പെരിയാര്‍ കടുവ സങ്കേതത്തില്‍ തിരച്ചില്‍ തുടരുന്നു; ഇക്കോ ടൂറിസം പരിപാടികള്‍ നിര്‍ത്തി
text_fieldsകുമളി: ആനകളുടെ ജഡങ്ങള്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദേശപ്രകാരം പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ വിവിധ സംഘങ്ങള്‍ തിരച്ചില്‍ തുടരുന്നു.വനമേഖല മുഴുവന്‍ തിരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ കടുവ സങ്കേതത്തില്‍ നടത്തിവന്ന മുഴുവന്‍ ഇക്കോ ടൂറിസം പരിപാടികളും ജൂണ്‍ 30 വരെ നിര്‍ത്തിവെച്ചു. മുഴുവന്‍ ജീവനക്കാരും വിവിധ സംഘങ്ങളായാണ് തിരച്ചില്‍ നടത്തുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിലെ വെസ്റ്റ് ഡിവിഷനില്‍ ഉള്‍പ്പെട്ട അഴുത, പമ്പ റേഞ്ചുകളില്‍ മൂന്ന് ആന ചരിഞ്ഞ സംഭവം ‘മാധ്യമം’ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പ് വിജിലന്‍സ് ചീഫ് കണ്‍സര്‍വേറ്റര്‍ ജോഷിയുടെ നേതൃത്വത്തില്‍ തേക്കടിയില്‍ പെരിയാര്‍ ഈസ്റ്റ്-വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഉന്നത വനപാലകര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.
ഇതിനുപിന്നാലെയാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ബി.എസ്. ഖോറി അന്വേഷണത്തിന് ഉത്തരവിട്ടത്. പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ തേക്കടിയില്‍ 30ഉം പെരിയാര്‍ റേഞ്ചില്‍ 70 ഉം വള്ളക്കടവ് റേഞ്ചില്‍ 40ഉം പേര്‍ ഉള്‍പ്പെട്ട സംഘങ്ങളായാണ് തിരച്ചില്‍. ഈസ്റ്റ് ഡിവിഷനൊപ്പം വെസ്റ്റ് ഡിവിഷനില്‍ ആനകളുടെ ജഡങ്ങള്‍ കണ്ടത്തെിയ പമ്പ, അഴുത റേഞ്ചുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്. വനപാലകര്‍ മുഴുവന്‍ വനമേഖലയിലെ പരിശോധനയില്‍ സജീവമായതോടെയാണ് തേക്കടി, വള്ളക്കടവ് എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവന്ന ഇക്കോ ടൂറിസം പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.