ജിഷ വധം: ശക്തമായ തെളിവുകള്‍ ലഭിക്കാത്തത് പൊലീസിന് തലവേദന
text_fieldsകൊച്ചി: ജിഷ വധക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം ശക്തമാക്കാനുള്ള തെളിവുകള്‍ ലഭിക്കാത്തത് പൊലീസിനെ വട്ടംകറക്കുന്നു. കൊലക്ക് ഉപയോഗിച്ച കത്തി, രക്തംപുരണ്ട പ്രതിയുടെ വസ്ത്രം തുടങ്ങിയവ ഇനിയും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച തിരിച്ചറിയല്‍ പരേഡിന് ഒരാള്‍ മാത്രം പങ്കെടുത്തതുപോലും പൊലീസ് ബോധപൂര്‍വം നീക്കം നടത്തിയതിന്‍െറ ഭാഗമാണെന്നാണ് സൂചന. കൊലക്കത്തിക്കായി ജിഷയുടെ വീടിന് മുന്നിലെ കനാലിലും പരിസരത്തും ചൊവ്വാഴ്ച രാവിലെ മുതല്‍ പൊലീസ് പരിശോധനയിലായിരുന്നു. എന്നാല്‍, ബണ്ടിലെ പുല്ലും ചപ്പും നീക്കം ചെയ്തും വെള്ളം പമ്പ് ചെയ്തും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചായിരുന്നു പരിശോധന.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ വ്യാഴാഴ്ച രാത്രി കൊലക്കത്തി പൊലീസ് ‘കണ്ടെത്തി’യിരുന്നു. വൈദ്യശാലാപടിയിലെ പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ താമസസ്ഥലത്തുനിന്നാണ് കണ്ടെടുത്തത്. എന്നാല്‍, ഇത് കോണ്‍ഗ്രസുകാര്‍ കാണിച്ചുകൊടുത്തതാണെന്ന് വ്യക്തമായതോടെ പൊലീസ് നാണംകെട്ടു.
ആദ്യസംഘം വീടിന്‍െറ തൊട്ടപ്പുറത്തെ പറമ്പില്‍നിന്ന് ഒരു കത്തി കണ്ടെടുത്തിരുന്നു. ഇതാണ് ആയുധമെന്ന കണക്കുകൂട്ടലില്‍ ബന്തവസില്‍ എടുക്കുകയും ചെയ്തു. എന്നാല്‍, ഇതും ആയുധമല്ലെന്ന് വന്നിരിക്കുകയാണ്. എന്നാല്‍, ആയുധം ഈ പറമ്പിലേക്ക് എറിഞ്ഞെന്നാണ് പ്രതി നല്‍കിയ മൊഴി.
പ്രതിയുടെ വസ്ത്രവും ആയുധവും താമസസ്ഥലത്തുനിന്ന് കടത്തിയതായാണ് പൊലീസ് ഇപ്പോള്‍ കരുതുന്നത്. ഇത് കണ്ടെടുക്കാതെ കേസ് ശക്തമാകില്ല. അമീറിന്‍െറ സുഹൃത്ത് അനാറുല്‍ ഇസ്ലാം അസമില്‍നിന്ന് മുങ്ങിയതാണ് മറ്റൊരു തലവേദന. ഇയാളില്‍നിന്ന് പ്രാഥമിക മൊഴിയേ എടുത്തിട്ടുള്ളൂ. വീണ്ടും മൊഴിയെടുക്കാനിരിക്കെയാണ് മുങ്ങിയത്. കൊലയിലേക്ക് എത്തിക്കുംവിധം തന്നെ പ്രകോപിപ്പിച്ചവരില്‍ ഒരാളാണ് അനാര്‍ എന്നാണ് പ്രതിയുടെ മൊഴി.
ആയുധത്തിന് വീണ്ടും തിരച്ചില്‍
പെരുമ്പാവൂര്‍: ജിഷയെ വധിക്കാനുപയോഗിച്ച ആയുധത്തിനായി തിങ്കളാഴ്ച മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി. ജിഷയുടെ വീടിന് സമീപത്തെ കനാലിലും പരിസരങ്ങളിലുമാണ് എറണാകുളത്തുനിന്ന് എത്തിയ ഫോറന്‍സിക് സംഘം തിരച്ചില്‍ നടത്തിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച തിരച്ചില്‍ വൈകുന്നേരം അഞ്ചര വരെ തുടര്‍ന്നെങ്കിലും ആയുധം കണ്ടെത്താനായില്ല. തിരച്ചില്‍ ചൊവ്വാഴ്ചയും തുടരും.
വട്ടോളിപ്പടിയില്‍ പ്രതി അമീറുല്‍ ഇസ്ലാം താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ കത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ചതല്ലന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും ആയുധം കണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. കണ്ടെടുത്ത ആയുധത്തില്‍ രക്തത്തിന്‍െറ സാന്നിധ്യമുണ്ടെങ്കിലും അത് മനുഷ്യ രക്തമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജിഷ വധിക്കപ്പെട്ടശേഷം സമീപത്തുനിന്ന് ആദ്യ അന്വേഷണസംഘം ആയുധ കണ്ടെത്തിയതായി പറഞ്ഞിരുന്നു. അതും യഥാര്‍ഥ ആയുധമല്ലായിരുന്നു. ഇതിനുശേഷമാണ് ജിഷയുടെ വീടിന് സമീപത്തെ ഇരിങ്ങോള്‍ കാവ് വെട്ടിത്തെളിച്ച് ആയുധവും വസ്ത്രങ്ങളും കണ്ടെത്താന്‍ പരിശോധന നടത്തിയത്. അമ്പതോളം വരുന്ന പൊലീസുകാര്‍ വൈകുന്നേരംവരെ നടത്തിയ പരിശോധനയും വിജയം കണ്ടില്ല. ആയുധം ഉപക്ഷിച്ച സ്ഥലത്തെക്കുറിച്ച് പരസ്പര മൊഴികളാണ് പ്രതിയില്‍നിന്ന് ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ നിര്‍ണായകമാണ് വധിക്കാനുപയോഗിച്ച ആയുധം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.