സെന്‍കുമാറിനെ മാറ്റിയ നടപടി ചട്ടലംഘനമെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡല്‍ഹി: ഡി.ജി.പി ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ എൽ.ഡി.എഫ് സര്‍ക്കാര്‍ നടപടി ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സെന്‍കുമാറിന്‍റെ പരാതി പരിഗണിക്കുന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് വര്‍ഷമെങ്കിലും പദവിയിൽ തുടരണമെന്നാണ് ചട്ടമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റി.
ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ പദവിയിൽ നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേന്ദ്രം അറിയിച്ചു. രണ്ട് വര്‍ഷത്തിന് മുമ്പ് ഉദ്യോഗസ്ഥനെ മാറ്റണമെങ്കിൽ ഒരു കമീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ചട്ടം പറയുന്നത്. എന്നാല്‍, സെൻകുമാറിന്‍റെ കാര്യത്തിൽ ഈ നടപടി പാലിക്കപ്പെട്ടില്ലെന്ന് അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. സ്ഥാനം മാറ്റുന്നതിൽ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കാനാണ് ഈ ചട്ടം കോടതി നിര്‍ദേശിച്ചതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിലേറിയതിന് പിന്നാലെയാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്. ഇതേതുടർന്ന് സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.