നടക്കാതെപോയ ഒരു നോമ്പുതുറ
text_fieldsവിരലിലെണ്ണാവുന്ന മുസ്ലിം സഹോദരന്മാര്‍ മാത്രമുള്ള എന്‍െറ നാട്ടില്‍ എന്‍െറ ബാല്യത്തിന് അത്രയൊന്നും പരിചിതമായിരുന്നില്ല നോമ്പുകാലവും തുടര്‍ന്നുള്ള ചെറിയ പെരുന്നാളുമൊന്നും. എറണാകുളം ജില്ലയിലെ മുളന്തുരുത്തി സര്‍ക്കാര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥിയായിരിക്കെയാണ് നോമ്പിനെക്കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത്. അധ്യാപകരായ അച്ഛന്‍െറയും അമ്മയുടെയും കൂടെ യഥാക്രമം കണ്യാട്ടുനിരപ്പ് എല്‍.പി സ്കൂളിലും തുടര്‍ന്ന് മുളന്തുരുത്തി ഹൈസ്കൂളിലും പഠിപ്പിച്ച നബീസ ടീച്ചറില്‍നിന്നാണത്. റമദാന്‍ മാസത്തില്‍ പകല്‍സമയം മുഴുവന്‍ പച്ചവെള്ളംപോലും കഴിക്കാതെ, എന്നിട്ടും തെല്ലും ക്ഷീണിക്കാതെ ക്ളാസെടുത്തിരുന്ന നബീസ ടീച്ചര്‍ ഒരിക്കല്‍ സ്റ്റാഫ്റൂമില്‍ വെച്ച് അമ്മയോട് വിശദീകരിക്കുന്നത് കേട്ടു, നോമ്പിന്‍െറയും പെരുന്നാളിന്‍െറയും വിശേഷങ്ങള്‍. അതിനുപിന്നിലെ വിശ്വാസവും.
പിന്നീട് നോമ്പുകാലം എന്‍െറ മനസ്സിലേക്കത്തെുന്നത് ‘തരിക്കഞ്ഞി’യിലൂടെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞ, എറണാകുളം മഹാരാജാസ് കോളജില്‍ മലയാളം ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന കാലം. പകല്‍ അവിടെയും സായാഹ്ന ക്ളാസിന് കാക്കനാട്ടെ കേരള പ്രസ് അക്കാദമിയില്‍ ജേണലിസവും. ആകെ പഠനത്തിരക്കില്‍ ഞെരുങ്ങിയ നാളുകള്‍. പ്രസ് അക്കാദമിയിലെ ക്ളാസ് കഴിഞ്ഞ് രാത്രി ഹോസ്റ്റലിലെ സുഹൃത്തുക്കളുമൊത്ത് അത്താഴം കഴിക്കാനിറങ്ങും. ഇന്നത്തെ കാക്കനാടേ അല്ല അന്ന്. സിവില്‍സ്റ്റേഷന്‍ മാത്രം വന്നുവഴിഞ്ഞ, ബഹുനില കെട്ടിടങ്ങള്‍ എത്തിനോക്കാത്ത, സെന്‍റിന് മുപ്പതിനായിരമൊക്ക വിലയുള്ള നാളുകളെന്നുപറഞ്ഞാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. നേരമിരുട്ടിയാല്‍ മുക്കിലും മൂലയിലും കുറുക്കന്മാരിറങ്ങും. അന്ന് കാക്കനാട്ട് ആകെയുള്ളത് സിവില്‍ സ്റ്റേഷന്‍ കാന്‍റീനും രണ്ടു ചെറുകിട ഹോട്ടലുകളും മാത്രം. എട്ടുമണികഴിഞ്ഞാല്‍ അവയും പൂട്ടും. അത്താഴപ്പട്ടിണിക്കാരാവാതിരിക്കാന്‍ ക്ളാസ് കഴിഞ്ഞയുടനെ പോയി ഹോട്ടലില്‍ നിന്ന് എന്തെങ്കിലും കഴിക്കും.
