പ്രേമന്‍െറ ഇഫ്താറില്‍ നോമ്പു തുറന്നത് 250 പേര്‍
text_fieldsകോഴിക്കോട്: ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തിയുള്ള ചെറിയ വരുമാനത്തില്‍ വേങ്ങേരി പ്രണവം പ്രേമന്‍ 15 വര്‍ഷമായി തുടര്‍ന്ന ഇഫ്താറില്‍ ഇക്കുറി നോമ്പുതുറന്നത് 250 ഓളം പേര്‍. എല്ലാ വര്‍ഷവും അമ്പതോളം പേരെ വിളിച്ച് നടത്തിയിരുന്നത് ഇക്കുറി ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍െറ കൂടി കൂട്ടായ്മയിലാണ് വിപുലമാക്കിയത്. കോഴിക്കോട് ബീച്ച് ഫയര്‍സ്റ്റേഷന് സമീപമാണ് പ്രേമന്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് നടത്തുന്നത്. തന്‍െറ പണിക്കാരില്‍ ഏറെ പേരും മുസ്ലിംകളായതിനാല്‍ അവരെ നോമ്പുതുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 വര്‍ഷം മുമ്പ് പദ്ധതിയുമായി ഇറങ്ങിയത്.
ഈ ദിവസങ്ങളില്‍ പ്രേമനും ഇതര മതസ്ഥരായ സുഹൃത്തുക്കളുമെല്ലാം നോമ്പ് നോല്‍ ക്കും. പുലര്‍ച്ചെ അത്താഴമടക്കം ഒരുക്കങ്ങള്‍ക്ക് കുടുംബത്തിന്‍െറ പിന്തുണയുമുണ്ടാകും. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രോത്സാഹനത്തില്‍ ഓരോ വര്‍ഷവും നോമ്പുതുറ കൂടുതല്‍ നന്നായിവന്നു. വിഭവങ്ങള്‍ ഒരുക്കുന്നതും ഇഫ്താര്‍ സദസ്സ് ഒരുക്കാനുമൊക്കെയുള്ള ചെലവുകളെല്ലാം പ്രേമന്‍ സ്വയം വഹിക്കാറാണ് പതിവ്. ഇതിനിടെ, മാതൃകാപരമായ പ്രവര്‍ത്തനം കണ്ട് അസോസിയേഷനും കൂടി രംഗത്തുവന്നതോടെ ഇക്കുറി പ്രവര്‍ത്തകര്‍ ചെലവ് കൂട്ടമായി വീതിച്ചെടുത്താണ് ഇഫ്താര്‍ നടത്തിയത്. വിഭവങ്ങളെല്ലാം പലരായി സ്വന്തം വീടുകളില്‍നിന്ന് കൊണ്ടുവന്നു.
ചക്കയടക്കം നാടന്‍ വിഭവങ്ങളും മേശമേല്‍ അണിനിരന്നു. പഴവര്‍ഗങ്ങള്‍, സമൂസ, തരിക്കഞ്ഞി, പത്തിരി, കറികള്‍ തുടങ്ങിയ വിഭവങ്ങള്‍ എല്ലാമുണ്ടായിരുന്നു. എല്ലാ വര്‍ഷവും 27ാം രാവിനായിരുന്നു ഇഫ്താര്‍ നടത്താറുണ്ടായിരുന്നത്. ഇക്കുറി മറ്റുള്ളവരുടെ സൗകര്യാര്‍ഥം തീയതി മാറ്റിയപ്പോള്‍ യാദൃശ്ചികമായി വന്നത് ബദര്‍ ദിനം. അടുത്തവര്‍ഷവും കൂടുതല്‍ വിപുലമായി പരിപാടി നടത്താനുള്ള തീരുമാനത്തിലാണ് പ്രേമനും സുഹൃത്തുക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.