വിശ്വാസിയുടെ നിക്ഷേപമാണ് ദാനധര്‍മം
text_fieldsവിശ്വാസികള്‍ക്ക് ശാരീരിക-സാമ്പത്തിക സംസ്കരണത്തിന് വഴിയൊരുക്കുന്നു റമദാന്‍. പാവപ്പെട്ടവന് ദാനധര്‍മങ്ങള്‍ ചെയ്യാനും വിശന്നവന് ഭക്ഷണം നല്‍കാനും റമദാന്‍ പരിശീലനം നല്‍കുന്നു. ഏറ്റവും വലിയ ധര്‍മിഷ്ഠനായിരുന്ന മുഹമ്മദ് നബി റമദാനില്‍ കൂടുതല്‍ ഉദാരനായി മാറിയിരുന്നെന്ന് അനുചരന്‍ ഇബ്നു അബ്ബാസ് സാക്ഷ്യപ്പെടുത്തുന്നു.
ഇസ്ലാം ദാനധര്‍മത്തെ പുണ്യകര്‍മമായി കാണുന്നു. ചിലപ്പോള്‍ അത് ഇസ്ലാമിന്‍െറ അതിപ്രധാനമായ നിര്‍ബന്ധ ബാധ്യതകളിലൊന്നായിത്തീരുന്നു. ‘അല്ലാഹുവിന്‍െറ വഴിയില്‍ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ധാന്യമണിയുടേതാണ്. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു; ഓരോന്നിലും നൂറുവീതം ധാന്യമണിയുണ്ട്. താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി അല്ലാഹു നല്‍കും; അവന്‍ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രേ (ഖുര്‍ആന്‍ 2:261), നിങ്ങള്‍ അല്ലാഹുവിന് ഉദാത്തമായ കടം നല്‍കുന്നുവെങ്കില്‍ അതവന്‍ ഇരട്ടിയാക്കുകയും പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അവന്‍ പുണ്യകര്‍മങ്ങള്‍ സ്വീകരിക്കുന്നവനും സഹിഷ്ണുവുമാകുന്നു (ഖുര്‍ആന്‍ 64:18).’
സമ്പത്തിന്‍െറ ഉടമ അല്ലാഹുവാണ്. അത് വിനിമയം നടത്തുന്നവനാണ് അടിമ. അല്ലാഹുവിന്‍െറ നിര്‍ദേശമനുസരിച്ച് അതിനെ ഉപയോഗപ്പെടുത്താന്‍ വിശ്വാസി ബാധ്യസ്ഥനായിരിക്കും. നിര്‍ബന്ധദാനം (സകാത്ത്), സ്വദഖ, പ്രായശ്ചിത്തം എന്നിങ്ങനെ വിവിധ ദാനരീതികളെ ഇസ്ലാം പരിചയപ്പെടുത്തിയിട്ടുണ്ട്. ദാനം സമ്പന്നന്‍െറ ഒൗദാര്യമല്ല, പാവപ്പെട്ടവന്‍െറ അവകാശമായാണ് ഇസ്ലാം കാണുന്നത്.
ദാനംമൂലം സമ്പത്തില്‍ കുറവ് വരില്ല. ചെലവഴിക്കും തോറും സമ്പത്തില്‍ വിശാലതയും മനസ്സിന് ആത്മസംതൃപ്തിയും കൈവരും. ഹൃദയശുദ്ധീകരണത്തിനും പാപമോചനത്തിനും അത് ഹേതുവാകും. വ്രതാനുഷ്ഠാനത്തിനൊപ്പം ദാനധര്‍മവും ശീലമാക്കിയാല്‍ ശാരീരിക-സാമ്പത്തിക സംസ്കരണം സാധ്യമാകും. പ്രവാചകന്‍ പറഞ്ഞു: ‘വെള്ളം തീ അണക്കുന്നതുപോലെ ദാനധര്‍മങ്ങള്‍ പാപങ്ങളെ അണക്കുന്നതാണ്.’
പ്രവാചകന്‍െറ സന്തതസഹചാരിയും ഇസ്ലാമിലെ ഒന്നാം ഖലീഫയുമായ അബൂബക്കര്‍ സിദ്ദീഖ് സമ്പത്തൊക്കെ ഇസ്ലാമിക വഴിയില്‍ ദാനംചെയ്തു. ഉസ്മാന്‍ വലിയ ധനികനായിരുന്നു. അദ്ദേഹവും ദൈവമാര്‍ഗത്തില്‍ മുഴുവനും ചെലവഴിച്ചു. മറ്റൊരു ധനികനായിരുന്ന അബ്ദുറഹ്മാന്‍ ബിന്‍ ഒൗഫ് മദീനയിലെ പാവപ്പെട്ടവര്‍ക്കായി തന്‍െറ 700 ഒട്ടകവും ദാനം ചെയ്തു.
അഗതികള്‍ക്കും അനാഥര്‍ക്കും ദാനധര്‍മങ്ങള്‍ ചെയ്യാനും നിരാലംബരെ നോമ്പുതുറപ്പിക്കാനും റമദാന്‍ ആഹ്വാനം ചെയ്യുന്നു. ഒരുനേരത്തെ ഭക്ഷണത്തിനുപോലും ഗതിയില്ലാത്തവരെ കണ്ടത്തൊനും ഭക്ഷിപ്പിക്കാനും മുന്‍കൈയെടുക്കണം. ആവശ്യക്കാരനെ നോമ്പുതുറപ്പിക്കുന്നവന് നോമ്പുകാരന്‍െറ പ്രതിഫലംതന്നെ ലഭിക്കുമെന്നാണ് തിരുവചനം. നശ്വരമായ ഭൂമിയില്‍ സമ്പാദ്യങ്ങളൊക്കെ എടുത്തുവെക്കുന്നതിനുപകരം നല്ലമാര്‍ഗത്തില്‍ വിനിയോഗിക്കാനും പാരത്രികമോക്ഷം സാധ്യമാക്കാനും വിശ്വാസി തയാറാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.