ദാനംചെയ്ത് പുണ്യംനേടുക
text_fieldsനാം ഈ ഭൂമിയിലേക്ക് വന്നത് ശൂന്യഹസ്തരായാണ്. ശ്വസിക്കാനുള്ള വായുവോ കുടിക്കാനുള്ള വെള്ളമോ കഴിക്കാനുള്ള ആഹാരമോ കിടക്കാനുള്ള ഇടമോ കൂടെ കൊണ്ടുവന്നിട്ടില്ല. ഇഷ്ടപ്പെട്ടാലും ഇല്ളെങ്കിലും നാം ഈ ലോകത്തോട് വിടപറയും. അപ്പോള്‍ ഒന്നും കൂടെ കൊണ്ടുപോവുകയുമില്ല. ഇവിടെയുള്ള എല്ലാം ദൈവദത്തമാണ്. നമുക്ക് ഒന്നിന്‍െറമേലും പൂര്‍ണമായ ഉടമാവകാശമില്ല. ഉപയോഗാനുമതിയേ ഉള്ളൂ. അത് അനിയന്ത്രിതമല്ല; ദൈവനിശ്ചിതമായ പരിധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്.
സമൂഹത്തില്‍ സമ്പന്നരും ദരിദ്രരുമുണ്ട്. കരുത്തരും ദുര്‍ബലരുമുണ്ട്. രോഗികളും ആരോഗ്യവാന്മാരുമുണ്ട്. ഇതൊക്കെയും ദൈവനിശ്ചിതമാണ്. ധനികര്‍ ദരിദ്രരെയും കരുത്തര്‍ ദുര്‍ബലരെയും ആരോഗ്യവാന്മാര്‍ രോഗികളെയും സഹായിക്കണമെന്ന് എല്ലാം നല്‍കിയ ദൈവം അനുശാസിക്കുന്നു. അത് പാലിക്കുന്നവരെയാണ് ദൈവം സ്നേഹിക്കുക. സമൂഹത്തില്‍ സഹായം ആവശ്യമുള്ളവര്‍ നിരവധിയാണ്. അവര്‍ വിവിധ തരക്കാരാണ്. അനാഥരും അഗതികളും അന്ധരും അശരണരും വിധവകളും വികലാംഗരും അവരില്‍പെടുന്നു. ദരിദ്രരും രോഗികളും കുട്ടികളും കിഴവന്മാരും അപ്രകാരംതന്നെ. ഓരോരുത്തര്‍ക്കും എന്താണോ വേണ്ടത് അത് നല്‍കലാണ് യഥാര്‍ഥ സേവനം.
പരസേവനം ചെറുതായാലും വലുതായാലും മഹത്തരംതന്നെ. മമതയുള്ള മനസ്സിന്‍െറ കാരുണ്യവികാരത്തില്‍നിന്നാണ് നിഷ്കാമമായ സഹായം ജന്മമെടുക്കുക. അതിനാല്‍, നല്‍കുന്ന സംഖ്യയുടെ വലുപ്പമോ ചെയ്യുന്ന സേവനത്തിന്‍െറ കണക്കോ അല്ല അതിന്‍െറ മൂല്യവും മഹത്ത്വവും നിര്‍ണയിക്കുക. മറിച്ച്, അതിന്‍െറ പ്രേരകവും സ്വഭാവവുമത്രെ. പേരിനും പ്രശസ്തിക്കുമായി പതിനായിരങ്ങള്‍ ചെലവഴിക്കുന്ന പണക്കാരനെക്കാള്‍ പ്രശംസാര്‍ഹനായ പുണ്യവാളന്‍, പട്ടിണികൊണ്ട് പൊറുതിമുട്ടുന്ന പരമദരിദ്രന് തന്‍െറ വശമുള്ളതെല്ലാം കൊടുക്കുന്ന സാധാരണക്കാരനാണ്.
നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം കഴിച്ചാല്‍ ലഭിക്കുന്ന സംതൃപ്തി ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നതായിരിക്കും. എന്നാല്‍, നമ്മുടെ സഹായത്താലും സേവനത്താലും ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനോ പട്ടിണി അകറ്റാനോ രോഗം ചികിത്സിച്ചു ഭേദമാക്കാനോ ആര്‍ക്കെങ്കിലും താമസസ്ഥലമൊരുക്കാനോ സാധിച്ചാല്‍ അതു സമ്മാനിക്കുന്ന സംതൃപ്തി ജീവിതകാലം മുഴുവനുമായിരിക്കും. ദൈവം മരണശേഷമുള്ള ജീവിതത്തില്‍ നമുക്ക് അതിരുകളില്ലാത്ത പ്രതിഫലം വാഗ്ദാനം ചെയ്യുന്നു.
നമ്മുടെ വശം ലക്ഷങ്ങളോ കോടികളോ ഉണ്ടെങ്കിലും ഒരു വയറേ നിറക്കാന്‍ കഴിയുകയുള്ളൂ. ഒരു വസ്ത്രമേ ധരിക്കാന്‍ പറ്റുകയുള്ളൂ. ഒരു കസേരയിലേ ഇരിക്കാനൊക്കൂ. ഒരു കട്ടിലിലേ കിടക്കാന്‍ സാധിക്കുകയുള്ളൂ. വീടിനെത്ര മുറികളുണ്ടെങ്കിലും ഒരു രാത്രി ഒന്നിലേ ഉറങ്ങാന്‍ കഴിയുകയുള്ളൂ. ഭൗതികാവശ്യങ്ങളുടെ ഈ പരിമിതി തിരിച്ചറിഞ്ഞ് ദൈവം തനിക്കു തന്ന സമ്പത്ത് കഷ്ടപ്പെടുന്നവര്‍ക്ക് കൊടുക്കാന്‍ തയാറാവുന്നവരാണ് സുകര്‍മികള്‍. ജീവിതവിജയം വരിക്കുന്നവരും അവര്‍തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.