കാക്കനാടിന്‍െറ ഹൃദയഭാഗത്തുള്ള ‘ബദരിയ്യ’ ഹോട്ടലായിരുന്നു അതിലൊന്ന്. നോമ്പുകാലത്ത ഹോട്ടല്‍ പകല്‍സമയം അടച്ചിടും. സൂര്യാസ്തമയത്തിനുശേഷം കുറച്ചുനേരം തുറക്കും. അങ്ങനെയൊരിക്കലാണ് ഹോട്ടലിലെ ജീവനക്കാര്‍ ഒരു പ്രത്യേക വിഭവം ഞങ്ങള്‍ക്ക് തരുന്നത്. പ്രത്യേക നോമ്പുവിഭവമെന്നു വിശേഷിപ്പിച്ച വെളുത്തനിറത്തിലുള്ള ആ പാനീയത്തിന് നല്ല രുചി തോന്നി. റവകൊണ്ടുണ്ടാക്കുന്ന അതിന് ‘തരിക്കഞ്ഞി’യെന്നാണ് പേരെന്ന് അന്നറിഞ്ഞു. പിന്നീട് ഒരു മാസക്കാലം ഞങ്ങള്‍ ആ സ്നേഹസമ്പന്നരുടെ അതിഥികളായി. എന്നും ‘തരിക്കഞ്ഞി’ രുചിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും അതിന് പണം വാങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല.
ഒരു നിയോഗം പോലെ ഞാന്‍ പത്രപ്രവര്‍ത്തകന്‍െറ കുപ്പായമണിഞ്ഞ് കോഴിക്കോട്ടത്തെുന്നു. നോമ്പും ചെറിയ പെരുന്നാളും ബലിപെരുന്നാളുമൊക്കെ സ്വാഭാവികമായും എന്‍െറ കൂടി ജീവിതത്തിന്‍െറ ഭാഗമായി. പകല്‍ മുഴുവന്‍ അടച്ചിടുകയും സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ തുറന്നിടുകയും ചെയ്യുന്ന, വാഹനങ്ങളില്‍ കുടുംബസമേതമത്തെുന്ന വിശ്വാസികള്‍ക്ക് ടോക്കണ്‍ നമ്പറിന്‍െറ ക്രമത്തില്‍ ഭക്ഷണം നല്‍കുന്ന ഹോട്ടലുകളായ ദീവാറും റഹ്മത്തുമൊക്കെ ആദ്യമെല്ലാം എന്നില്‍ വിസ്മയം പകര്‍ന്നു. പൂര്‍ണമായ ആത്മാര്‍പ്പണവും കറകളഞ്ഞ ഭക്തിയുമായി ആത്മശുദ്ധീകരണത്തിനു തയാറാവുന്ന എത്രയോപേര്‍. കടുകിട തെറ്റാതെയുള്ള നമസ്കാരങ്ങള്‍. നോമ്പുകാലം അതിന്‍െറ എല്ലാവിധ വിശുദ്ധികളുമായി എന്‍െറ മനസ്സിലും തിരിനീട്ടുന്നു.
