സേ പരീക്ഷ മൂല്യനിര്‍ണയവും പ്ളസ്വണ്‍ പ്രവേശവും ഒരേ ദിവസം
text_fieldsപാലക്കാട്: സേ പരീക്ഷ മൂല്യനിര്‍ണയവും പ്ളസ്വണ്‍ പ്രവേശവും ഒരേ ദിവസങ്ങളിലായത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധികൃതരെ കുഴക്കുന്നു. പ്ളസ്വണ്‍ പ്രവേശത്തിനുള്ള മുഖ്യഅലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുന്നത് തിങ്കളാഴ്ച രാവിലെയാണ്.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് കുട്ടികള്‍ക്ക് പ്രവേശം നല്‍കേണ്ടത്. ചട്ടപ്രകാരം ബുധനാഴ്ച വൈകീട്ട് അഞ്ചിനകം പ്രവേശം നല്‍കണം. എന്നാല്‍, ചൊവ്വാഴ്ച മുതല്‍ നാലു ദിവസമാണ് പ്ളസ്ടു സേ പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം തീരുമാനിച്ചത്്.
പാലക്കാട് ജില്ലയില്‍ പാലക്കാട് മോയന്‍സ് ഗേള്‍സ്, പി.എം.ജി, കണ്ണാടി സ്കൂളുകളില്‍ നടക്കുന്ന മൂല്യനിര്‍ണയത്തിന് വിവിധ സ്കൂളുകളില്‍നിന്നും അധ്യാപകരെ ഡെപ്യൂട്ട് ചെയ്തിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ഓഫിസ് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ അധ്യാപകരുടെ സഹായത്തോടെയാണ് സാധാരണ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനടപടികള്‍ പൂര്‍ത്തീകരിക്കാറുള്ളത്.
അധ്യാപകരെ മൂല്യനിര്‍ണയത്തിന് ചുമതലപ്പെടുത്തിയതോടെ പ്രതിസന്ധിയിലായത് പ്രിന്‍സിപ്പല്‍മാരാണ്. ഇത്തവണ സര്‍ക്കാര്‍ വര്‍ധിപ്പിച്ച 20 ശതമാനം സീറ്റുകളിലേക്കടക്കമാണ് ഒന്നാം ഘട്ട അലോട്ട്മെന്‍റ് നടക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ വര്‍ധിപ്പിച്ചതടക്കം ഓരോ ബാച്ചിലുമുള്ള 60 സീറ്റിലേക്കും ഒന്നാംഘട്ടത്തില്‍തന്നെ പ്രവേശം നല്‍കേണ്ടിവരും.
നൂറുകണക്കിന് കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയുള്‍പ്പെടെ പൂര്‍ത്തീകരിക്കാന്‍ സമയം വേണ്ടതിനാല്‍ അധ്യാപകരുടെ അസാന്നിധ്യം അഡ്മിഷനെ സാരമായി ബാധിക്കുമെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ നിശ്ചിത സമയത്തിനകം താല്‍ക്കാലിക പ്രവേശം നേടേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്തവരെ തുടര്‍ന്നുള്ള അലോട്ടുമെന്‍റുകളില്‍ പരിഗണിക്കില്ല. 22ന് വൈകീട്ട് അഞ്ചിനകം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും തിരക്കുമെന്നതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ കുഴയും. പ്രവേശനടപടികള്‍ അലങ്കോലമാവാന്‍ സാധ്യതയേറെയാണ്.
സ്പോര്‍ട്സ് ക്വോട്ട രണ്ടാം സ്പെഷല്‍ അലോട്ട്മെന്‍റ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇവരുടെ പ്രവേശവും നടത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.