ആത്മഹത്യാശ്രമം: അഞ്ജനയില്‍നിന്ന് എസ്.സി/എസ്.ടി കമീഷന്‍ മൊഴിയെടുത്തു
text_fieldsതലശ്ശേരി: ചാനല്‍ ചര്‍ച്ചക്കിടയില്‍ സി.പി.എം നേതാക്കള്‍ അവഹേളിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിമാക്കൂലിലെ ദലിത് പെണ്‍കുട്ടി അഞ്ജനയില്‍നിന്ന് സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാര്‍ മൊഴിയെടുത്തു. ചൊവ്വാഴ്ച രാവിലെ അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. ഇവരുടെ അച്ഛന്‍,അമ്മ, സഹോദരി അഖില എന്നിവരില്‍ നിന്നും കമീഷന്‍ മൊഴിയെടുത്തു.
ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, സബ് കലക്ടര്‍ നവജോത് ഖോസ എന്നിവരും അഞ്ജനയെ സന്ദര്‍ശിച്ചു.
സംഭവം വഷളാക്കിയത് പൊലീസെന്ന് കമീഷന്‍
തലശ്ശേരി: നിസ്സാര പ്രശ്നത്തില്‍ യഥാസമയം പൊലീസ് ഇടപെടാതിരുന്നതാണ് കുട്ടിമാക്കൂല്‍ സംഭവം വഷളാക്കിയതെന്ന് സംസ്ഥാന എസ്.സി, എസ്.ടി കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍.വിജയകുമാര്‍ അഭിപ്രായപ്പെട്ടു. ആത്മഹത്യാശ്രമം നടത്തി ആശുപത്രിയില്‍ കഴിയുന്ന ദലിത് കുടുംബാംഗമായ അഞ്ജനയെ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത് സഹോദരിമാരുടേതായി നാലുപരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. എതിര്‍ ഭാഗത്തുള്ളവരും പരാതിപ്പെട്ടിട്ടുണ്ട്. ഇരുകക്ഷികളെയും വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചിരുന്നുവെങ്കില്‍ സംഭവം ഇത്രത്തോളം വഷളാവില്ലായിരുന്നു. പട്ടികജാതിയില്‍പ്പെട്ട 24 കുടുംബങ്ങള്‍ ഇവരുടെ വീടിന് സമീപത്ത് കഴിയുന്നുണ്ട്. എന്നാല്‍, ഇവര്‍ തമ്മില്‍ സഹകരണമില്ളെന്നാണ് ലഭിച്ച വിവരം. കുട്ടിമാക്കൂല്‍ സംഭവത്തില്‍ ജില്ലാ കലക്ടറും എസ്.പിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കമീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 28ന് കേസ് പരിഗണിക്കും. ജയിലിലടച്ചതില്‍ അപാകതയുണ്ടെങ്കില്‍ വിശദീകരണം ചോദിക്കാന്‍ കമീഷന് അധികാരമില്ല. ഇത് ഹൈകോടതി രജിസ്ട്രാറുടെ പരിധിയില്‍ വരുന്ന കാര്യമാണ്. കുട്ടികളെ ജയിലില്‍ പാര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചോയെന്ന് ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.