ഉമ്മക്കഥകളിലെ മലയാള നാട്
text_fieldsമലബാറിനെക്കുറിച്ച്, മലയാളത്തെക്കുറിച്ച് ഉമ്മ പറഞ്ഞ കഥകളുടെ ഓര്‍മകള്‍ തുറക്കുന്ന പുണ്യമാസമാണ് മലേഷ്യയിലെ മുഹമ്മദാലി ഹാജിക്ക് നോമ്പുമാസം. മനോഹരമായ നാടിന്‍െറ പച്ചപ്പുള്ള കഥകളായിരുന്നു ഉമ്മയുടെ നോമ്പോര്‍മകളില്‍ നിറയെ. നെയ്യപ്പത്തിന്‍െറ ഉള്ളുണര്‍ത്തുന്ന മണവും കൊതിയൂറുന്ന രുചിയും ഇരുപത്തിയേഴാം രാവിന്‍െറ പുണ്യമേറിയ നോമ്പിനെ കൊണ്ടുപോകുമോ എന്നു ഭയന്ന കാലം. അക്കാലത്ത് ചെറുപ്രായത്തില്‍ കേട്ടുതുടങ്ങിയതാണ് മലബാറിന്‍െറ നോമ്പുരുചികള്‍. ചക്കരച്ചോറ് വെക്കുന്ന ബറാഅത്തും തേങ്ങാച്ചോറ് വെക്കുന്ന പെരുന്നാളും തെളിമയുള്ള ഉമ്മക്കഥകളാണ്.
മുഹമ്മദാലി ഹാജിയുടെ ഉപ്പ മലബാര്‍ കലാപകാലത്ത് മലേഷ്യയിലത്തെിയതാണ്. ആഘോഷദിവസങ്ങളില്‍ നാടിന്‍െറ ചിട്ടവട്ടങ്ങളാണ് മുഹമ്മദാലി പിന്തുടര്‍ന്നിരുന്നത്. നോമ്പിന് പള്ളിയില്‍പോകാന്‍ പുതുതായി തുന്നിയുണ്ടാക്കുന്ന പ്രത്യേക തൊപ്പിയും വെള്ളക്കുപ്പായവും ഗൃഹാതുരത്വം നിറക്കുന്നു.
ഓരോ മലേഷ്യന്‍ സന്ദര്‍ശനത്തിലും അദ്ദേഹത്തിന്‍െറ വീട്ടില്‍നിന്നു മലബാര്‍ വിഭവങ്ങള്‍ കഴിക്കണമെന്നത് നിര്‍ബന്ധമാണ്. നാട്ടിലെ വിശേഷങ്ങള്‍ അറിയണം. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള പഴയ മലയാളത്തിലാണ് വര്‍ത്തമാനം. ചില വാക്കുകള്‍ അദ്ഭുതപ്പെടുത്തും. മലയാളത്തില്‍ ഇന്ന് കേട്ടു പരിചയമില്ലാത്ത പുതുമയുള്ള വാക്കുകള്‍ പരിചയപ്പെടുത്തും. ഐസ് പെട്ടിയില്ലാത്ത കാലത്തെ റമദാനിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍െറ മുഖത്ത് തികഞ്ഞ സന്തോഷമായിരുന്നു. എല്ലാം ഫ്രഷ് ലഭിക്കും. അന്നന്നേക്കുള്ള സാധനങ്ങള്‍ കടയില്‍പോയി വാങ്ങല്‍ കുട്ടിക്കാലത്തെ ഉത്സാഹമായിരുന്നു. പ്രയാസപ്പെടേണ്ട എന്നതിന് ബേജാറാകണ്ട എന്നും, നമ്മുടെ റഫ്രിജറേറ്ററിന് ഐസ്പെട്ടിയെന്ന തനിമയുള്ള മലയാളവും കേട്ടത് മുഹമ്മദാലിക്കയില്‍നിന്നാണ്. അടയും വടയും നാടന്‍ചോറും പത്തിരിയും കറിയും എല്ലാം അവര്‍ ഒരുക്കും. സ്നേഹത്തോടെ സല്‍ക്കരിക്കും. പിന്നെ, അവസാനമായി ഒരു ആത്മഗതമുണ്ട്. നാട്ടിലെ അത്ര നന്നാവൂല അല്ളേ എന്ന ചോദ്യരൂപത്തിലുള്ള ഒരു ഏറ്റുപറച്ചില്‍. എന്നാല്‍, നാട്ടിലേക്കാള്‍ അധികം പലഹാരങ്ങളുടെ രുചി മനസ്സിലും നാവിലും ഒരുപോലെ സൂക്ഷിക്കുകയും അതിന്‍െറ മേന്മ ഉമ്മക്കഥകളിലൂടെ പകരുകയും ചെയ്ത മലേഷ്യന്‍ സിറ്റിസണ്‍ ആണ് ഇത്.
