അമീറിന് പിന്നില്‍ ബാഹ്യശക്തികളുണ്ടോയെന്ന് സംശയം
text_fieldsകൊച്ചി: ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന് പിന്നില്‍ ബാഹ്യശക്തികളുണ്ടോയെന്ന് പൊലീസിന് സംശയം. പ്രതിയെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിക്കഴിഞ്ഞാല്‍ ഇതേക്കുറിച്ചുള്ള അന്വേഷണത്തിനും തെളിവെടുപ്പിനുമാവും ഊന്നല്‍ നല്‍കുകയെന്ന് അന്വേഷണ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനിടെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കാക്കനാട് ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടക്കും. ശേഷം പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും. തിരിച്ചറിയല്‍ പരേഡിന് സാക്ഷികള്‍ക്ക് സമന്‍സ് നല്‍കി. കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഷിബു ഡാനിയലിന്‍െറ സാന്നിധ്യത്തിലാവും പരേഡ് നടത്തുക. പ്രതിക്കൊപ്പം താമസിച്ചിരുന്ന സഹതൊഴിലാളികളായ മുനീറുല്‍ ജമാല്‍, സുജല്‍, കറുത്ത ചെരിപ്പ് വാങ്ങിയ കടയുടെ ഉടമ തുടങ്ങിയവരെയടക്കം തിരിച്ചറിയല്‍ പരേഡിന് സാക്ഷികളാക്കുമെന്നാണ് അറിയുന്നത്.
അമീറുല്‍ ഇസ്ലാം വമ്പന്‍െറ വാടക കൊലയാളിയായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. പൊലീസിന് ലഭിച്ച ചില വിവരങ്ങളാണ് ഈ സംശയം ഉയര്‍ത്തിയത്. പെരുമ്പാവൂര്‍ മേഖലയിലെ ക്വാറി, റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. തങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ പരാതികള്‍ക്കും നീക്കങ്ങള്‍ക്കും പിന്നില്‍ ജിഷയാണെന്ന് ക്വാറി ലോബി സംശയിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെരിയാര്‍വാലി കനാല്‍ ബണ്ട് പുറമ്പോക്കിലെ താമസക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ നേരത്തേ നടന്ന സമരത്തിന് നേതൃത്വം നല്‍കിയത് ജിഷയായിരുന്നു. ജിഷയുടെ വീടും ഈ പുറമ്പോക്കിലാണ്. ജിഷയുടെ പേരില്‍ ക്വാറി ലോബിക്കെതിരെ അധികൃതര്‍ പരാതികള്‍ പോയതായി വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നേരിട്ടല്ലാതെ ജിഷയെ ഇല്ലായ്മ ചെയ്യാന്‍ പദ്ധതിയിട്ട പ്രകാരം വാടകക്കെടുത്ത കൊലയാളിയാണോ അമീര്‍ എന്നാണ് സംശയം.
പുറമ്പോക്കില്‍ കനാല്‍ ബണ്ടിലെ വീടിനപ്പുറത്ത് വിശാലമായ പറമ്പുണ്ട്. ജിഷയുടെ വീട് ഇല്ലാതായാല്‍ അവിടേക്ക് എളുപ്പത്തില്‍ റോഡ് പണിയാം. സ്ഥലം മുറിച്ച് നല്ല വിലയ്ക്ക് വില്‍ക്കാനും കഴിയും. നിലവില്‍ അങ്ങോട്ടേക്ക് വളഞ്ഞ വഴിയാണുള്ളത്. റിയല്‍ എസ്റ്റേറ്റുകാരുടെ പങ്കിനെക്കുറിച്ച് സംശയം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. അതിനിടെ, 28ന് വൈകുന്നേരം അയല്‍പക്കത്തെ മൂന്ന് വീട്ടമ്മമാരും രണ്ട് പുരുഷനും ജിഷയുടെ അലറിക്കരച്ചില്‍ കേട്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അതില്‍ ഒരു പുരുഷന്‍ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ജിഷയുടെ വീട്ടുവാതില്‍ തുറന്ന് കിടക്കുന്നതായി കണ്ടു. വായ പൊത്തിപ്പിടിച്ചാല്‍ ഉണ്ടാകുന്ന തരത്തിലുള്ള ശബ്ദം കേട്ടു. കരച്ചില്‍കേട്ട് കനാലിന്‍െറ എതിര്‍ വശത്തുള്ള മറ്റ് രണ്ട് സ്ത്രീകളും റോഡിലേക്കിറങ്ങി.
