മതവും വിജ്ഞാനവും
text_fieldsപ്രമുഖ ആംഗലേയ എഴുത്തുകാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന ബിന്യമിന്‍ ഡിസ്റേലിയുടെ വിശ്രുതമായ ഒരു വാക്യം ഇങ്ങനെയാണ്: ‘എവിടെ വിജ്ഞാനം അവസാനിക്കുന്നുവോ അവിടെ മതം ആരംഭിക്കുന്നു!’ ഈ പ്രസ്താവന, അദ്ദേഹം ജനിച്ചുവളര്‍ന്ന യൂറോപ്പിന്‍െറ മധ്യകാല ചരിത്രത്തെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കാം. രാജവാഴ്ചയുടെ പിന്‍ബലത്തോടെ ക്രൈസ്തവ മതപൗരോഹിത്യം ഉറഞ്ഞുതുള്ളിയ കറുത്തകാലം. അവ രണ്ടും ചേര്‍ന്ന് രൂപപ്പെട്ട അവിശുദ്ധ കൂട്ടുകെട്ട് മനുഷ്യന്‍െറ സ്വതന്ത്രചിന്തക്ക് വിലങ്ങിടുകയും ശാസ്ത്ര മുന്നേറ്റത്തെ ചെറുക്കുകയും ചെയ്തപ്പോള്‍ മതം സാമൂഹിക പുരോഗതിക്ക് വിലങ്ങുതടിയാണെന്ന ദുഷ്പേര് ഉണ്ടായത് മിച്ചം.
എന്നാല്‍, ഇസ്ലാമിന്‍െറ കാഴ്ചപ്പാടില്‍ മതത്തിന്‍െറ ചരിത്രം ആരംഭിക്കുന്നതുതന്നെ മേല്‍ പറഞ്ഞതിന് കടകവിരുദ്ധമായാണ്. അതനുസരിച്ച്, ഈ ഭൂമിയിലെ പ്രഥമ മനുഷ്യന്‍ മതവിശ്വാസിയായിരുന്നു. അദ്ദേഹമാകട്ടെ, അറിവിന്‍െറ അകമ്പടിയോടെയാണ് ജീവിതം തുടങ്ങുന്നതും.
അറിവിന്‍െറ ആദ്യപടിയായ നാമങ്ങള്‍ അല്ലാഹു ആദമിനെ പഠിപ്പിച്ച കാര്യം വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭൂമിയില്‍ ദൈവത്തിന്‍െറ പ്രതിനിധിയായി നിശ്ചയിക്കപ്പെട്ട മനുഷ്യന് മാലാഖമാരെക്കാള്‍ ശ്രേഷ്ഠത കൈവരിക്കാന്‍ പര്യാപ്തമായിരുന്നു, അവന് നല്‍കപ്പെട്ട ഈ ജ്ഞാനാര്‍ജന സിദ്ധി. മനുഷ്യന്‍െറ ഈ സവിശേഷതക്കു മുന്നില്‍ മാലാഖമാര്‍ പ്രണമിക്കുകയും അങ്ങനെ അവര്‍ പ്രപഞ്ചത്തിന്‍െറ കേന്ദ്രബിന്ദുവായിത്തീരുകയും ചെയ്ത ചിത്രം ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു (2:30-34).
അറിവിന്‍െറ പ്രാരംഭ ബിന്ദുവാണ് നാമങ്ങള്‍. ഭൂമിയില്‍ ശരിയായ രീതിയിലുള്ള സംസ്കാരവും നാഗരികതയും കെട്ടിപ്പടുക്കാന്‍ അറിവ് മനുഷ്യനെ സഹായിക്കുന്നു. മതം പഠിപ്പിക്കുന്ന ദൈവിക പ്രാതിനിധ്യത്തിന്‍െറ സാക്ഷാത്കാരത്തിന് അനിവാര്യമാണത്. അഥവാ മതത്തിന്‍െറ അടിസ്ഥാന ശിലയായി വര്‍ത്തിക്കുന്നത് വിജ്ഞാനമാണെന്നര്‍ഥം. അറിവിന്‍െറ ശരിയായ പരിപോഷണത്തിലൂടെ മാത്രമേ ഉന്നതമായ സംസ്കാരം കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ അറിവിന്‍െറ ഉറവിടം -സന്മാര്‍ഗത്തിന്‍െറ പ്രകാശം -വെളിച്ചം പകര്‍ന്നെങ്കിലേ അറിവിന്‍െറ ശരിയായ ഉപയോഗം നടക്കൂ. അല്ളെങ്കില്‍, സംസ്കാരത്തിന്‍െറ സര്‍വനാശമായിരിക്കും ഫലം.
