അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം
text_fieldsപാലക്കാട്: ആദിവാസി ഊരില്‍ വീണ്ടും നവജാതശിശു മരണം. അഗളി പഞ്ചായത്തിലെ ജെല്ലിപ്പാറ ഊരിലെ ബിജു-ശാന്ത ദമ്പതികളുടെ ഒന്നരമാസം പ്രായമായ ആണ്‍കുഞ്ഞാണ് പോഷകാഹാരക്കുറവ് മൂലം തിങ്കളാഴ്ച മരിച്ചത്. ജനിക്കുമ്പോള്‍ രണ്ടര കിലോ തൂക്കമുണ്ടായിരുന്ന കുഞ്ഞിന് മരിക്കുമ്പോള്‍ ഒന്നര കിലോയായിരുന്നു തൂക്കം. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് മരിച്ചത്.
ശാന്ത ആദിവാസി മേഖലയിലെ പ്രമോട്ടറായി ജോലി ചെയ്യുകയാണ്. കുഞ്ഞിനെ വീട്ടിലാണ് പ്രസവിച്ചത്. ഗര്‍ഭധാരണത്തിന്‍െറ ഒരു ഘട്ടത്തിലും ഇവര്‍ വൈദ്യപരിശോധനക്ക് വിധേയമായിട്ടില്ല. പാല്‍ കുടിക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ബിജുവും ശാന്തയും അമ്പലപ്പാറ മേക്ളപ്പാറ ആദിവാസി കോളനിയിലായിരുന്നു മുമ്പ് താമസിച്ചിരുന്നത്. എന്നാല്‍, ശാന്തയുടെ അച്ഛന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ശാന്തയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഈ വര്‍ഷം ആദിവാസി ഊരില്‍ ഇതിന് മുമ്പും മരണം സംഭവിച്ചിട്ടുണ്ടെങ്കിലും മഴക്കാലം തുടങ്ങിയതിന് ശേഷം ആദ്യത്തേതാണിത്. പട്ടികജാതി ക്ഷേമ മന്ത്രി ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ദിവസങ്ങള്‍ക്കകമാണ് വീണ്ടും നവജാതശിശു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.