‘മാതൃഭൂമി’യിലെ പത്രപ്രവര്‍ത്തകനായിരിക്കെ, സ്നേഹിതരായ പലരും ക്ഷണിച്ചിട്ടും ഒൗദ്യോഗിക തിരക്കുകളാല്‍ നോമ്പുതുറയിലും പെരുന്നാളാഘോഷങ്ങളിലും സംബന്ധിക്കാനാവാതെ വന്നിട്ടുണ്ട്. ‘മാതൃഭൂമി’ വര്‍ഷാവര്‍ഷം നടത്തുന്ന സമൂഹനോമ്പുതുറകളില്‍ ഒരു ക്ഷണിതാവല്ലാതിരുന്നതുകൊണ്ടുതന്നെ ഇതുവരെ പങ്കുകൊണ്ടില്ല. എങ്കിലും, ഓര്‍മയില്‍ തിളങ്ങിനില്‍ക്കുന്ന രണ്ടു നോമ്പുതുറകളുണ്ട്. അതിലൊന്ന് ആദ്യകാല സിനിമാ പത്രപ്രവര്‍ത്തകര്‍ ടി.എച്ച്. കോടമ്പുഴയുടെ ഫറോക്കിനടുത്ത വീട്ടിലത്തെി സംബന്ധിച്ചതാണ്. രാത്രി ഏറെ വൈകി വയറ് പതിവിലും നിറഞ്ഞ് മടങ്ങിയതിന്‍െറ ഓര്‍മകള്‍ ഇന്നും മങ്ങാതെയുണ്ട്. ഓരോ നോമ്പുകാലവും ഇന്ന് നമുക്കൊപ്പമില്ലാത്ത അദ്ദേഹത്തെ നേര്‍ത്ത വേദനയോടെ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നു. മറ്റൊന്ന്, എന്‍െറ പ്രിയസുഹൃത്തും ‘ലിപി പബ്ളിക്കേഷന്‍സി’ന്‍െറ സാരഥിയുമായ എം.വി. അക്ബറിനൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന നോമ്പുതുറയാണ്. 2005ലാണതെന്ന് കൃത്യമായി ഓര്‍ക്കാന്‍ കാരണം എന്‍െറ ‘ഒരു മുഖം: ജനകീയ നാടകവേദിയുടെ മിടിപ്പുകള്‍’ എന്ന നാടകപഠന ഗ്രന്ഥം അക്ബര്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുമ്പോഴായതിനാലാണ്.
നടക്കാതെപോയ ഒരു നോമ്പുതുറയെക്കുറിച്ച് അനുസ്മരിക്കാതെ ഈ ഓര്‍മയെഴുത്ത് അവസാനിപ്പിക്കാന്‍ എനിക്കാവില്ല. മുഴുവന്‍പേരുപോലും ഇന്നുമറിയില്ളെങ്കിലും മനസ്സിനെ മുഴുവനറിഞ്ഞ കോഴിക്കോട്ടെ മുസ്ലിം സഹോദരനുമായി ബന്ധപ്പെട്ടതാണത്. പുതുക്കിപ്പണിത മാനാഞ്ചിറ പാര്‍ക്കിനുമുന്നില്‍ ഉന്തുവണ്ടിയില്‍ മാങ്ങയും നെല്ലിക്കയും പൈനാപ്പിളുമെല്ലാം കഷണങ്ങളായി മുറിച്ച് ചില്ലുഭരണികളില്‍ ഉപ്പിലിട്ടുവിറ്റിരുന്ന ഒരാള്‍ പതുക്കെയാണ് എന്‍െറ മനസ്സിലേക്ക് കടന്നുവരുന്നത്. കള്ളിമുണ്ടും തലയില്‍ കെട്ടിയ ടവലും വേഷം. അധികം സംസാരിക്കാത്ത പ്രകൃതം. ഒരു ഉപഭോക്താവ് എന്ന നിലയിലാണ് അദ്ദേഹവുമായി ആദ്യം അടുക്കുന്നത്. അവിടത്തെ പൈനാപ്പിളിന്‍െറയും നെല്ലിക്കയുടെയുമൊക്കെ സവിശേഷരുചി എന്നെ അതിനടിമയാക്കി എന്നുപറയുന്നതാവും കൂടുതല്‍ ശരി. വീട്ടിലുള്ള എന്‍െറ ചെറിയ മക്കള്‍ക്കും ഇവ ഇഷ്ടമാണെന്ന് ഇതില്‍നിന്നറിഞ്ഞ അദ്ദേഹം ഇടക്കെല്ലാം മൂന്നോ നാലോ പൈനാപ്പിള്‍ കഷണങ്ങള്‍ ചെറിയ പ്ളാസ്റ്റിക് കവറിലാക്കി ‘പൊരക്ക് കൊണ്ടോയ്ക്കോ മോനേ’ എന്നു സ്നേഹപൂര്‍വം പറയാറുണ്ട്. എത്ര നിര്‍ബന്ധിച്ചാലും അതിന് കാശുവാങ്ങാറുമില്ല.
