ഉമ്മൻചാണ്ടിക്കും ആര്യാടനുമെതിരെ കേസെടുക്കേണ്ട- ഹൈകോടതി
text_fieldsകൊച്ചി: സോളാർ കേസ് പ്രതി സരിത.എസ്.നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻമന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂർ വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. പത്രവാർത്തയുടെ അടിസ്ഥാനത്തിലുള്ള സ്വകാര്യവ്യക്തിയുടെ ഹരജി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ബി.കെമാൽപാഷ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധികളുടെ ലംഘനമാണ് വിജിലൻസ് കോടതി ഉത്തരവെന്നും ഇത് തിടുക്കത്തിലായിപ്പോയതായും ഹൈകോടതി നിരീക്ഷിച്ചു. പോസ്റ്റ് ഒാഫീസിൻെറ ചുമതല അല്ല വിജിലൻസ് നിർവഹിക്കേണ്ടത്. ത്വരിതപരിശോധന നടത്തിയശേഷം അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. എന്നാൽ അതുണ്ടായില്ല. ആരോപണമുന്നയിച്ച സരിതക്ക് കോടതിയെ സമീപിക്കാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സരിത സോളാർ കമീഷന് മുമ്പാകെയാണ് മൊഴി നൽകിയത്. അതിൻെറ അടിസ്ഥാനത്തുള്ള പരാതിയിൽ സോളാർ കമീഷനാണ് കേസെടുക്കാൻ ഉത്തരവിടേണ്ടതെന്നും ഹൈകോടതി വ്യക്തമാക്കി.
ഉമ്മൻചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപയും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് സരിത സോളാർ കമീഷന് മുമ്പാകെ നൽകിയ മൊഴിയാണ് കേസിനാധാരം. കേസിലെ വിജിലന്‍സ് അന്വേഷണം ഹൈകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. വിജിലന്‍സ് ജഡ്ജി എസ്.എസ് വാസനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, വിജിലന്‍സ് കോടതിയുടെ സമീപനം ഹൈകോടതി ഭരണനിര്‍വഹണ വിഭാഗം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രൂക്ഷ വിമര്‍ശമാണ് വാസന്‍റെ ഉത്തരവിനെതിരെ ഹൈകോടതി അന്ന് നടത്തിയത്. പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മതിയായ തെളിവുകളില്ലാതെ നിരുത്തരവാദപരമായ ഉത്തരവാണ് വിജിലന്‍സ് കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് പി. ഉബൈദ് അന്ന് വ്യക്തമാക്കിയിരുന്നു. സ്വന്തം അധികാര പരിധി പോലും ജഡ്ജിക്ക് അറിയില്ലെന്നും ഇങ്ങനെ ഒരു ജഡ്ജിയെ കൊണ്ട് എങ്ങനെ മുന്നോട്ടു പോകാനാവുമെന്നും പി. ഉബൈദ് ചോദിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ വാസന്‍ സ്വയം വിരമിക്കലിന് ഹൈകോടതി മുമ്പാകെ അപേക്ഷ നല്‍കി. പിന്നീട് ഈ തീരുമാനം പിൻവലിച്ച വാസനെ തിരുവനന്തപുരം എം.എ.സി.ടി ജഡ്ജിയായി സ്ഥലംമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.