കഴിഞ്ഞവര്‍ഷം ഒരിക്കല്‍കൂടി പെരുന്നാളിന്‍െറ പ്രത്യേക രുചിയറിയാന്‍ അനുജന്‍ ഷാഹുല്‍ ഹാജി വിളിച്ചു. മുഹമ്മദാലിക്കാന്‍െറ ഓര്‍മയിലെ ഹല്‍വയുണ്ടാക്കാന്‍. ഉമ്മയുടെ കാലത്തെ പെരുന്നാള്‍ ഹല്‍വയുടെ രുചിയെക്കുറിച്ച് മുഹമ്മദാലിക്ക പറഞ്ഞിരുന്നു. എന്നാല്‍, അതിന്‍െറ പാചകം നേരില്‍ കാണിക്കാനുള്ള അവസരം ബാക്കിയാക്കിയാണ് പെരുന്നാളിന് മുമ്പേ മലബാര്‍ ഓര്‍മച്ചെപ്പുകളുടെ തോഴന്‍ എല്ലാവരെയും ദു$ഖത്തിലാഴ്ത്തി വിടപറഞ്ഞത്. അദ്ദേഹം അതുല്യമായി സൂക്ഷിച്ചിരുന്ന നോമ്പോര്‍മകള്‍ ഷാഹുല്‍ ഹാജി കൂടുതല്‍ തനിമയോടെ പുനരാവിഷ്കരിച്ചു. ഹല്‍വയുടെ നിര്‍മാണത്തില്‍ ഒപ്പം കൂട്ടി. ഓരോ ചേരുവകള്‍ പാത്രത്തിലേക്കിടുമ്പോഴും അളവും മേന്മയും പറഞ്ഞുതന്നു. ബന്ധുക്കളുമായിചേര്‍ന്ന് സ്നേഹ സന്തോഷങ്ങളുടെ ഒത്തുകൂടലായിരുന്നു ഹല്‍വാ നിര്‍മാണം. അരിപ്പൊടിയും പനഞ്ചക്കരയും തേങ്ങാപ്പാലും ചേര്‍ത്ത് എട്ടു മണിക്കൂറിലധികം എല്ലാവരും ഒരുമിച്ചിരുന്ന് ഇളക്കിയാണ് ഹല്‍വ പാകപ്പെടുത്തിയത്. തേങ്ങയുടെ ഒന്നാം പാലാണ് ഉപയോഗിക്കേണ്ടതെന്ന് ഷാഹുല്‍ ഹാജി പ്രത്യേകം ഉണര്‍ത്തി. നല്ലയിനം അരിയും മേന്മയുള്ള ചക്കരയും വേണം. പണ്ടതെല്ലാം വീട്ടില്‍തന്നെ ഉണ്ടാക്കിയിരുന്നു. ഇന്ന് പുറത്തുനിന്നു വാങ്ങുന്നു. എന്നിട്ടും ആര്‍ക്കും സമയമില്ല. തിരക്കിനിടയില്‍ പരമ്പര്യം വിസ്മൃതിയിലേക്ക് പോകുന്നുവെന്ന ആകുലത അദ്ദേഹം പങ്കുവെച്ചു.
മലേഷ്യയില്‍ മലബാരി കമ്യൂണിറ്റി വളരെ സജീവമാണ്. ഓരോരുത്തരും നോമ്പുകാലത്തെങ്കിലും പലഹാരങ്ങളുണ്ടാക്കി പൂര്‍വികരുടെ പൈതൃകത്തിലേക്ക്് തിരികയത്തെുന്നു. ഉമ്മമാരുടെ ഇഷ്ടങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു. ഒന്നും രണ്ടും തലമുറകള്‍ക്കുമുമ്പ് കുടിയേറിയവരുടെ തരം തിരിവ് അതിശയകരമാണ്. മുസ്ലിംകളെ മുഴുവന്‍ മലബാരി എന്നാണ് വിളിക്കുന്നത്. തെക്കന്‍ ജില്ലകളില്‍നിന്നു വന്നവരും മുസ്ലിമാണെങ്കില്‍ മലബാരിയെന്നാണ് അറിയപ്പെടുക.
അല്ലാത്തവരെല്ലാം മലയാളി! മലേഷ്യയിലെ മലബാരികള്‍ക്ക് പൂര്‍വികരുടെ നാട്ടോര്‍മകളുടെ പിന്‍ബലമില്ലാത്ത നോമ്പോ പെരുന്നാളോ ഇല്ല. മലബാരികള്‍ മലേഷ്യയുടെ മുക്കിലും മൂലയിലുമുണ്ട്. സബയിലും സറാവയിലും ജോഹറിലും മലബാരി സാന്നിധ്യം ശ്രദ്ധേയമാണ്. ബെന്തോങ്ങിനടുത്തുള്ള ചെറു ഗ്രാമത്തില്‍ നൂറുകണക്കിനു മലയാളികള്‍ ഒന്നിച്ചു താമസിക്കുന്നു. ഈ ഗ്രാമത്തിലെ പഴയ തലമുറയിലെ അലിക്കയെപ്പോലുള്ളവര്‍ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നന്നായി ശ്രമിക്കുന്നുണ്ട്. നാടിന്‍െറ ഓര്‍മകള്‍ പുതുതലമുറയിലേക്ക് കൈമാറാന്‍ ശ്രമിക്കുന്നു. വിവാഹവേളയിലും പെരുന്നാളിനും നോമ്പിന്നും തേങ്ങാച്ചോറ് വെക്കും. നോമ്പിന് തരിക്കഞ്ഞിയും സമൂസയും നിര്‍ബന്ധമാണ്. പുതിയ തലമുറ ഓര്‍മകളെ അധികം താലോലിക്കുന്നില്ല. പലരും മലായ് ഫാമിലിയില്‍നിന്നാണ് വിവാഹം കഴിക്കുന്നത്. എന്നാല്‍, വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണവും കൈകൊട്ടിപ്പാട്ടുമൊക്കെ ഇന്നും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.