ശതോത്തര സുവര്‍ണ ജൂബിലി നിറവില്‍ യൂനിവേഴ്സിറ്റി കോളജ്
text_fieldsതിരുവനന്തപുരം: വൈജ്ഞാനിക വിപ്ളവത്തിന്‍െറ ചരിത്രസ്പന്ദനങ്ങള്‍ക്കും സൗഹാര്‍ദത്തിന്‍െറ നിറവസന്തങ്ങള്‍ക്കും സാക്ഷിയായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിന്‍െറ ശതോത്തര സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും. രാവിലെ 11ന് കോളജ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 150ാം വര്‍ഷികം ഉദ്ഘാടനം ചെയ്യും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനുമായിരുന്ന കവി ഒ.എന്‍.വി കുറുപ്പിനുള്ള സ്മരണാഞ്ജലിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിക്കും.
എന്‍.എസ്. മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. ശതോത്തര ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സാംസ്കാരികോത്സവം, ചരിത്ര-ശാസ്ത്ര പ്രദര്‍ശനം, ദേശീയ-അന്തര്‍ദേശീയ സെമിനാറുകള്‍, പുസ്തകോത്സവം, അക്കാദമിക മികവിനുളള പുരസ്കാരം എന്നിവ ഇതില്‍ പ്രധാനമാണ്.
1834ല്‍ സ്വാതി തിരുനാള്‍ രാമവര്‍മയുടെ കാലത്ത് ഇംഗ്ളീഷ് സ്കൂളായി ആരംഭിച്ച്, 1866ല്‍ കോളജായി മാറിയ കേരളത്തിലെ ഏറ്റവും പഴക്കമുള്ള കലാലയമാണ് യൂനിവേഴ്സിറ്റി കോളജ്. പുസ്തകങ്ങള്‍ക്കും പരീക്ഷകള്‍ക്കുമപ്പുറം തിരുവിതാംകൂറിന്‍െറ രാഷ്ട്രീയബോധത്തെ രൂപപ്പെടുത്തുന്നതില്‍ ഈ കലാലയം വഹിച്ച പങ്ക് നിര്‍ണായകമാണ്.
ഗാന്ധിജിയുടെയും രവീന്ദ്രനാഥ ടാഗോറിന്‍െറയും പാദസ്പര്‍ശമേറ്റ കലാലയ മുറികള്‍ നൊബേല്‍ പുരസ്കാരം കരസ്ഥമാക്കിയ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള അധ്യാപകരുടെ ക്ളാസുകള്‍ കേട്ടിട്ടുമുണ്ട്. ഈ കെട്ടിടങ്ങള്‍ക്കുള്ളിലിരുന്ന് പഠിച്ചവരില്‍ മുന്‍ രാഷ്ട്രപതിയും രാഷ്ട്രീയ കേരളത്തില്‍ ദിശാബോധം നിര്‍ണയിച്ച നേതാക്കളും കവികളും നടനവിസ്മയം തീര്‍ത്തവരും മലയാളഭാഷയുടെ അഴകുവളര്‍ത്തിയ എഴുത്തുകാരും രാജ്യം ആദരിച്ച അധ്യാപകരുമെല്ലാം പെടും. ഇതിനകം ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നു ലക്ഷത്തിലേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.