സന്തോഷച്ചിറകില്‍ സജി
text_fieldsതൊടുപുഴ: സ്വന്തമായി വിമാനം നിര്‍മിച്ച് തമിഴ്നാട്ടിലെ അംബാ സമുദ്രത്തിന് മുകളിലൂടെ പറപ്പിച്ച മൂകനും ബധിരനുമായ സജി പ്രതീക്ഷകള്‍ക്കും മുകളിലൂടെ പറക്കുകയാണ്. നാടിന്‍െറ അഭിമാനം ഉയര്‍ത്തിയ ഈ ഏഴാം ക്ളാസുകാരന്‍ ഇപ്പോള്‍ രാജ്യാന്തര വിമാന നിര്‍മാണക്കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. അതോടൊപ്പം വിസ്മയങ്ങള്‍ നിറഞ്ഞ സജിയുടെ ജീവിതം സിനിമയുമാകുന്നു.ആഡംബര വിമാനങ്ങള്‍ നിര്‍മിക്കുന്ന ജര്‍മനി ആസ്ഥാനമായ ആരോ ഏവിയേഷന്‍ കമ്പനിയുടെ കൊല്‍ക്കത്ത ഓഫിസില്‍ ടെക്നീഷ്യനായി സജി കഴിഞ്ഞദിവസം ജോലിക്ക് കയറി. 40,000 രൂപയാണ് ശമ്പളം. ഇതിനൊപ്പമാണ് സ്വപ്നം കണ്ടുകണ്ട് വെട്ടിപ്പിടിച്ച തന്‍െറ ജീവിതം അഭ്രപാളിയിലേക്ക് പകര്‍ത്തിയെഴുതപ്പെടുന്നതിന്‍െറ സന്തോഷം.
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം. നായര്‍ സംവിധാനം ചെയ്യുന്ന ‘വിമാനം’ എന്ന ചിത്രത്തിന്‍െറ ചിത്രീകരണം ഉടന്‍ തുടങ്ങും.ശാരീരിക പരിമിതികളെ നേരിട്ട് ജീവിത വിജയം നേടിയ സജി തോമസിന്‍െറ വേഷമാണ് പൃഥ്വിരാജിന്. തൊടുപുഴ തട്ടക്കുഴ സ്വദേശിയായ സജി തോമസിനെ ഇന്ന് ലോകം അറിയുന്നതിന് പിന്നില്‍ ആരെയും ആവേശം കൊള്ളിക്കുന്ന, അതിലേറെ അദ്ഭുതപ്പെടുത്തുന്ന കഠിന പ്രയത്നങ്ങളുടെ കഥയുണ്ട്. ഏഴാം ക്ളാസുവരെ മാത്രം പഠിച്ച സജിയുടെ കൊച്ചുനാളിലേയുള്ള ആഗ്രഹമായിരുന്നു വിമാനം നിര്‍മിക്കുക. 14ാം വയസ്സില്‍ റബറിന് മരുന്നടിക്കാനത്തെിയ ചെറുവിമാനത്തില്‍ കയറിയ അനുഭവം ആ സ്വപ്നത്തിന് ചിറക് നല്‍കി. സാങ്കേതിക പരിജ്ഞാനമില്ലാതെ ചെറുപ്പത്തില്‍ ടി.വി മെക്കാനിക്കായി. അതിനൊപ്പം വിമാനം നിര്‍മിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനും വഴികള്‍ തേടി.
ആഗ്രഹം കലശലായതോടെ മുംബൈയിലെ വിമാനനിര്‍മാണക്കമ്പനികളിലത്തെി. സജിയുടെ താല്‍പര്യം മനസ്സിലാക്കിയ ജീവനക്കാര്‍ വിമാന നിര്‍മാണത്തെക്കുറിച്ച പുസ്തകങ്ങള്‍ കൈമാറി. യന്ത്രഭാഗങ്ങള്‍ വാങ്ങാന്‍ സഹായിച്ചു. 2009ലാണ് സജി വിമാന നിര്‍മാണം ആരംഭിച്ചത്. മുഴുവന്‍ ഭാഗങ്ങളും സ്വന്തമായി സൃഷ്ടിച്ച് 2014 ഏപ്രില്‍ 10ന് സജി നിര്‍മിച്ച വിമാനം തിരുനെല്‍വേലി അംബാ സമുദ്രത്തിന് മുകളിലൂടെ വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തി. വ്യോമസേനയില്‍നിന്ന് വിരമിച്ച വിങ് കമാന്‍ഡര്‍ എസ്.കെ.ജെ. നായരാണ് വിമാനം പറത്തിയത്.
തട്ടക്കുഴയിലെ വീട്ടിലേക്ക് പിന്നെ അഭിനന്ദനപ്രവാഹമായിരുന്നു. വിമാനം രൂപകല്‍പന ചെയ്ത ഭിന്നശേഷിയുള്ള വ്യക്തി എന്ന നിലയില്‍ ഇന്ത്യ ബുക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ചു.വൈകല്യം മറന്ന് ജീവിതവിജയം നേടിയ ഒമ്പതു ധീരരില്‍ ഒരാളായി ഡിസ്കവറി ചാനലിലൂടെ ലോക പ്രേക്ഷകര്‍ക്ക് മുന്നിലും ഈ 45കാരന്‍ മുഖം കാണിച്ചു. ഭാര്യ മരിയയും മകന്‍ ജോഷ്വയും പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.