പുണ്യമാസത്തിലും തണലായിരുന്നു ഉപ്പ
text_fieldsറമദാന്‍ പിറക്കുന്നതോടെ പൊതുപരിപാടികളെല്ലാം ഒഴിവാക്കി വീട്ടില്‍ തന്നെയായിരുന്നു ഉപ്പയുടെ നോമ്പുകാലം. ഉപ്പയുടെ പൂര്‍ണസാന്നിധ്യം ഞങ്ങള്‍ക്ക് ലഭിക്കുന്ന മാസംകൂടിയായിരുന്നു അത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്ത പരിപാടികളിലേക്കായി നോമ്പിന് ക്ഷണമുണ്ടാകും. ഉപ്പ സ്നേഹപൂര്‍വം അവ നിരസിക്കും. റമദാന്‍െറ പുണ്യം ജീവിതത്തില്‍ പരമാവധി നേടിയെടുക്കണമെന്നും ഇതിന് സ്വന്തം നാടും വീടുമാണ് ഉത്തമം എന്നുമാണ് വിശ്വസിച്ചിരുന്നത്.
സമസ്തയുടെ ഉന്നത പദവിയിലിരിക്കുമ്പോഴും ഉപ്പ ഞങ്ങള്‍ക്കൊക്കെ മാതൃകയായ ഗൃഹനാഥന്‍കൂടിയായിരുന്നു. എല്ലാ നോമ്പുകാലത്തും ഉപ്പ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം അങ്ങാടിയില്‍പോയി വാങ്ങിക്കൊണ്ടുവരും. നോമ്പുതുറക്കാനാവശ്യമായ വിഭവങ്ങളും കുട്ടികള്‍ക്കാവശ്യമുള്ള പലഹാരങ്ങളും സ്വന്തം കൈകൊണ്ട് വാങ്ങണമെന്നത് ഉപ്പക്ക് നിര്‍ബന്ധമായിരുന്നു. എല്ലാ റമദാനിലും വെള്ളൂരിലെ സഹോദരിയുടെയും പെണ്‍കുട്ടികളുടെയും വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നത് ഒരവകാശമായി ഉപ്പ കരുതി.
സുബ്ഹിക്ക് രണ്ടുമണിക്കൂര്‍ മുമ്പേ എഴുന്നേറ്റ് ആരാധനാ കാര്യങ്ങളില്‍ മുഴുകിയിരിക്കും. പ്രഭാതനമസ്കാരം കഴിഞ്ഞാലും ആരാധനാ കര്‍മങ്ങളുമായി വീട്ടിലുണ്ടാകും. മറ്റു സമയങ്ങളില്‍നിന്ന് വ്യത്യസ്തമായി വീട്ടില്‍ സന്ദര്‍ശകരെക്കൊണ്ട് നിറയുന്നതും റമദാനിലെ പകലുകളിലാണ്. പല സമയത്തായിട്ടായിരിക്കും നിരവധി പേര്‍ കാണാനെത്തുക. ഏതു സമയത്താണെങ്കിലും തന്നെ കാണാനെത്തുന്നവരെ എല്ലാം നേരില്‍കണ്ടു സംസാരിക്കും. കാണാന്‍ വരുന്നവര്‍ അവരുടെ വിലപ്പെട്ട സമയം ഉപയോഗപ്പെടുത്തിയാണ് വരുന്നതെന്നും അത് നമ്മള്‍ പാഴാക്കരുതെന്നുമാണ് സന്ദര്‍ശകരെ കാണുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ പറയുക.
അവസാനകാലം വരെ ലളിതമായൊരു ജീവിത സങ്കല്‍പമായിരുന്നു ഉപ്പ പകര്‍ന്നുനല്‍കിയത്. മരിക്കുന്നതിന് ഒന്നരമാസം മുമ്പുവരെ 79ാം വയസ്സിലും കര്‍മനിരതനായിരുന്നു ഉപ്പ. കഴിഞ്ഞ റമദാനിലും പുണ്യമാസത്തിന്‍റെ എല്ലാ നന്മയും നേടാന്‍ മക്കളായ ഞങ്ങള്‍ക്കൊക്കെ തണലായിരുന്നു. ഉപ്പയില്ലാത്ത ഒരു നോമ്പു കാലമാണ് ഇക്കുറി ഞങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്നത്.
തയാറാക്കിയത്: അബ്ദുല്‍ റഊഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.