അറിവിന്‍െറ പ്രഥമ ഉപാധിയായ വായനയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഖുര്‍ആന്‍െറ അവതരണം ആരംഭിക്കുന്നത് (96:1 -5 ). രണ്ടാം അധ്യായത്തിന്‍െറ തുടക്കവും പേനതന്നെ (68: 1). മനുഷ്യനെ പൂര്‍ണതയിലേക്ക് ഉയരാന്‍ സഹായിക്കുന്ന, ശിക്ഷണത്തിന്‍െറ അടിസ്ഥാന ഉപാധികളായ വായന, പേന എന്നിവയെക്കുറിച്ച ഈ പരാമര്‍ശങ്ങള്‍ അത്യന്തം ശ്രദ്ധേയമത്രെ. ഈ സൂക്തങ്ങള്‍ അവതരിക്കുന്ന കാലത്തെ അറേബ്യയുടെ സര്‍വതോമുഖമായ സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്പോള്‍ വിശേഷിച്ചും. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-ധാര്‍മിക -സദാചാര രംഗങ്ങളെല്ലാം അത്യന്തം ദയനീയമായിരുന്നു അന്ന്. എന്നിട്ടും അവയിലേതെങ്കിലുമൊന്നിനെ വിമര്‍ശിക്കുന്നതിനു പകരം പരിവര്‍ത്തനത്തിന്‍െറ മുന്നുപാധികളായ അറിവിനെയും വിജ്ഞാന സമ്പാദനത്തെയും ഊന്നിക്കൊണ്ടായിരുന്നു ഖുര്‍ആന്‍െറ അവതരണം.
പരമ്പരാഗത വിജ്ഞാനത്തിന്‍െറ പരിമിത വൃത്തത്തില്‍ മാത്രം ഖുര്‍ആന്‍ അതിന്‍െറ അനുയായികളെ ഒതുക്കിനിര്‍ത്തുന്നില്ല. പ്രത്യുത, പ്രതിനിമിഷ വികസ്വരമായ നാഗരികതക്കൊപ്പം സഞ്ചരിക്കാന്‍ പാകത്തില്‍ അറിവിന്‍െറ പുതിയ ചക്രവാളങ്ങളിലേക്ക് കടക്കാന്‍ അത് ആഹ്വാനം ചെയ്യുന്നു. ഇന്നലെ മനസ്സിലാക്കിയതിനെക്കാള്‍ കൂടുതല്‍ ഇന്ന്. ഇന്ന് അറിയാന്‍ കഴിഞ്ഞതിനെക്കാള്‍ ഏറെ നാളെ. അറിവാര്‍ജിക്കുന്നതിനുള്ള അനന്ത സാധ്യതകള്‍ അത് തുറന്നിട്ടിരിക്കുന്നു. മനുഷ്യബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തി, ഭൂമിയിലും ആകാശത്തും ചക്രവാളങ്ങളിലും പ്രപഞ്ചത്തിലാകെയും ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ജ്ഞാനത്തിന്‍െറ അനര്‍ഘ മുത്തുകള്‍ പെറുക്കിയെടുക്കാന്‍ മുന്നോട്ടു വരുന്നവരെ അത് ശ്ളാഘിക്കുന്നു. പ്രവാചകനോട് ഖുര്‍ആന്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ പറഞ്ഞു: ‘നാഥാ! എനിക്കു നീ അറിവു വര്‍ധിപ്പിച്ചുതരേണമേ’ (20: 114).
പ്രവാചകന്‍െറ അനുചരന്മാരും അവരെ തുടര്‍ന്നുവന്ന പൂര്‍വകാല മുസ്ലിംകളും വിജ്ഞാനത്തോടുള്ള ഇസ്ലാമിന്‍െറ ഈദൃശ സമീപനം ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടിരുന്നു. അദ്ഭുതകരമായ മാറ്റങ്ങളാണ് അതേതുടര്‍ന്ന് ലോകം ദര്‍ശിച്ചത്. ഖുര്‍ആനെ കേന്ദ്രബിന്ദുവാക്കി അവര്‍ എണ്ണമറ്റ വിജ്ഞാന ശാഖകളും ശാസ്ത്ര തത്ത്വങ്ങളും വികസിപ്പിച്ചെടുത്തു. ഇന്നു നാം കാണുന്ന അനേകം വിജ്ഞാന ശാഖകളും അവയുടെ ശാഖോപശാഖകളും ഒക്കെ ഖുര്‍ആനെ ഉപജീവിച്ച് വളര്‍ന്നുവന്നവയാണ്. വിജ്ഞാന പോഷണത്തിന് മൊത്തത്തില്‍ എല്ലാ മതങ്ങളും ഊര്‍ജം പകര്‍ന്നിരുന്നുവെങ്കിലും ഇസ്ലാമിന്‍െറ സംഭാവന അവയിലേറ്റം മികച്ചുനില്‍ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.