അദ്ദേഹത്തിന്‍െറ കുടുംബചരിത്രം പതുക്കെ, പതുക്കെ ഞാനറിഞ്ഞു. ആവശ്യക്കാരുടെ തിരക്കിനിടയിലും എന്നോട് വര്‍ത്തമാനം പറയാന്‍ അദ്ദേഹം സമയം കണ്ടത്തെി. സാമ്പത്തികമായി വളരെ ഞെരുക്കത്തിലായിരുന്ന തന്നെ കരകയറ്റിയത്, വര്‍ഷങ്ങളായി തെല്ലും കള്ളമില്ലാതെ നടത്തുന്ന ‘ഉപ്പിലിട്ട’ കച്ചവടമാണെന്നും രണ്ടു പെണ്‍മക്കളെ മാന്യമായി കെട്ടിച്ചുവിട്ടത് ഇതുകൊണ്ടാണെന്നും ഒരിക്കല്‍ എന്നോട് പറഞ്ഞു. ഭാര്യയുടെ പലവിധ അസുഖങ്ങളെക്കുറിച്ചായി മറ്റൊരിക്കല്‍ സംസാരം. ഞാന്‍ കിടന്നുപോയാല്‍ കുടുംബത്തിന്‍െറ അവസ്ഥ ദയനീയമാകുമെന്നു പറഞ്ഞപ്പോള്‍ ‘അങ്ങനെയൊന്നും ദൈവം വരുത്തില്ളെ’ന്നു പറഞ്ഞ് ഞാന്‍ ആശ്വസിപ്പിച്ചു. വേനല്‍ക്കാലം ചാകരക്കാലമാണെന്നും മഴ തുടങ്ങിയാല്‍ ഈച്ചയാട്ടിയിരിക്കേണ്ടിവരുമെന്നുമുള്ള ബിസിനസ് രഹസ്യവും അദ്ദേഹത്തില്‍ നിന്നറിഞ്ഞു. മഴക്കാലത്ത് കഞ്ഞികുടിക്കാന്‍ മറ്റെന്തങ്കിലും വഴിനോക്കും.
ഒരു നോമ്പുകാലത്ത് ഞാന്‍ അദ്ദേഹത്തിന്‍െറയടുത്തത്തെിയപ്പോഴാണ് തൊട്ടടുത്ത പള്ളിയില്‍നിന്ന് ബാങ്കുവിളി മുഴങ്ങുന്നത്. ഒരുനിമിഷം നില്‍ക്കാന്‍ എന്നോട് ആംഗ്യം കാട്ടിയിട്ട് അദ്ദേഹം ഓടി മറ്റൊരു ഉന്തുവണ്ടിക്കാരനില്‍നിന്ന് രണ്ടുകഷണം വത്തക്കയെടുത്ത് മടങ്ങിവന്നു. അതിലൊരു കഷണം എനിക്കും നീട്ടി അദ്ദേഹം പറഞ്ഞു: ‘ഇന്നത്തെ നോമ്പുതുറക്ക് മോനും ഒപ്പമുണ്ടല്ളോ... സന്തോഷം’ പിന്നെ ഒരു വാഗ്ദാനം കൂടി അദ്ദേഹം തന്നു. ‘മോനേ, ഒരു ദിവസം ഞാന്‍ എന്‍െറ പുരക്ക് ക്ഷണിക്കും. കൊച്ചുവീടാണെങ്കിലും സ്നേഹമുള്ള ചിലര് അവിടെയുണ്ട്. നമുക്കൊരുമിച്ച് നോമ്പുതുറക്കാം. മോന്‍െറ കുടുംബത്തേം കൂട്ടണം’. ആ സ്നേഹവായ്പിനുമുന്നില്‍ കണ്ണുനിറഞ്ഞുപോയി അപ്പോള്‍.
