം: എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കാനാവില്ലെന്ന് ഡി.ജി.പി
text_fieldsകൊച്ചി: ജിഷ വധക്കേസിലെ എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ മാത്രമേ നൽകാനാവൂ. പ്രതിയെ പിടികൂടിെയങ്കിലും പ്രാഥമികാന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഷയുടെ പിതാവ് പാപ്പുവിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. അന്വേഷണത്തിന്‍റെ പല ഘട്ടത്തിലും തന്നോട് തന്നെ അദ്ദേഹം പരാതി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും ഡി.ജി.പി പറഞ്ഞു.
പ്രതിയെ പിടിച്ചാലുടൻ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് എന്‍റെ രീതിയല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബെഹ്റ പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് കേസന്വേഷണം നടത്താനാവില്ല. കുറേ പരാതികൾ ഉണ്ടാകും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയാണ് പൊലീസിന്‍റെ കടമ. ഇതിന് തെളിവുകൾ ശേഖരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അന്യ സംസ്ഥാന തൊഴിലാളികളിൽ 95 ശതമാനംപേരും നല്ലവരാണ്. വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ് കുഴപ്പക്കാർ. ഇവരുടെ ഡാറ്റാ ബാങ്ക് ശേഖരിക്കുന്ന കാര്യം പരിഗണനയിലാണ്. നിയമപരമായി മാത്രമേ ഇക്കാര്യം ചെയ്യാൻ കഴിയൂ. നിർബന്ധപൂർവം ഇവരുടെ വിരലടയാളം ശേഖരിക്കാൻ സാധ്യമല്ല. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ഇവർക്കും ബാധകമാണ്. അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖറിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും ബെഹ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.