സ്വാശ്രയ എന്‍ജി. പ്രവേശം: മൂന്ന് കോളജില്‍ക്കൂടി കുറഞ്ഞ ഫീസില്‍ പ്രവേശം
text_fieldsതിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശത്തില്‍ തര്‍ക്കം നിലനില്‍ക്കെ മൂന്ന് കോളജില്‍ക്കൂടി കുറഞ്ഞ ഫീസ് നിരക്കില്‍ വിദ്യാര്‍ഥിപ്രവേശത്തിന് സന്നദ്ധരായി സര്‍ക്കാറിനെ സമീപിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, എറണാകുളം നോര്‍ത് പറവൂര്‍ മാതാ കോളജ് ഓഫ് ടെക്നോളജി, ചേര്‍ത്തല കെ.ആര്‍. ഗൗരിയമ്മ കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവയാണ് കുറഞ്ഞ ഫീസില്‍ പ്രവേശത്തിന് സന്നദ്ധരായത്. നേരത്തേ ഇതിന് സന്നദ്ധത അറിയിച്ച 55 കോളജുകള്‍ക്ക് പുറമെയാണിത്.ഇതില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കോളജിലെ 50 ശതമാനം സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ 35,000 രൂപയും 35 ശതമാനം മാനേജ്മെന്‍റ് സീറ്റില്‍ 65,000 രൂപയുമായിരിക്കും ഫീസ്.
മാതാ കോളജിലും ഗൗരിയമ്മ കോളജിലും 50 ശതമാനം മെറിറ്റ് സീറ്റില്‍ 50,000 രൂപ വീതമായിരിക്കും ഫീസ്. ഈ കോളജുകള്‍ക്ക് കുറഞ്ഞ ഫീസ് നിരക്ക് ബാധകമാക്കി പ്രവേശപരീക്ഷാ കമീഷണര്‍ ഉത്തരവ് നല്‍കി. ഓണ്‍ലൈന്‍ ഓപ്ഷന്‍ സമര്‍പ്പണവേളയില്‍ വിദ്യാര്‍ഥികള്‍ കോളജ്, കോഴ്സ്, ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കണമെന്നും കമീഷണര്‍ അറിയിച്ചു. www.cee.kerala.gov.in വെബ്സൈറ്റിലൂടെ 28ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷന്‍ സമര്‍പ്പിക്കാം. അതേസമയം, സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്ക് പ്രവേശം നല്‍കേണ്ട പട്ടിക സംബന്ധിച്ച തര്‍ക്കത്തില്‍ മാനേജ്മെന്‍റ് അസോസിയേഷന്‍െറ യോഗം ഞായറാഴ്ച കൊച്ചിയില്‍ ചേരും. യോഗതീരുമാനപ്രകാരം തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുമായി അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. ഇവര്‍ക്ക് കരാര്‍ ഒപ്പുവെക്കാന്‍ ദീര്‍ഘിപ്പിച്ചുനല്‍കിയ സമയവും അന്ന് അവസാനിക്കുകയാണ്.
പ്രവേശപരീക്ഷയുടെ പ്രീ-നോര്‍മലൈസേഷന്‍ പട്ടികയില്‍നിന്ന് മാനേജ്മെന്‍റ് സീറ്റിലേക്ക് പ്രവേശാനുമതി വേണമെന്നാണ് ഒരുവിഭാഗം മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, നോര്‍മലൈസേഷനുശേഷം തയാറാക്കുന്ന റാങ്ക് പട്ടികയില്‍നിന്ന് മാത്രമേ പ്രവേശം അനുവദിക്കൂ എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലേ പ്രവേശം നടത്താവൂ എന്ന സുപ്രീംകോടതി വിധിയും ജസ്റ്റിസ് ജയിംസ് കമ്മിറ്റി ഉത്തരവും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കോളജുകള്‍ കോടതി അലക്ഷ്യനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.