പിന്നെ കുറച്ചുകാലത്തേക്ക് ഞാനാവഴി പോയില്ല. അദ്ദേഹത്തെ കണ്ടതുമില്ല. ഓഫിസിലെ എന്‍െറ സമയമാറ്റമായിരുന്നു കാരണം. പിന്നീടൊരിക്കല്‍ ആ വഴി കടന്നുപോയപ്പോള്‍ അദ്ദേഹത്തെ ഓര്‍ത്തു. അദ്ദേഹം ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിയിരുന്ന സ്ഥാനത്ത് അപരിചിതനായ മറ്റൊരാള്‍. വല്ലാത്ത സങ്കടം തോന്നി. ഞാനയാളുടെ അടുത്ത് ചെന്ന് ആ നല്ലമനുഷ്യനെക്കുറിച്ച് തിരക്കി. ആദ്യമൊന്നും അയാള്‍ക്ക് ആളെ മനസ്സിലായില്ല. ആരെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്ന് അയാള്‍ ചോദിച്ചപ്പോള്‍ എനിക്ക് കുറ്റബോധമുണ്ടായി. ഇത്രയേറെ മനസ്സില്‍ കടന്നിരുന്നിട്ടും ഒരിക്കല്‍പോലും ഞാനദ്ദേഹത്തിന്‍െറ പേരുചോദിച്ചിട്ടില്ല. എവിടെയാണ് നല്ല മനുഷ്യരുള്ള അദ്ദേഹത്തിന്‍െറ കൊച്ചുവീടെന്ന് തിരക്കിയിട്ടില്ല. പലരും വിളിച്ചുകേട്ടപോലെ ഞാനും അദ്ദേഹത്തെ ‘കോയക്ക’യെന്ന് സംബോധനചെയ്തു. തിരിച്ച് അദ്ദേഹമെന്നെ ‘മോനെ’യെന്നും. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ അദ്ദേഹത്തിന്‍െറ രൂപഭാവങ്ങള്‍ വാങ്മയചിത്രത്തിലൂടെ വരച്ചിട്ടപ്പോള്‍ അയാള്‍ക്ക് ആളെ മനസ്സിലായി. തികച്ചും നിര്‍വികാരതയോടെ അയാള്‍ പറഞ്ഞു. ‘ഓ... അയാള്‍ മയ്യിത്തായിട്ട് ഏഴെട്ടുമാസമായി. കച്ചോടം നടത്തുമ്പാള്‍ കുഴഞ്ഞുവീണതാണ്. പിന്നെ എണീറ്റില്ല...’ ആ നിമിഷത്തെ വേദന സത്യമായും എനിക്ക് എഴുതി ഫലിപ്പിക്കാനാവില്ല.
ഓരോ നോമ്പുകാലവും ‘കോയക്ക’യെന്ന നല്ലവനായ പാവം മനുഷ്യനെ ഓര്‍മിപ്പിച്ചുകൊണ്ട് നോമ്പുകാല വിശുദ്ധിയെ എന്നിലേക്കുകൂടി പ്രസരിപ്പിച്ചുകൊണ്ട് കടന്നുപോകുന്നു. മാനാഞ്ചിറ സ്ക്വയറിലൂടെ വരുമ്പോള്‍ ആ സ്നേഹസാന്നിധ്യത്തിന്‍െറ അദൃശ്യമായ ഒരു വലയം എന്നെ മൂടുന്നു. ‘മോനേ’ എന്ന വിളി കാതില്‍ മുഴങ്ങുന്നു. എന്‍െറ ‘കോയക്ക’ മരിച്ചിട്ടില്ളെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് പരാജയമറിയുന്നു. ദൂരെ ദൂരെയാണെങ്കിലും അദ്ദേഹത്തിന്‍െറ ആത്മശാന്തിക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.