കാത്തിരിപ്പിന് അമീനില്ല
text_fieldsമഴക്കുളിരില്‍ വിശുദ്ധറമദാനെ വരവേല്‍ക്കാന്‍ നാടും വീടുമൊരുങ്ങുമ്പോള്‍ ഇവിടെ, പല്ലാരിമംഗലം പിടവൂര്‍ കാരോത്തുകുഴി വീട്ടില്‍ കണ്ണീര്‍ച്ചൂട്. ഒരുക്കങ്ങളില്‍ പകിട്ടേകിയിരുന്ന കുഞ്ഞുമോന്‍ പോയിട്ട് കൊല്ലം ഒന്നു തികയുകയാണ് ഈ റമദാനില്‍. 2015 ജൂണ്‍ 26, നോമ്പ് ഒമ്പതിനാണ് വീട്ടിലെ തീരാത്ത നോവായി ജാബിര്‍- ഷബ്ന ദമ്പതികളുടെ ഇളയ മകന്‍ അമീന്‍ യാത്രയായത്.
കാറ്റിലും മഴയിലും കൊച്ചി-മധുര ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം സ്കൂള്‍ ബസിനുമുകളിലേക്ക് മരം മറിഞ്ഞുവീണ് മരിച്ച അഞ്ചു വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു അമീന്‍. ‘നോമ്പെടുക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു അമീന്. അതിനായി എപ്പോഴും വാശി പിടിക്കും. സ്കൂളില്ലാത്തപ്പോള്‍ നോമ്പുപിടിക്കാമെന്നായിരുന്നു കരാറ്. അപകടത്തിനുമുമ്പുള്ള അവധി ദിവസം നോമ്പെടുക്കുകയും ചെയ്തു. ഉപ്പാടെ കൂടമുണ്ടയിലെ തറവാട്ടിലായിരുന്നു ആദ്യ നോമ്പുതുറ. സഹോദരങ്ങളും മക്കളുമൊക്കെയായി ആഘോഷമായിരുന്നു അന്ന്. പിന്നീടങ്ങോട്ട് അടുത്ത അവധിനാളിനായുള്ള കാത്തിരിപ്പ്. അതുണ്ടായില്ല. അതിനു മുമ്പേ...’ -ഷബ്നക്ക് കണ്ണീര്‍ നനവ്.
കറുകടം വിദ്യാ വികാസ് സ്കൂളിലാണ് അമീന്‍ പഠിച്ചിരുന്നത്. സ്കൂള്‍ ബസില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. സഹോദരി യമിനുമുണ്ടായിരുന്നു ബസില്‍. അപകടത്തില്‍ മരിച്ച നെല്ലിമറ്റം ചിറ്റയത്ത് എല്‍ദോയുടെ മകള്‍ ഇസ സാറയോടൊപ്പം കളിച്ചുകൊണ്ടിരുന്ന അമീന്‍ അപകടത്തിന് തൊട്ടുമുമ്പാണ് ഇത്തയുടെ സീറ്റിനരികിലേക്ക് മാറിയിരുന്നത്. നോമ്പിന്‍്റെ ക്ഷീണം കാരണം മയക്കത്തിലായിരുന്നു യമിന്‍. മരം വീണ ഭാഗത്താണ് അവള്‍ ഇരുന്നിരുന്നത്. തല ഉയര്‍ത്താന്‍ കഴിയാതിരുന്നിട്ടും നാട്ടുകാര്‍ വെട്ടിപ്പൊളിച്ച വാതിലിലൂടെ രക്ഷപ്പെടാന്‍ കുഞ്ഞനിയനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു അവള്‍. എന്നാല്‍, ഒട്ടും അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവന്‍. പുറത്തുകടന്നയുടന്‍ യമിന്‍ തന്നെയാണ് വീട്ടില്‍ വിവരം വിളിച്ചു പറഞ്ഞത്.
നമസ്കാരം നിര്‍വഹിച്ച് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കവെയാണ് ഫോണ്‍ വന്നത്. നമസ്കാര വസ്ത്രങ്ങള്‍പോലും മാറ്റാതെ അപകടസ്ഥലത്ത് കുതിച്ചത്തെുകയായിരുന്നു. ഷബ്നയും ജാബിറും എത്തിയശേഷമാണ് മരം മുറിച്ചുനീക്കി അമീനെ പുറത്തെടുത്തത്. കുഞ്ഞുമോനെ കൈകളില്‍ ഏറ്റുവാങ്ങുമ്പോള്‍ അവന്‍െറ ആത്മാവ് പടച്ചറബ്ബിനരികിലേക്ക് പറന്നുപോയിക്കഴിഞ്ഞെന്ന് കരുതിയില്ലായിരുന്നു. ആ കുഞ്ഞുടലില്‍ ഒരു മുറിവുപോലും പറ്റിയിരുന്നില്ല. ഗാഢമായ ഉറക്കത്തിലെന്നപോലെ കണ്ണടച്ചുകിടക്കുന്ന അവനെ ചേര്‍ത്തുപിടിച്ച് ആശുപത്രിയിലേക്ക് കുതിക്കുമ്പോള്‍ അവര്‍ക്കുറപ്പായിരുന്നു, രാത്രിയുറക്കത്തില്‍ നിന്നെന്നപോലെ കണ്ണുതിരുമ്മി അവനെഴുനേല്‍ക്കുമെന്ന്.
തന്‍െറ കഴുത്തില്‍ കൂട്ടിപ്പിടിച്ച് ഉമ്മായെന്നൊരു മുത്തം അവന്‍ സമ്മാനിക്കുമെന്ന്. മോനെന്തേ അനങ്ങാത്തതെന്നൊരു പരിഭ്രമത്തിലേക്ക് ആണ്ടുപോവുന്ന ഷബ്നയെ ഇക്കാര്യം പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു ജാബിര്‍. ഇനി അവനില്ളെന്ന് ആരൊക്കെ പറഞ്ഞിട്ടും ഉള്‍ക്കൊള്ളാനായില്ല അവര്‍ക്ക്. ഇപ്പോഴും വിശ്വസിക്കാനാവാത്തൊരു സത്യമായി അമീന്‍െറ വേര്‍പാട് ആ വീട്ടില്‍ ബാക്കിയാവുന്നു. നോമ്പടുക്കുന്തോറും വല്ലാത്തൊരു സങ്കടക്കാറ് വന്നുമൂടുകയാണ് ഈ കുടുംബത്തെ. നോമ്പു പിടിക്കണമെന്ന് കുറുമ്പു കാട്ടാന്‍, പലഹാരങ്ങളുടെ പട്ടിക നിരത്താന്‍, നോമ്പു തുറക്കുന്നതിനിടെ ഇത്തയുമായി ഗുസ്തി പിടിക്കാന്‍ കുഞ്ഞുമോന്‍ ഇല്ലല്ളോ എന്നൊരു സങ്കടം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.