'നോമ്പു മുറിച്ച' ടീച്ചറും അറബി ക്ലാസും
text_fieldsമിഠായിക്കഷണം തിന്നു പോയതിന്‍റെ വേവലാതിയില്‍ ചുണ്ടു കൂര്‍പ്പിച്ച്, കണ്ണുകള്‍ നിറച്ച് വാതിലിനുപിന്നില്‍ മറഞ്ഞു നില്‍ക്കുന്ന കുഞ്ഞുമുഖങ്ങളാണ് നോമ്പുകാലമെത്തുമ്പോള്‍ പനങ്ങാട്ടൂര്‍ ജി.എല്‍.പി സ്കൂളിലെ അറബി അധ്യാപികയായിരുന്ന പ്രസന്ന ടീച്ചറുടെ മനസ്സില്‍ ഓടിയെത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് പടിയിറങ്ങിയ ടീച്ചര്‍ 2000ത്തിലാണ് അധ്യാപികയായി ഇവിടെയെത്തുന്നത്. അന്യമതസ്ഥ അറബി ടീച്ചറായി വരുന്നതിനെ കുഞ്ഞുങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നൊരു ആശങ്കയുണ്ടായിരുന്നു.
എന്നാല്‍, മതവും ജാതിയും തീര്‍ക്കുന്ന വേലിക്കെട്ടുകളെക്കുറിച്ച് അറിയാത്ത കുഞ്ഞുമനസ്സുകള്‍ അവരെ ഒത്തിരി ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്. നാട്ടുകാര്‍ അതിലേറെ പിരിശത്തോടെ അവരുടെ കൂടെനിന്നു. സ്കൂളിലുള്ളപ്പോഴുള്ള നോമ്പുകാലങ്ങള്‍ എന്നും ടീച്ചര്‍ക്ക് അതിശയവും വാത്സല്യവും തുളുമ്പുന്ന ഓര്‍മകളാണ്. മുഴുവന്‍ നോമ്പുമെടുക്കാനായി മത്സരിക്കുന്ന കുട്ടികള്‍. വുദുവെടുക്കുമ്പോഴും മറ്റും വെള്ളം അകത്തായിപ്പോയാല്‍ ബേജാറാവുന്നവര്‍. ആരുമറിയാതെ വെള്ളം അകത്താക്കുന്ന വിരുതന്മാര്‍. ഓര്‍ത്തെടുക്കുമ്പോള്‍ ടീച്ചറുടെ മുഖത്ത് നിറചിരി.
‘അറബിക് ടീച്ചറായതു കൊണ്ട് നോമ്പെടുക്കുമെന്നായിരുന്നു കുട്ടികളുടെ ധാരണ. ഉച്ചയൂണ് കഴിക്കലും പാത്രം കഴുകലുമൊക്കെ കുട്ടികള്‍ കാണാതെ വേണം. എങ്ങാനും അവരുടെ കണ്ണില്‍പെട്ടാല്‍ ഉടന്‍ കമന്‍ഡ് വരും ടീച്ചര്‍ ഇന്ന് നോമ്പുമുറിച്ചു’. നോമ്പു കഴിഞ്ഞാല്‍ പിന്നെ ഓരോരുത്തരു തങ്ങള്‍ എടുത്ത നോമ്പിന്‍െറ എണ്ണം പറയാന്‍ ക്ലാസില്‍ മത്സരമാണ്. ചില വീരന്മാര്‍ക്കൊരു ചോദ്യമുണ്ട്, ടീച്ചറെത്രടുത്തൂന്ന്. സത്യം പറയാലോ ആകെ പതറിപ്പോകും.’ പറഞ്ഞുനിര്‍ത്തുമ്പോള്‍ ചിരിയടക്കാനാവുന്നില്ലായിരുന്നു ടീച്ചര്‍ക്ക്. പെരുന്നാളിന് ടീച്ചറെ സല്‍ക്കരിക്കാന്‍ മത്സരമായിരുന്നു ഓരോ വീട്ടുകാര്‍ക്കും. തങ്ങളുടെ വീട്ടിലെ ഒരാളായിത്തന്നെയാണ് അവര്‍ ടീച്ചറെ കണ്ടത്. യാത്രപറയുന്നതിനിടെ ‘ടീച്ചര്‍ പോവരുതെന്ന’ ഉമ്മാച്ചുമ്മയുടെ തേങ്ങല്‍ ഇപ്പോഴും കാതുകളിലുണ്ട്. 90 വയസ്സായിരുന്നു ഉമ്മാച്ചുമ്മക്ക്.
കുട്ടികള്‍ ടീച്ചര്‍ക്ക് പെരുന്നാള്‍ ആശംസാ കാര്‍ഡുകള്‍ അയക്കും. ‘സ്നേഹം നിറഞ്ഞ അറബിക് ടീച്ചര്‍ക്ക്’ എന്ന് തുടങ്ങുന്ന ആ കാര്‍ഡുകള്‍ നിധി പോലെയാണ് ടീച്ചര്‍ സൂക്ഷിക്കുന്നത്. പഠിപ്പിച്ചു കൊതിതീരാത്ത ടീച്ചര്‍ക്ക് ഈ ഓര്‍മത്തുണ്ടുകള്‍ വെളിച്ചമാണ്. ശിഷ്ട ജീവിതത്തിന് തെളിച്ചമേകാനുള്ള കെടാവിളക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.