വിദ്യാലയം കലാലയത്തിന് വഴിമാറി, ഒപ്പം ചരിത്രത്തിനും
text_fields1836 ലെ മഹാരാജാസ് ഫ്രീ സ്കൂള്‍ കോളജിലേക്ക് വളരുന്നത് 1866ല്‍ ആയില്യം തിരുനാളിന്‍െറ കാലത്താണ്. മഹാരാജാസ് കോളജ് എന്നായിരുന്നു കലാലയത്തിന് പേര് നല്‍കിയത്. കോളജായതിനുശേഷവും സ്ഥാപനം അവിടത്തെന്നെ തുടര്‍ന്നു. ചരിത്രം, തത്ത്വശാസ്ത്രം, ഗണിതം എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍. ഒപ്പം മെട്രിക്കുലേഷനുമുണ്ടായിരുന്നു. ബ്രിട്ടീഷുകാരായിരുന്നു ആദ്യകാലത്തെ അധ്യാപകരും പ്രിന്‍സിപ്പല്‍മാരുമെല്ലാം. ജോണ്‍ റോസാണ് കോളജിന്‍െറ ആദ്യ പ്രിന്‍സിപ്പല്‍. രാജാവ് തന്നെയാണ് പ്രിന്‍സിപ്പലിനെ നിയമിച്ചത്. ഇദ്ദേഹത്തിന് താമസിക്കുന്നതിന് വഴുതക്കാട്ട് നിലവിലെ വിമന്‍സ് കോളജിന് സമീപം നിര്‍മിച്ച വീടാണ് റോസ് ഹൗസ്. ഇതിപ്പോള്‍ മന്ത്രിമന്ദിരമാണ്. ജോണ്‍ റോസിന്‍െറ പ്രിയ ശിഷ്യനായിരുന്നു സി.വി. രാമന്‍പിള്ള. ജോണ്‍ റോസ് ജോലി പൂര്‍ത്തിയാക്കി ഇംഗ്ളണ്ടിലേക്ക് പോയശേഷം അവിടെ നിര്‍മിച്ച വീടിന് ‘കേരള സൂഖ്യ’ എന്ന് പേര് നല്‍കിയതും ചരിത്രം.
ഇക്കാലത്തെല്ലാം സ്കൂളും ഒപ്പം പ്രവര്‍ത്തിച്ചിരുന്നു. 1869ല്‍ നിലവിലെ കോളജ് നില്‍ക്കുന്ന സ്ഥലത്ത് ആയില്യം തിരുനാള്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. ചതുപ്പുനിലമായിരുന്നെങ്കിലും ഇവിടം കലാലയത്തിന് പറ്റിയ അന്തരീക്ഷമാണെന്ന ദീര്‍ഘവീക്ഷണം പിഴച്ചില്ല. 1873ല്‍ കെട്ടിടത്തിന്‍െറ ജോലികള്‍ പൂര്‍ത്തിയായതോടെ കോളജ് ഇങ്ങോട്ടേക്ക് മാറ്റിസ്ഥാപിച്ചു. ഒപ്പം സ്കൂളിനെയും കൂടെ കൂട്ടി. പ്രവര്‍ത്തനസൗകര്യത്തിനായി ഈ ഹൈസ്കൂള്‍ പിന്നീട് വഞ്ചിയൂരിലേക്ക് മാറ്റി. അവിടെ കോടതി സമുച്ചയം വന്നതോടെ സ്കൂള്‍ തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജിന് സമീപത്തേക്ക് പിന്നെയും പറിച്ചുനട്ടു. അതാണ് ഇന്നത്തെ എസ്.എം.വി സ്കൂള്‍.
റോബര്‍ട്ട് ഹാര്‍വിയാണ് കോളജിന്‍െറ രണ്ടാമത്തെ പ്രിന്‍സിപ്പല്‍. ഇദ്ദേഹത്തിന്‍െറ അടുത്ത ശിഷ്യന്‍ സുന്ദരന്‍പിള്ള പേരൂര്‍ക്കടക്ക് സമീപം വലിയ പറമ്പ് വാങ്ങി വീട് വെച്ച് ‘ഹാര്‍വി’ പുരം എന്ന പേര് നല്‍കി. ഇതാണ് ഇന്നറിയപ്പെടുന്ന ഹാര്‍വിപുരം. എച്ച്.എന്‍. റീഡും എ.സി. മിച്ചലും എ.ഡബ്ള്യു. ബിഷപ്പും എല്‍.സി ഹോഡ്സണുമെല്ലാം പിന്നീട് പ്രിന്‍സിപ്പല്‍മാരായത്തെി. എ.ആര്‍. രാജരാജ വര്‍മയാണ് യൂനിവേഴ്സിറ്റി കോളജിലെ ആദ്യ മലയാളി പ്രിന്‍സിപ്പല്‍. 1915-16 ലും 1918 ലുമായിരുന്നു അദ്ദേഹം കോളജിനെ നയിച്ചത്.
1924ല്‍ കോളജ് രണ്ടായി പിളര്‍ന്നു. സയന്‍സ് വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ‘സയന്‍സ് കോളജ് (നിലവിലെ യൂനിവേഴ്സിറ്റി കോളജ്) സജീവമായപ്പോള്‍ മറുഭാഗം ആര്‍ട്സ് വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി തൈക്കാട് ആര്‍ട്സ് കോളജായി പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍, 1942ല്‍ രണ്ടും വീണ്ടും ഒന്നായി. ഇതോടെയാണ് കലാലയത്തിന് യൂനിവേഴ്സിറ്റി കോളജ് എന്ന് പേര് വന്നത്. ഇതോടെ ബിരുദ കോഴ്സുകള്‍ ‘യൂനിവേഴ്സിറ്റി കോളജി’ലേക്കും മെട്രിക്കുലേഷന്‍ ‘ആര്‍ട്സ് കോളജി’ലേക്കും വെച്ചുമാറി.
ആദ്യകാലത്ത് സിലബസും പാഠപുസ്തകങ്ങളും സ്വയം തയാറാക്കുകയാണ് ചെയ്തിരുന്നത്. തുടര്‍ന്ന് വ്യത്യസ്ത സമയങ്ങളില്‍ വിവിധ കോഴ്സുകള്‍ക്ക് മദ്രാസ് സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. 1875ല്‍ കോളജില്‍ ആരംഭിച്ച നിയമപഠന കോഴ്സാണ് പിന്നീട് തിരുവനന്തപുരം ലോ കോളജായി മാറിയത്. 1965ല്‍ യൂനിവേഴ്സിറ്റി കോളജില്‍ സായാഹ്ന കോളജ് ആരംഭിച്ചു. ഇത് 1992 വരെ തുടര്‍ന്നു. ആദ്യകാലത്ത് സെക്രട്ടേറിയറ്റിലെ അസംബ്ളി ഹാളില്‍ വെച്ചാണ് ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാനചടങ്ങ് നടന്നിരുന്നത്. പിന്നീടിത് വി.ജെ.ടി ഹാളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.