ആ സമയം വലിയ ശബ്ദത്തോടെ മുന്‍വാതില്‍ അടച്ചു. വീട്ടില്‍ നിന്നുള്ള കരച്ചിലും ഞരക്കങ്ങളും കേള്‍ക്കാതായി. അല്‍പം കഴിഞ്ഞപ്പോള്‍ പിന്‍വാതിലില്‍ ഒരു തല കണ്ടു. അത് ജിഷയുടെതാവുമെന്ന് കരുതി തങ്ങള്‍ വീടുകളിലേക്ക് മടങ്ങിയെന്ന് വീട്ടമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ ജിഷയുടെ വീടിന്‍െറ എതിര്‍വശത്തുള്ള സ്ത്രീ വീണ്ടും ഇറങ്ങി മുറ്റത്തേക്ക് നോക്കി. ജിഷയുടെ വീട്ടില്‍നിന്ന് അധികം ഉയരമില്ലാത്ത യുവാവ് ഒരു മരത്തില്‍ പിടിച്ച് കനാലില്‍ ഇറങ്ങുന്നത് കണ്ട് ഞെട്ടി. ജിഷക്ക് ആപത്ത് സംഭവിച്ചതായി തനിക്ക് മനസ്സിലായെന്നും കൊലയാളിയെ കണ്ട് താന്‍ ഭയന്നതായും വീട്ടമ്മ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇടപെട്ടാല്‍ അയാള്‍ തന്നെയും ആക്രമിക്കുമെന്ന് ഭയന്ന് വേഗം വീട്ടില്‍ കയറി വാതില്‍ അടച്ചുവെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്. ഏതാണ്ട് 45 മീറ്റര്‍ അകലെനിന്ന് കണ്ട കാഴ്ചയുടെ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പുതിയ രേഖാചിത്രം തയാറാക്കിയത്. ഈ വിവരങ്ങള്‍ ഇവരും മറ്റു വീട്ടമ്മമാരും ഉടന്‍ പൊലീസിന് കൈമാറിയിരുന്നെങ്കില്‍ പ്രതി കൈയോടെ പിടിയിലായേനെ. അമ്മ രാജേശ്വരിയില്‍നിന്ന് ലഭിച്ച മൊഴിയാണ് പ്രതി അന്യസംസ്ഥാന തൊഴിലാളിയാണെന്ന ആദ്യ സൂചന പൊലീസിന് ലഭിച്ചത്. കഴിഞ്ഞ നാല് മാസമായി രാത്രിയായാല്‍ വീടിന് പിന്നില്‍ ബീഡിയുടെ മണം അനുഭവപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ മൊഴി നല്‍കിയിരുന്നു. രാത്രി പത്തുവരെയാണ് ബീഡിയുടെ ഗന്ധമുണ്ടാവുക. ഒരുദിവസം 10 ന് ശേഷം പിന്‍വാതില്‍ തുറന്ന് നോക്കിയപ്പോള്‍ പിന്‍മുറ്റത്ത് ഹിന്ദിയിലെഴുതിയ ബീഡിക്കെട്ട് കണ്ടുവെന്നും അമ്മ പറഞ്ഞു. ഇതാണ് ഇതരസംസ്ഥാന തൊഴിലാളിയിലേക്ക് വഴി തുറന്നത്.
ഇതിന്‍െറ അടിസ്ഥാനത്തില്‍ പിന്നീട് പൊലീസ് നടത്തിയ വിദഗ്ധ പരിശോധനയില്‍ പ്രതി കനാലിലൂടെ ഏതാണ്ട് 30 മീറ്റര്‍ മുന്നോട്ട് നടന്നതായി കണ്ടത്തെി. തുടര്‍ന്ന് എതിര്‍വശത്തെ മതിലില്ലാത്ത വീടിന്‍െറ പറമ്പിലൂടെ തൊട്ടടുത്ത വഴിയില്‍ പ്രവേശിച്ച് ഇരിങ്ങോള്‍ക്കാവ് ഭാഗത്ത് കൂടെ രക്ഷപ്പെട്ടതായും മനസ്സിലാക്കി. ഇരിങ്ങോള്‍ക്കാവ് ഭാഗത്തെ അപരിചിതനെ കണ്ടതായി മുമ്പ് വിദ്യാര്‍ഥികളടക്കം ചിലര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍െറയൊക്കെ അടിസ്ഥാനത്തില്‍ ഒരു കിലോമീറ്ററിനുള്ളിലാണ് പ്രതി താമസിക്കുന്നതെന്നും ക്രിമിനോളജിയില്‍ വൈദഗ്ധ്യം നേടിയ ഉദ്യോഗസ്ഥന്‍ പൊലീസിനോട് ഉറപ്പിച്ച് പറഞ്ഞു. പ്രതി അമീറുല്‍ ഇസ്ലാം താമസിച്ചിരുന്ന വൈദ്യശാലപടി ജിഷയുടെ വീട്ടില്‍നിന്ന് അരകിലോമീറ്ററിനുള്ളിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.