നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് വഴികാണിക്കട്ടെ
text_fieldsഅല്ലാഹുവിന്‍െറ സന്‍മാര്‍ഗം നമുക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണ്. അത് ലഭിക്കാത്തവരിലേക്ക് നോക്കുമ്പോഴാണ് അതിന്‍െറ മഹത്വം നമുക്ക് മനസിലാവുക. എന്നാല്‍, അത് വലിയൊരു ഉത്തരവാദിത്തം കൂടിയാണ് നമുക്ക് നല്‍കുന്നത്. ഈ സൗഭാഗ്യം മറ്റുള്ളവര്‍ക്ക് എത്തിച്ചുക്കൊടുക്കകയെന്നതും നമ്മുടെ ബാധ്യതയാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ) നമ്മെ ഏല്‍പിച്ചുപോയ ബാധ്യതയാണിത്. ‘നിങ്ങളില്‍ ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ’ എന്ന് ഹജ്ജത്തുല്‍ വിദാഅിന്‍െറ സന്ദര്‍ഭത്തില്‍ നബി അരുളിയത് അവിടെ കൂടിയിരുന്നവര്‍ക്ക് മാത്രമായിരുന്നില്ല. അതിന് ശേഷം വന്ന സകല മുസ്ലിംകള്‍ക്കുമുള്ള ബാധ്യതയായിരുന്നു. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അത് വളരെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ‘അല്ലാഹുവിന്‍െറ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനേക്കാള്‍ നല്ല വര്‍ത്തമാനം പറഞ്ഞവന്‍ ആരുണ്ട്. എന്നിട്ടവന്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അവന്‍ പറയുകയും ചെയ്തു: ഞാന്‍ മുസ്ലിംകളില്‍ അല്ലാഹുവിന് സര്‍വവും സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ പെടുന്നു.’
പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച മാസത്തെക്കുറിച്ച് പറയുന്നിടത്ത് അല്ലാഹു സൂചിപ്പിക്കുന്നു: ‘അത് ജനങ്ങള്‍ക്ക് മുഴുവന്‍ സന്‍മാര്‍ഗദര്‍ശനമാണ്.’ റമദാനില്‍ നാം ഖുര്‍ആന്‍ പഠിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഈയൊരു തത്വം മറക്കാന്‍ പാടില്ല. ഇത് നമുക്ക് വേണ്ടി മാത്രമുള്ള മാര്‍ഗദര്‍ശനമല്ല. മറ്റ് ജനങ്ങള്‍ക്ക് വേണ്ടിയും അല്ലാഹു നല്‍കിയ ഗ്രന്ഥം തന്നെയാണ് ഖുര്‍ആന്‍. റമദാന്‍ സത്യവിശ്വാസികള്‍ക്ക് എത്ര പ്രാധാന്യമുള്ളതാണോ, അത്ര തന്നെ പ്രാധാന്യമുള്ളതാണ് മറ്റുജനങ്ങള്‍ക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ഈ മാസത്തില്‍ തന്നെ അത് മറ്റ് ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ വേണ്ടി, ഇത് അവര്‍ക്ക് കൂടി ബാധകമായ ഒരു ഗ്രന്ഥമാണ് എന്ന കാര്യം അവരിലേക്ക് കൂടി എത്തിക്കുന്നതിനും നാം ഈ മാസം ഉപയോഗപ്പെടുത്തണം.
അപ്പോഴാണ് അതിന്‍െറ പരിപൂര്‍ണ ചൈതന്യത്തോടെ ഈ മാസത്തെ അനുഷ്ഠിച്ചവരുടെ കൂട്ടത്തില്‍ നാം ഉള്‍പ്പെടുകയുള്ളൂ. ഇസ്ലാമിലെ എല്ലാ വിഷയത്തിലും അങ്ങനെയാണ്. അല്ലാഹുവിനെ അവന്‍ പരിചയപ്പെടുത്തുന്നത് ജനങ്ങളുടെ നാഥന്‍, ജനങ്ങളുടെ ആരാധ്യന്‍ എന്നിങ്ങനെയാണ്. മുസ്ലിംകളുടെ മാത്രം ദൈവമല്ല അല്ലാഹു, മറിച്ച് സര്‍വജനങ്ങളുടേതുമാണ്. സര്‍വലോകത്തിനും കാരുണ്യമായിക്കൊണ്ടാണ് പ്രവാചകനെ അയച്ചതെന്നാണ് പ്രവാചകനെക്കുറിച്ച് അല്ലാഹു പറയുന്നത്. മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനാണ് മുഹമ്മദ് നബി (സ). കഅ്ബയെക്കുറിച്ച് പറയുന്നിടത്ത് അല്ലാഹു പറയുന്നത്, ലോകര്‍ക്കാകമാനം തങ്ങളുടെ നാഥനെ ആരാധിക്കുന്നതിന് വേണ്ടി ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ഭവനമെന്നാണ്.
ജനങ്ങള്‍ക്ക് സാക്ഷികളാവാന്‍ വേണ്ടി നാം മുസ്ലിംകളെ ഒരു മധ്യമസമുദായമായാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു. അല്ലാഹുവിന്‍െറ സന്‍മാര്‍ഗത്തിന് മറ്റു മനുഷ്യര്‍ക്ക് സാക്ഷികളാവാന്‍ വേണ്ടിയാണ് അല്ലാഹു നമ്മെ നിയോഗിച്ചിരിക്കുന്നതെന്നതാണ് അല്ലാഹു വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.